

ഒരു പതിറ്റാണ്ട് നീണ്ട പിണറായി വിജയന്‍ സര്‍ക്കാരുകളുടെ ഭരണത്തിന് ശേഷം കേരളത്തില്‍ അധികാരത്തില്‍ എത്തിയ വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് നൂറ് ദിവസം പൂര്‍ത്തിയാക്കുന്നു. പുതുയുഗ കേരളം പുതുചരിത്രം എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിന്റെ 100 ദിനങ്ങള്‍ വലിയ ആഘോഷമാക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. സത്യപ്രതിജ്ഞ മുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങളും വിവാദങ്ങളും നിറഞ്ഞു നിന്ന നൂറ് ദിവസങ്ങളാണ് കടന്നു പോകുന്നത്.
മുഖ്യമന്ത്രി പദവിക്കായുള്ള മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു വി ഡി സതീശന്‍ അധികാരമേറ്റത്. സുതാര്യമായ ഭരണം വാഗ്ദാനം ചെയ്ത് നൂറ് ദിന കര്‍മ പദ്ധതികള്‍ പ്രഖ്യാപിച്ചായിരുന്നു വി ഡി സതീശന്‍ സര്‍ക്കാരിന്റെ തുടക്കം. ജൂലൈ 1 മുതല്‍ ഓക്ടോബര്‍ 9 വരെയുള്ള നൂറ് ദിനങ്ങളിലേക്ക് 1688 പദ്ധതികളാണ് ഇത് പ്രകാരം പൂര്‍ത്തിയാക്കേണ്ടത്, ഇതുവരെ 547 പദ്ധതികള്‍ പൂര്‍ത്തിയാക്കി. 49 ദിവസമാണ് ഇനി ബാക്കിയുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുള്ളത്.
സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തേക്കായി 541 പദ്ധതികള്‍ ആയിരുന്നു പ്രഖ്യാപിച്ചത്. ഓരോ 20 ദിവസത്തിലും പദ്ധതികളുടെ പുരോഗതി വിലയിരുത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പിന്നീട് ഔദ്യോഗിക 100-ദിന പോര്‍ട്ടലില്‍ പദ്ധതികളുടെ എണ്ണം 602 ആയും രേഖപ്പെടുത്തി. 50 വകുപ്പുകളിലായി 602 പദ്ധതികളും 1,550 പദ്ധതി ഘടകങ്ങളുമാണ് നിലവിലെ പട്ടികയിലുള്ളത്.
തൊഴില്‍, വരുമാനം, ഉപജീവനം, അടിസ്ഥാന സൗകര്യ വികസനം, സ്ത്രീകള്‍, വയോജനങ്ങള്‍, കുട്ടികള്‍ എന്നിവര്‍ക്കുള്ള ക്ഷേമപദ്ധതികള്‍, മനുഷ്യ-വന്യജീവി സംഘര്‍ഷം, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായവും നിക്ഷേപവും തുടങ്ങിയ മേഖകള്‍ക്ക് ഊന്നല്‍ നല്‍കുന്നതായിരുന്നു പ്രഖ്യാപനങ്ങള്‍.
കയ്യടി നേടിയ പ്രഖ്യാപനങ്ങള്‍
പ്രിയദര്‍ശിനി പദ്ധതി എന്ന പേരില്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പാക്കിയ തീരുമാനമാണ് വി ഡി സതീശന്‍ സര്‍ക്കാരിന്റെ കയ്യടി നേടിയ പ്രഖ്യാപനങ്ങളില്‍ പ്രധാനം. സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തെ പ്രധാന ജനകീയ തീരുമാനമായി ഇത് വിലയിരുത്തപ്പെടുന്നു.
പിണറായി സര്‍ക്കാരിനെതിരെ ജനരോഷം ഉയര്‍ത്തിയ ആശാ വര്‍ക്കര്‍മാരുടെ സമരത്തോട് പുതിയ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയും ആദ്യ പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെട്ടു. ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ചത് സര്‍ക്കാരിന്റെ മറ്റൊരു പ്രധാന ക്ഷേമനടപടിയി ഉയര്‍ത്തിക്കാട്ടപ്പെട്ടു.
സംസ്ഥാനത്ത് പ്രത്യേക വയോജന വകുപ്പ് രൂപീകരിക്കാനുള്ള തീരുമാനം സര്‍ക്കാരിന്റെ പ്രധാന സാമൂഹിക നയപരമായ ഇടപെടലുകളില്‍ ഒന്നായി. കേരളത്തിന്റെ വേഗത്തില്‍ പ്രായമേറുന്ന ജനസംഖ്യയെ പരിഗണിച്ചുള്ള നീക്കമാണിത്.
'ന്യൂ ഏജ് കേരള' നിക്ഷേപവും സാമ്പത്തിക പരിഷ്‌കാരവും - സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തല്‍, സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കല്‍ തൊഴില്‍ സൃഷ്ടിക്കല്‍, വിദേശത്തേക്കുള്ള യുവാക്കളുടെ കുടിയേറ്റം കുറയ്ക്കല്‍, വയോജന ജനസംഖ്യയെ നേരിടാനുള്ള നയങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നതാണ് ന്യൂ ഏജ് കേരള.
ഓപ്പറേഷന്‍ തൂഫാന്‍
സംസ്ഥാനത്തെ ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ് നടത്തുന്ന ഓപ്പറേഷന്‍ തൂഫാന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഏ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ പതിനായിരത്തില്‍ അധികം പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ഒന്‍പതിനായിരം പിന്നിട്ടു. ആയിരം കിലോയില്‍ അധികം കഞ്ചാവും എട്ട് കിലോയില്‍ അധികം എംഡിഎംഎയും പിടിച്ചെടുത്തതായും അധികൃതര്‍ അറിയിച്ചു.
