ജീവനേക്കാള്‍ വിലയുണ്ട് നീതിയ്‌ക്കെന്ന് കരുതുന്നവരുടെ പോരാട്ട കഥയാണ് 'വലതുവശത്തെ കള്ളന്‍'

കുറ്റവാളിയെ തേടിയുള്ള അന്വേഷണങ്ങളില്‍ നിരന്തരം വീഴ്ചകള്‍ വരുത്തിയ കുറ്റവാളിയിലേക്ക് പരിണമിച്ചൊരു പോലിസുകാരന്റെ ജീവിതത്തെ അയാളുടെ മനസാക്ഷി വേട്ടയാടാന്‍ തുടങ്ങുന്നു.
ജീവനേക്കാള്‍ വിലയുണ്ട് നീതിയ്‌ക്കെന്ന് കരുതുന്നവരുടെ പോരാട്ട കഥയാണ് 'വലതുവശത്തെ കള്ളന്‍'
Published on

പേരില്‍ തന്നെ ഉള്ളടക്കവും, കഥാന്ത്യത്തിലേക്ക് സഞ്ചരിക്കുമ്പോള്‍ ഉണ്ടാകേണ്ട ആകാംക്ഷയും, ഒളിപ്പിച്ചുവെച്ചൊരു അപസര്‍പ്പക ചലച്ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത 'വലതുവശത്തെ കള്ളന്‍'. പേരില്‍ മാത്രമല്ല, കഥാന്ത്യത്തിലും ബൈബിള്‍ സ്വാധീനം പ്രകടമായുള്ള ഈ ചിത്രം, മരിച്ചവര്‍ക്കുള്ള നീതിക്കായി ജീവിച്ചിരിക്കുന്നവര്‍ പോരാടേണ്ടതിന്റെ ആവശ്യകതയെ ഓര്‍മ്മപ്പെടുത്തുന്നു. നിയമത്തെ മറികടന്ന് സമൂഹത്തില്‍ നീതി നടപ്പിലാക്കാന്‍ ചാവേറുകള്‍ പിറവിയെടുക്കാറുണ്ട്. ഈ ചാവേറുകള്‍ക്ക് നേരിടേണ്ടി വരുന്നത് അധികാര സ്ഥാനത്തിരിക്കുന്നവരുടെ വലതുവശത്തെ കള്ളന്മാരോ കൊലപാതകികളോ ആണെന്നത് സകലകാലത്തുമുള്ള ആവര്‍ത്തനമാണ്. ജീവിതത്തിലും കഥകളിലും സിനിമകളിലും കുറ്റവാളികള്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യങ്ങളുടെ ആവിഷ്‌ക്കാരം ആവര്‍ത്തന വിരസതയുടെ ക്ലീഷേ കാഴ്ചയായി തോന്നുമെങ്കിലും, ഈ ചടുലത ഇല്ലായ്മയൊരു ന്യൂനതയല്ല മേന്മയാണ് 'വലതുവശത്തെ കള്ളന്‍' എന്ന ചിത്രത്തിന്. ഈയൊരു നിരീക്ഷണത്തിന് ആധാരം നിഗൂഢതയ്ക്കും ആകാംക്ഷയ്ക്കും ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ വാക്കുകളാണ്, 'Mystery is when the spectator knows less than the characters in the movie. Suspense is when the spectator knows more than the characters in the movie.'

