

തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. രാവിലെ ഒമ്പതിന് ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയെ അഭിസംബോധന ചെയ്യും. പത്ത് വർഷത്തിന് ശേഷം അധികാരത്തിൽ വന്ന യു.ഡി.എഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് ഇന്ന് ഗവർണർ നടത്തുക.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യു.ഡി.എഫ് പ്രഖ്യാപിച്ച ഗ്യാരണ്ടികളിലൂന്നിയായിരിക്കും നയങ്ങൾ. ഈ വാഗ്ദാനങ്ങൾ എങ്ങനെ നടപ്പിലാകും എന്നതിന്റെ സൂചനയാകും നയപ്രഖ്യാപനത്തിലൂടെ വ്യക്തമാകുക.
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ സൌജന്യ യാത്ര, പെൻഷൻ വർധന, ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പ് അടക്കമുള്ള ഇന്ദിരാ ഗ്യാരണ്ടികൾ നയപ്രഖ്യാപനത്തിൽ ഉൾപ്പെട്ടേക്കും.
ദേശീയപാത നിർമാണം പൂർത്തിയാക്കൽ, വിഴിഞ്ഞം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ, ഉന്നതവിദ്യാഭ്യാസ മേഖലയിലെ മുന്നോട്ട് പോക്ക്, പിന്നോക്ക വിഭാഗങ്ങൾക്ക് നൽകേണ്ട പിന്തുണകൾ എന്നിങ്ങനെയുള്ള വിഷയങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന. റദ്ദാക്കിയ സിൽവർ ലൈനിന്‍ പകരം പുതിയ പദ്ധതി ഉണ്ടാകുമോയെന്നും ഇന്നറിയാം.
കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്നത് ജൂൺ 15-ാം തീയതി മുതൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആദ്യ കാബിനറ്റ് യോഗത്തിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. അത് എങ്ങനെയാവും നടപ്പാക്കുക എന്നതിന് നയപ്രഖ്യാപനത്തിൽ വ്യക്തതയുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
ആശാവർക്കർമാർക്ക് 3000 രൂപ വർധിപ്പിച്ചുള്ള തീരുമാനവും പ്രഖ്യാപിച്ചിരുന്നു. 21,000 രൂപ മാസശമ്പളമായി വേണം എന്നതായിരുന്നു ആവശ്യം എന്നിരിക്കെ എത്ര ഘട്ടമായാവും കൂട്ടിക്കൊടുക്കുക, എങ്ങനെയാണ് വർധനവ് നടപ്പിലാക്കുക എന്നതിനെ സംബന്ധിച്ചും നയപ്രഖ്യാപനത്തിൽ സൂചനയുണ്ടായേക്കും.
കോളജ് വിദ്യാർഥിനികൾക്ക് മാസം 1000 രൂപ വച്ച് നൽകുന്നതടക്കമുള്ള വലിയ വാഗ്ദാനങ്ങളാണ് ഇന്ദിരാ ഗ്യാരണ്ടിയിലുള്ളത്. ഇത് എപ്പോൾ മുതൽ നടപ്പാക്കും, എങ്ങനെ നടപ്പാക്കും എന്നതും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയേക്കാം.
രാവിലെ 8.55 ഓടെ സഭയിലെത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും ചേർന്ന് സ്വീകരിക്കും. നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉണ്ടാകുമോ എന്നതിലും ആകാംഷയുണ്ട്.
English Summary: V. D. Satheesan government's first policy address will be presented today. Governor Rajendra Arlekar will address the Assembly at 9 AM. This will be the first policy address of the United Democratic Front government after returning to power following a decade. The policies are expected to be based on the guarantees promised by the UDF during the election campaign, and the address is likely to indicate how these promises will be implemented.