

2021ലെ ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ ഒന്നാം ടെസ്റ്റിൽ ഇന്ത്യ ഓസ്‌ട്രേലിയയോടു നാണംകെട്ട് തോൽക്കുന്നു. അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ വെറും 36 റൺസിനാണ് ഇന്ത്യ അന്ന് ഓൾഔട്ട് ആയത്. ആദ്യ ടെസ്റ്റിനുശേഷം നായകൻ വിരാട് കോലി വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്കു മടങ്ങി. രണ്ടാം ടെസ്റ്റ് മുതൽ ഇന്ത്യയെ നയിക്കാനുള്ള ചുമതല അജിങ്ക്യ രഹാനെയ്ക്കാണ്. കോലി കൂടി ഇല്ലാതായതോടെ ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം കൈവിടുന്നുണ്ട്.
എന്നാൽ മെൽബണിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ ആതിഥേയരെ എട്ട് വിക്കറ്റിനാണു തകർത്തത്. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ 223 പന്തിൽ 112 റൺസും രണ്ടാം ഇന്നിങ്‌സിൽ 40 പന്തിൽ പുറത്താകാതെ 27 റൺസും നേടി രഹാനെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഗാബയിൽ നടന്ന നാലാം ടെസ്റ്റിൽ 93 പന്തിൽ 37 റൺസും 22 പന്തിൽ 24 റൺസുമായി വീണ്ടും ഇന്ത്യയുടെ വിജയത്തിൽ നിർണായക സ്വാധീനമായി. തോറ്റു തുടങ്ങിയ ഇന്ത്യ പരമ്പര കഴിയുമ്പോൾ 2-1 നു ബോർഡർ-ഗാവസ്‌കർ ട്രോഫിയുമായി നാട്ടിലേക്ക്. ഈ ഒരൊറ്റ ടെസ്റ്റ് പരമ്പര മതി രഹാനെയെ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്കു ഓർത്തുവയ്ക്കാൻ.
ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം മത്സരം ഇന്ത്യക്കായി കളിച്ച പ്ലേയിങ് ഇലവനെ നോക്കിയാൽ മതി രഹാനെയുടെ ക്യാപ്റ്റൻസി എത്രത്തോളം ബ്രില്ല്യന്റ് ആയിരുന്നെന്ന് മനസിലാക്കാൻ. വിരാട് കോലി, രോഹിത് ശർമ, കെ എൽ രാഹുൽ എന്നിവരൊന്നും ഇല്ലാത്ത ടോപ് ഓർഡർ, ഹാർദിക് പാണ്ഡ്യയെ പോലൊരു ഓൾറൗണ്ടറുടെ അഭാവം, നാലാം മത്സരത്തിലേക്കെത്തുമ്പോൾ ജസ്പ്രിത് ബുംറയും കളിക്കുന്നില്ല...! ഇന്ത്യയെ സംബന്ധിച്ചിടുത്തോളം വൻ അഗ്നിപരീക്ഷ തന്നെയായിരുന്നു ആ പരമ്പര. എന്നാൽ യാതൊരു സങ്കോചവുമില്ലാതെ രഹാനെ ടീമിനെ നയിച്ചു.
ക്യാപ്റ്റൻസി ഉത്തരവാദിത്തത്തിലും ബാറ്റിങ്ങിൽ വിട്ടുവീഴ്ച ചെയ്തില്ല രഹാനെ. ഈ പരമ്പരയിൽ നാല് മത്സരങ്ങളിൽ നിന്നായി 38.29 ശരാശരിയിൽ 268 റൺസുമായി റൺവേട്ടയിൽ അഞ്ചാം സ്ഥാനത്തുണ്ടായിരുന്നു.
ഇന്ത്യയെ ആറ് ടെസ്റ്റ് മത്സരങ്ങളിലാണ് രഹാനെ നയിച്ചത്. ഒന്നിൽ പോലും തോൽവി അറിഞ്ഞിട്ടില്ല, നാല് കളികൾ ജയിച്ചു, രണ്ടെണ്ണം സമനിലയായി. അഞ്ചോ അതിൽ അധികമോ ടെസ്റ്റ് മത്സരങ്ങളിൽ രാജ്യാന്തര ടീമിനെ നയിച്ചിട്ട് തോൽവി അറിയാത്ത ഏക ക്യാപ്റ്റൻ എന്ന റെക്കോർഡും രഹാനെയ്ക്ക് സ്വന്തം.
'കൂൾ ക്യാപ്റ്റൻസി'യായിരുന്നു രഹാനെയുടെ മുഖമുദ്ര. അഡ്‌ലെയ്ഡിലെ നാണംകെട്ട തോൽവിയെക്കുറിച്ച് ആലോചിക്കുകയേ വേണ്ടെന്നായിരുന്നു താൻ രണ്ടാം ടെസ്റ്റിനു മുൻപ് ടീം അംഗങ്ങളോടു പറഞ്ഞതെന്ന് അന്ന് രഹാനെ വെളിപ്പെടുത്തിയിരുന്നു.
Ajinkya Rahane's leadership in the 2020–21 Border-Gavaskar Trophy transformed India's fortunes after the humiliating 36-run collapse in Adelaide and Virat Kohli's departure. Leading an injury-hit side, Rahane inspired India to a historic 2–1 series win over Australia while contributing crucial runs with the bat. He remains India's only Test captain to lead the team in five or more matches without a defeat, cementing his legacy as one of the country's finest stand-in captains.