'വലതുവശത്തെ കള്ളന്‍' എന്ന ചിത്രത്തിലെ കൊലയാളി (Psychopath Killer) രൂപപ്പെട്ട സാഹചര്യം 'സിഗപ്പു റോജാക്കള്‍' (Sigappu Rojakkal, തമിഴ്, 1987, സംവിധാനം; ഭാരതിരാജ) മുതല്‍ ജിത്തു ജോസഫിന്റെ തന്നെ 'മെമ്മറീസ്' (2013) അടക്കം നിരവധി സിനിമകളിലേത് പോലെ ഭൂതകാലത്തിലെ തിക്താനുഭവങ്ങളാണെന്നത് കുറ്റാന്വേഷണ കഥകളുടെ പരമ്പരാഗത വഴിയെയുള്ള സഞ്ചാരമായി മാറുന്നു. കഥപറച്ചിലിലും പാത്രസൃഷ്ടിയിലും ഈ പാരമ്പര്യ വഴി തുടരുമ്പോഴും, ടോക്‌സിക് പാരന്റിങ്ങിന്റെ ഇരയായി കുറ്റവാളികള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നുള്ള വര്‍ത്തമാനകാല യാഥാര്‍ത്യത്തിലേക്കുള്ള പുതുവഴി കൂടി ഇവിടെ സാധ്യമാകുന്നു. കുറ്റവാളികളെ സൃഷ്ടിക്കുന്ന ക്ലീഷേ എന്ന് തോന്നിപ്പിക്കുന്ന സാഹചര്യങ്ങളുടെ ആവിഷ്‌ക്കാരം മൂലം സംഭവിക്കുന്ന ആഖ്യാനത്തിലെ ചടുലത ഇല്ലായ്മയ്ക്ക് കാരണം, അനീതിയോട് സമരസപ്പെട്ട കേന്ദ്രകഥാപാത്രത്തിന്റേയും പ്രേക്ഷകന്റേയും മനസ്സിന്റെ പ്രതിഫലനമാണ്. കുറ്റവാളിയായൊരു പോലിസ് ഉദ്യോഗസ്ഥനെ കുറ്റബോധം കൊണ്ട് ഉള്ളുനീറ്റിച്ച് നീതിയിലേക്ക് വഴി നടത്താന്‍, നീതിബോധമുള്ളൊരു ചാവേര്‍ കുടുംബം എടുക്കുന്ന വിപ്ലവത്തിനുള്ള കാലദൈര്‍ഘ്യം കൂടിയാണ് ഡിനു തോമസ് ഇലന്റെ (Dinu Thomas E-elan) തിരക്കഥയുടെ ഈ മന്ദതാളത്തിനുള്ള കാരണം.

തിരക്കഥയുടെ ആത്മാവ് ഉള്‍ക്കൊണ്ട് നിറഞ്ഞാടുന്ന പ്രകടനമാണ് കേന്ദ്രകഥാപാത്രമായ ആന്റണി സേവിയറായി (Antony Xavier) ബിജുമേനോന്‍ നടത്തിയിട്ടുള്ളത്. കുറ്റവാളിയെന്ന് പ്രേക്ഷകര്‍ സംശയിക്കുന്ന പോലിസ് ഉദ്യോഗസ്ഥനായി ബിജു മേനോന്‍ ഏറെ സൂക്ഷ്മതയോടെ തിരശീലയില്‍ പകര്‍ന്നാടിയിട്ടുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 'തലവന്‍' (2024, സംവിധാനം; ജിസ് ജോയ്) സിനിമയിലെ ജയശങ്കര്‍ എന്ന പോലിസുകാരന്‍ നേരിട്ട പ്രതിസന്ധിയ്ക്ക് സമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോളും തന്റെ തന്നെ സമാനസ്വഭാവമുള്ള കഥാപാത്രത്തില്‍ നിന്നും വേറിട്ടുനില്‍ക്കാന്‍ ബിജു മേനോന്റെ അലക്‌സ് സേവിയറിന് കഴിയുന്നുണ്ട്. ബിജു മേനോന്‍ സൂക്ഷ്മാഭിനയത്തിന്റെ സങ്കീര്‍ണതകളെ തന്റെ കഥാപാത്രങ്ങളിലേക്ക് സന്നിവേശിപ്പിച്ചതിന്റെ മനോഹരമായ മാതൃകകളിലൊന്നായി അലക്‌സ് സേവിയര്‍ മാറുന്നു. ബിജു മേനോനില്‍ മാത്രമല്ല ജോജു ജോര്‍ജിന്റെ സാമുവല്‍ ജോസഫിലും ഈ സൂക്ഷ്മാഭിനയത്തിന്റെ ഈ മാജിക് ദര്‍ശിക്കാനാകും. പ്രിയപ്പെട്ടവരുടെ മരണത്തിന് നീതി തേടി ഏതറ്റം വരെയും പോകുന്ന നായകനെന്നത് 'ജോസഫ്' (2018, സംവിധാനം; എം.പത്മകുമാര്‍) സിനിമ മുതല്‍ ഭൂരിപക്ഷം ജോജു ജോര്‍ജ് കഥാപാത്രങ്ങളിലും ആവര്‍ത്തിച്ച് വരുന്നൊരു കാര്യമായി കണക്കാക്കാം. പാത്രസൃഷ്ടിയിലെ വാര്‍പ്പ് മാതൃകകള്‍ പിന്തുടരുന്ന കഥാപാത്രങ്ങളാണ് സാമുവല്‍ ജോസഫും ആന്റണി സേവിയറുമെങ്കിലും ഈ പരിമിതിയെ ജോജു ജോര്‍ജും, ബിജു മേനോനും പ്രകടന മികവിനാല്‍ മറികടക്കുന്നുണ്ട്. ഇരുവരുടേയും മത്സരിച്ചുള്ള അഭിനയമാണ് 'വലതുവശത്തെ കള്ളന്‍' സിനിമയുടെ ജീവന്‍. ലെനയുടെ തെരേസ സാമുവല്‍, ലിയോണയുടെ ASI വിദ്യ ശേഖര്‍, ഇര്‍ഷാദിന്റെ ഹെഡ്‌കോണ്‍സ്റ്റബിള്‍ ജോണി എന്നീ കഥാപാത്രങ്ങളും പ്രകടന മികവിനാല്‍ ശ്രദ്ധേയമാണ്. മേലധികാരിയെ അനുസരിക്കേണ്ടി വരുമ്പോഴും തങ്ങളുടെ നീരസം സൂക്ഷ്മമായി പ്രകടിപ്പിക്കുന്ന ASI വിദ്യ ശേഖറും, ഹെഡ്‌കോണ്‍സ്റ്റബിള്‍ ജോണിയും, പോലിസുകാർക്കിടയിലെ മൂല്യബോധം, അധികാരത്തിന് സമരസപ്പെടുന്നതിന്റെ നേര്‍ച്ചിത്രമായി മാറിയിട്ടുണ്ട്.

