

കേരള തീരത്തോട് ചേർന്ന് വ്യാപകമായി കാണപ്പെടുന്ന കൂന്തലുകളുടെ(ഇന്ത്യൻ സ്‌ക്വിഡ്- യുറോറ്റിയൂത്തിയസ് ഡുവോസെലി)ടേത് വിചിത്രവും സങ്കീർണവുമായ പ്രത്യുൽപ്പാദന രീതി കണ്ടെത്തി ഗവേഷകർ. കൂട്ടത്തോടെയുള്ള പ്രജനനം, സ്വവർഗ ഇണചേരൽ, ഒരേ സമയം ഒന്നിലധികം പങ്കാളികളുമായുള്ള ഇണചേരൽ എന്നിവ ഈ കൂന്തലുകളിൽ സാധാരമാണെന്നു പഠനം വ്യക്തമാക്കുന്നു.
കുറഞ്ഞ പ്രായത്തിലുള്ള പ്രജനനം, ഒന്നിലധികം തവണകളായുള്ള ഇണചേരൽ, ബീജസംഭരണം എന്നിവയുൾപ്പെടെയുള്ള സവിശേഷതകൾ ഈ കൂന്തലുകൾക്കുള്ളതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ പഠനത്തിൽ കണ്ടെത്തി.
വർഷത്തിൽ എല്ലാ മാസവും ഇണചേരുമെങ്കിലും ഒക്ടോബറിലാണ് ഏറ്റവും കൂടുതലായി നടക്കുന്നത്. ആറ് മാസം ആയുസ്സുള്ള ഈ കൂന്തലുകൾ മൂന്നു മാസം മുതൽ ഇണചേരാൻ തുടങ്ങും. ഗവേഷണത്തിന്റെ ഭാഗമായി പരിശോധിച്ച 232 പെൺകൂന്തലുകളിൽ 40 ശതമാനത്തിന്റെയും ശരീരത്തിൽ ബീജനിക്ഷേപം കണ്ടെത്തി.
മിക്കവയിലും ഉയർന്ന തോതിലുള്ള ബീജനിക്ഷേപമുള്ളതിനാൽ മുട്ടയിടുന്നതിന് മുൻപ് ഇവ ഒന്നിലധികം ആൺകൂന്തലുകളുമായി ഇണചേരുന്നുവെന്ന് വ്യക്തമായി. ഇത്തരം ബീജനിക്ഷേപം ആൺകൂന്തലുകളുടെ ശരീരത്തിലും കണ്ടെത്തിയതോടെ ഇവ സ്വവർഗ ഇണചേരൽ നടത്തുന്നതായും തെളിഞ്ഞു.
മുമ്പ്, ഇന്ത്യയ്ക്കു പുറത്ത് ആഴക്കടൽ കൂന്തലുകളിൽ ഇത്തരം സ്വവർഗ ലൈംഗിക പെരുമാറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. ആഴക്കടലിലെ വെളിച്ചമില്ലായ്മയാകാം ഇതിന് കാരണമാകുന്നതെന്നായിരുന്നു ശാസ്ത്രജ്ഞരുടെ നിഗമനം. സമാനമായ പെരുമാറ്റം ഡോൾഫിനുകളിലും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, തീരക്കടൽ കൂന്തൽ ഇനത്തിൽ ഇത്തരം പെരുമാറ്റം കണ്ടെത്തുന്നത് ഇതാദ്യമാണ്.
സിഎംഎഫ്ആർഐയിലെ ഷെൽഫിഷ് ഫിഷറീസ് ഡിവിഷനിലെ ഡോ. ഗീത ശശികുമാർ, ഡോ. കെ കെ സജികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം. കൊച്ചി തീരത്തോട് ചേർന്നുള്ള മേഖലയിൽനിന്ന് ശേഖരിച്ച കൂന്തലുകളിലാണ് പഠനം നടത്തിയത്. രാജ്യാന്തര ശാസ്ത്ര ജേണലായ 'ജേണൽ ഓഫ് നാച്ചുറൽ ഹിസ്റ്ററി'യിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും മൂല്യമേറിയ സമുദ്രവിഭവങ്ങളിലൊന്നായ കൂന്തലുകളുടെപ്രജനന വ്യവസ്ഥയെക്കുറിച്ചുള്ള ഈ കണ്ടെത്തൽ മത്സ്യലഭ്യത വിലയിരുത്തുന്നതിനും ഫലപ്രദമായ സംരക്ഷണ-പരിപാലന മാർഗ്ഗങ്ങൾ രൂപീകരിക്കുന്നതിനും ഏറെ സഹായകരമാകുമെന്നാണ് സിഎംഎഫ്ആർഐയുടെ പ്രതീക്ഷ. കൂന്തൽ പ്രജനന ചക്രത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരാൻ ഇവയുടെ പെരുമാറ്റത്തെയും ശരീരശാസ്ത്രത്തെയും കുറിച്ച് വിശദമായ പഠനങ്ങൾ ആവശ്യമാണെന്നും സിഎംഎഫ്ആർഐ ഗവേഷകർ പറഞ്ഞു.
English summary: A study by the Central Marine Fisheries Research Institute (CMFRI) found that Indian squids (Uroteuthis duvaucelii) along the Kerala coast display complex reproductive behavior, including group breeding, multiple mating partners, sperm storage, and even same-sex mating. Researchers observed that these six-month-lifespan squids begin mating at just three months old, with peak breeding in October. The findings, published in the Journal of Natural History, could help improve squid conservation and fishery management. Scientists say this is the first recorded case of same-sex mating behavior in a coastal squid species. The study also highlights the need for further research into squid behavior and reproductive biology.