

തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി കിറ്റുകൾ വിതരണം ചെയ്യുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയതോടെ തൃശൂർ വാടാനപ്പള്ളിയിൽ വലിയ സംഘർഷാവസ്ഥ. വാടാനപ്പള്ളിയിലെ ചാംപ്യൻ സൂപ്പർ മാർക്കറ്റിൽ വിതരണത്തിനായി കിറ്റുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടിയതാണ് സംഘർഷത്തിന് കാരണമായത്.
ബിജെപി-കോൺഗ്രസ് പ്രവർത്തകർ സൂപ്പർ മാർക്കറ്റിന് മുന്നിൽ നേർക്കുനേർ നിലയുറപ്പിച്ചത് സംഘർഷത്തിന്റെ വ്യാപ്തി കൂട്ടി. സ്ഥാനാര്‍ഥി ടിഎൻ പ്രതാപൻ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഭവ സ്ഥലത്തുണ്ടായിരുന്ന ബിജെപി നോതാവ് കൂടിയായ നടൻ ദേവനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ സ്ഥാനാര്‍ഥിയെ തന്നെ അറസ്റ്റ് ചെയ്തത് കടുത്ത പ്രതിഷേധത്തിന് വഴിവച്ചു
ബിജെപി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുദ്രാവാക്യം വിളികളുമായി പരസ്പരെ കൊമ്പുകോര്‍ത്തു. കിറ്റുകള്‍ സൂക്ഷിച്ചിരിക്കുന്ന, എന്നാരോപിക്കുന്ന ഗോഡൗണിനു സമീപത്തെ കെട്ടിടത്തിൽ നിന്നും നടനും ബിജെപി നേതാവുമായ ദേവന്‍ മറ്റൊരു നേതാവായ ബഗീഷ് പൂരാടനും പുറത്തുവന്നതും സംഘര്‍ഷാവസ്ഥക്ക് ആക്കം കൂട്ടി. ബഗീഷ് പൂരാടന്റെ വാഹനം പോലീസ് പരിശോധിച്ചു. ഇലക്ഷന്‍ ഫ്‌ളയിങ് സ്‌ക്വാഡും സ്ഥലത്തെത്തി. ഗോഡൗണ്‍ ഉടമയില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. കണ്ടെടുത്ത കിറ്റുകള്‍ ഫ്‌ളയിങ് സ്‌ക്വാഡ് സീല്‍ ചെയ്തു. സൂപ്പര്‍മാര്‍ക്കറ്റ് ഉടമയായ പ്രവീണ്‍ ജിത്തിനെ കസ്റ്റഡിയിലെടുത്തു.
ഇന്നലെ സമാനമായ മറ്റൊരു വിവാദത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ 170(1)(1), 173 വകുപ്പുകളും ജനപ്രതിനിധിത്വ നിയമത്തിലെ 123(A)(1) വകുപ്പും പ്രകാരമുള്ള നിയമങ്ങള്‍ വെച്ച് കുറ്റം ചുമത്തുകയും തൃശൂര്‍ വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ദേവന്റെ പ്രതികരണം
കിറ്റ് വിതരണവുമായി തനിക്ക് ബന്ധമില്ലെന്നും കോണ്‍ഗ്രസുകാര്‍ കഥ കെട്ടിച്ചമക്കുകയാണെന്നും ദേവന്‍ പ്രതികച്ചു. പ്രചരണത്തിനിടെ സുഹൃത്തിന്റെ വീട്ടില്‍ വിശ്രമിക്കാന്‍ കയറിയതാണ് താനെന്നും ദേവന്‍ പറഞ്ഞു. ഒരു ദിവസത്തെ പ്രചരണ പരിപാടികളെല്ലാം രാവിലെ തന്നെ പ്ലാന്‍ ചെയ്തിട്ടുള്ള ബിജെപി നേതാവാണ് താനെന്നും, ഇന്നത്തേക്കുള്ള നാല് പരിപാടികളില്‍ മൂന്ന് പരിപാടികള്‍ കഴിഞ്ഞശേഷം അവസാന പരിപാടിക്കായി വാടാനപ്പള്ളിയിലെ സുഹൃത്തിന്റെ വീട്ടില്‍ വന്നതാണെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു. പോലീസിന്റെ അന്വേഷണത്തിനോട് പൂര്‍ണമായും സഹകരിക്കുമെന്നും ദേവന്‍ പറഞ്ഞു.
English Summary: Actor and BJP leader Devan was seen at the warehouse site in Thrissur where Congress alleged illegal storage and distribution of thousands of kits.