'നിന്റെ പുത്രനാല്‍ നീ വിചാരണ ചെയ്യപ്പെടും' എന്ന ബൈബിള്‍ വചനം പോലെ, താന്‍ ചെയ്തുപോയ കുറ്റകൃത്യങ്ങള്‍ അയാളെ വിചാരണ ചെയ്യുന്നു.

കുറ്റവാളിയെ തേടിയുള്ള അന്വേഷണങ്ങളില്‍ നിരന്തരം വീഴ്ചകള്‍ വരുത്തിയ കുറ്റവാളിയിലേക്ക് പരിണമിച്ചൊരു പോലിസുകാരന്റെ ജീവിതത്തെ അയാളുടെ മനസാക്ഷി വേട്ടയാടാന്‍ തുടങ്ങുന്നു. 'നിന്റെ പുത്രനാല്‍ നീ വിചാരണ ചെയ്യപ്പെടും' എന്ന ബൈബിള്‍ വചനം പോലെ, താന്‍ ചെയ്തുപോയ കുറ്റകൃത്യങ്ങള്‍ അയാളെ വിചാരണ ചെയ്യുന്നു. ചെയ്തുപോയ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള പാപബോധം തന്നെ വേട്ടയാടാന്‍ തുടങ്ങുന്നതോടെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് കുറ്റവാളിയായ പോലിസുകാരന്‍ കീഴടങ്ങുന്നു. ഈ കീഴടങ്ങലിലേക്ക് അയാളെ നയിക്കുന്നതാവട്ടെ നീതിയ്ക്കായി ആത്മാഹുതി ചെയ്യാമെന്ന് ചിന്തിക്കുന്ന അസാധാരണമായ നീതിബോധവും വിപ്ലവവീര്യവുമുള്ള ദമ്പതികളാണ്. ഏറെ സങ്കീര്‍ണമായ ഈയൊരു പ്രമേയത്തെ ജനപ്രിയ സിനിമകളുടെ രുചിക്കൂട്ട് ഉപയോഗിച്ച് ലളിതമായൊരു ക്രൈം ത്രില്ലര്‍ സിനിമയായി ആവിഷ്‌ക്കരിക്കാന്‍ ജിത്തു ജോസഫിന് കഴിഞ്ഞിട്ടുണ്ട്. കുറ്റവാളികളുടെ ബാല്യകാലവും അവരിലെ കുറ്റവാസനകളുടെ രൂപീകരണത്തിന് മാതാപിതാക്കളുടേയും സമൂഹത്തിന്റേയും പങ്കും ഈ ചിത്രം വളരെ വിശദമായി തന്നെ അടയാളപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. നീതിയ്ക്കായി പോരാടുന്ന മനുഷ്യര്‍ സ്വീകരിക്കുന്ന പ്രാണന്‍ വെടിഞ്ഞു കൊണ്ടുള്ള അസാധാരണമായ തീരുമാനങ്ങളുടെ സങ്കീര്‍ണതകളെ അപസര്‍പ്പക കഥയുടെ മിഴിവോടെ സംവിധായകന്‍ ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്.