സാമ്പത്തിക മാറ്റത്തിന്റെ സൂചന നല്‍കി ആദ്യ ബജറ്റ്
മുന്‍ സര്‍ക്കാരിന്റെ നടപടികള്‍ സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിക്കിയെന്ന് അരോപിക്കുന്ന ധവള പത്രം പുറത്തിറക്കിയായിരുന്നു ധനമന്ത്രി കൂടിയയായ വിഡി സതീശന്‍ ഭരണം ആരംഭിച്ചത്. പിന്നാലെ അവതരിപ്പിച്ച 2026-27 വര്‍ഷത്തേക്കുള്ള ആദ്യ ബജറ്റില്‍ സാമ്പത്തിക അച്ചടക്കത്തിനും സ്വകാര്യ മേഖലയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനസ്ഥിതിയില്‍ വലിയ മാറ്റം ആവശ്യമാണെന്ന് സര്‍ക്കാര്‍ വാദിച്ചു. ഇതോടൊപ്പം നികുതി, ഫീസ്, വരുമാന വര്‍ധന സംബന്ധിച്ച ചര്‍ച്ചകളും ഉയര്‍ന്നു.
വിവാദം ക്ഷണിച്ചുവരുത്തിയ പ്രഖ്യാപനങ്ങള്‍
ആദ്യ ബജറ്റിലെ ഏറ്റവും വിവാദമായ തീരുമാനങ്ങളില്‍ ഒന്നായിരുന്നു വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള നിര്‍ദേശം. കോണ്‍ഗ്രിന് ഉള്ളില്‍ നിന്നുപോലും ഇതിനെതിരെ എതിര്‍പ്പുയര്‍ന്നു.
മിനറല്‍ സാന്‍ഡ് ഖനനത്തില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കാനുള്ള നിര്‍ദേശവും വലിയ രാഷ്ട്രീയ വിവാദമായി. പരിസ്ഥിതി സംരക്ഷണം, സ്വാഭാവിക വിഭവങ്ങളുടെ നിയന്ത്രണം, സ്വകാര്യവല്‍ക്കരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി.
സതീശന്‍ സര്‍ക്കാരും ആര്‍എസ്എസ് അജണ്ടയും
യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നു എന്ന ആരോപണമാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഉയര്‍ന്ന ഏറ്റവും പ്രധാനമായ രാഷ്ട്രീയ ആരോപണം. സത്യ പ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചത് മുതല്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി പുറത്തിറങ്ങിയ വന്ദേ മാതരം ഉത്തരവ് വരെ ഇതില്‍ ഉള്‍പ്പെടുന്നു.
വിദ്യാഭ്യാസ മേഖല സംഘപരിവാര്‍ ആശയങ്ങള്‍ക്ക് ഇടം കൊടുത്തു എന്നതാണ് മറ്റൊരു ആക്ഷേപം. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടത്തിയ ക്വിസില്‍ വി ഡി സവര്‍ക്കറെ കുറിച്ചുള്ള ചോദ്യം ഉള്‍പ്പെട്ടതും വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നു.
പിഎം ശ്രീ പദ്ധതി
കേന്ദ്ര സര്‍ക്കാരിന്റെ പി എം ശ്രീ പദ്ധതി പിണറായി സര്‍ക്കാരിനെതിരെ വലിയ രാഷ്ട്രീയ ആയുധമാക്കിയായിരുന്നു യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അധികാരത്തില്‍ എത്തിയതിന് പിന്നാലെ പദ്ധതി നടപ്പാക്കേണ്ടി വരും എന്ന് നിലപാട് എടുത്തതോടെ വിഷയത്തില്‍ സര്‍ക്കാരിന്റെ യു ടേണായി വിലയിരുത്തപ്പെട്ടു. സ്‌കീമുമായി ബന്ധപ്പെട്ട് കേന്ദ്ര ഫണ്ട് കേരളത്തിന് ലഭിച്ചോ ഇല്ലയോ എന്നതിനെച്ചൊല്ലി സര്‍ക്കാര്‍ - പ്രതിപക്ഷ തര്‍ക്കമുണ്ടായി.
കാലവര്‍ഷ ദുരന്തത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും സര്‍ക്കാര്‍ തലത്തില്‍ പാളിച്ചയുണ്ടായെന്നും ആക്ഷേപം ഉയര്‍ന്നു.
പുനര്‍ജനി കേസ്
പ്രതിപക്ഷ നേതാവായിരുന്ന കാലം മുതല്‍ വി ഡി സതീശനെ ആരോപണ നിഴലില്‍ നിര്‍ത്തിയ പുനര്‍ജനി പദ്ധതിയിലെ സാമ്പത്തിക ക്രമക്കേട് ആരോപണം മുഖ്യമന്ത്രിയായ ശേഷവും ശക്തമായി ഉയര്‍ന്നിരുന്നു. എന്നാല്‍ വിജിലന്‍സ് അന്വേഷണത്തില്‍ സതീശനെതിരെ തെളിവ് കണ്ടെത്തിയില്ലെന്നും 2026 ജൂലൈ 30-ന് ആഭ്യന്തര വകുപ്പ് ക്ലീന്‍ചിറ്റ് പ്രഖ്യാപിച്ചതും വിവാദങ്ങള്‍ക്ക് വഴിവച്ചു.
The V D Satheesan-led UDF government in Kerala completes its first 100 days in office today, following a decade of Pinarayi Vijayan-led governments. The government is marking the milestone with celebrations under the theme “New Era Kerala, New History.” The first 100 days have been marked by the government’s oath-taking, a series of popular announcements and policy initiatives, as well as political controversies and debates. The completion of 100 days offers an early opportunity to assess the new government’s priorities, promises, achievements and challenges.