അപസര്‍പ്പക കഥയുടെ രസച്ചരടില്‍ കോര്‍ത്തെടുക്കുമ്പോഴും കുറ്റബോധപ്പെടുന്നൊരു ക്രിമിനലായ പോലിസുകാരന്റെ മാനസിക വ്യാപാരങ്ങളെ ആഴത്തിലും സൂക്ഷ്മമായും വിലയിരുത്താനും ആവിഷ്‌ക്കരിക്കാനും സംവിധായകന്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. തിരക്കഥയിലെ സങ്കീര്‍ണതയും ആവിഷ്‌ക്കരണത്തിലെ പള്‍പ്പ്ഫിക്ഷന്‍ ചേരുവകളും സവിശേഷ ശ്രദ്ധയോടെ ഉള്‍ക്കൊണ്ട് സൃഷ്ടിച്ച ദൃശ്യഭാഷയാണ് സതീഷ് കുറുപ്പിന്റെ ക്യാമറ ഈ ചിത്രത്തിന് നല്‍കിയിട്ടുള്ളത്. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണ മികവ് 'വലതുവശത്തെ കള്ളന്‍' സിനിമയെ ആസ്വാദ്യമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വി.എസ്.വിനായകിന്റെ എഡിറ്റിങും വിഷ്ണു ശ്യാമിന്റെ മ്യൂസികും മികവ് പുലര്‍ത്തിയിട്ടുണ്ട്. റിനോഷ് അടക്കം ഏതാനം ചില അഭിനേതാക്കളുടെ പ്രകടനം ശരാശരിയ്ക്ക് മുകളിലേക്ക് പോകാത്തത് മാത്രമാണ് 'വലതുവശത്തെ കള്ളന്‍' സിനിമയുടെ ആസ്വാദനത്തിലുണ്ടായ കല്ലുകടി.

Also Read
'വലതുവശത്തെ കള്ളൻ' അഥവാ ജീത്തു ജോസഫിൻറെ ബ്രാൻഡുള്ള 'പ്രൊഡക്ട്‌'
ജീവനേക്കാള്‍ വിലയുണ്ട് നീതിയ്‌ക്കെന്ന് കരുതുന്നവരുടെ പോരാട്ട കഥയാണ് 'വലതുവശത്തെ കള്ളന്‍'

നീതിയ്ക്കായി ആത്മഹത്യ ആയുധമാക്കുന്ന ദമ്പതികള്‍, കുറ്റവാളിയായൊരു പോലിസുകാരനെയും അയാളുടെ വലതുവശത്തുള്ള മറ്റൊരു കൊടുംകുറ്റവാളിയേയും ശിക്ഷിക്കുന്ന കഥയാണ് 'വലതുവശത്തെ കള്ളന്‍' ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ജീവനേക്കാള്‍ വിലയുണ്ട് നീതിക്കെന്ന് വിശ്വസിക്കുന്ന ഉട്ടോപ്യന്‍ വിപ്ലവമനസ്സുകളുടെ കാല്‍പ്പനികതയെ അഭ്രപാളിയില്‍ ആവിഷ്‌ക്കരിച്ചതാണ് ഈ ചിത്രത്തിന്റെ രാഷ്ട്രീയം. ജീവനേക്കാള്‍ വിലയുണ്ട് നീതിയ്‌ക്കെന്ന് വിശ്വസിക്കുന്നവര്‍ക്ക് 'വലതുവശത്തെ കള്ളന്‍' ഇഷ്ടപ്പെടും, അവരെ ഈ ചിത്രം നിരാശരാക്കില്ല.

English Summary: Valathuvashathe Kallan movie review by P Jimshar

Related Stories

No stories found.
Madism Digital
madismdigital.com