ഹാർദിക്കിന് മുംബൈയിൽ കഷ്ടകാലം, നായകസ്ഥാനം തെറിക്കും, ടീമിൽനിന്ന് പുറത്തേക്കെന്നും സൂചന; കാരണങ്ങൾ അറിയാം

ഹാർദിക്കിനെ മുംബൈ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പുറത്താക്കുമെന്ന വാർത്ത ഉറപ്പിച്ചതിനു പിന്നാലെ ടീമിൽനിന്നുതന്നെ അദ്ദേഹം പൂർണമായി പുറത്തുപോയേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്
ഹാർദിക്കിന് മുംബൈയിൽ കഷ്ടകാലം, നായകസ്ഥാനം തെറിക്കും, ടീമിൽനിന്ന് പുറത്തേക്കെന്നും സൂചന; കാരണങ്ങൾ അറിയാം
Published on

ഐപിഎൽ 2026ലെ ഏറ്റവും വലിയ ദുരന്തമായി മുംബൈ ഇന്ത്യൻസിനെ വിലയിരുത്തുമ്പോൾ ക്രിക്കറ്റ് ലോകം ഒന്നടങ്കം ഉറ്റുനോക്കുന്നത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് നേരെയാണ്. 14 മത്സരങ്ങളിൽ പത്തിലും പരാജയപ്പെട്ട് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ അഞ്ച് തവണത്തെ ചാമ്പ്യന്മാരായ മുംബൈക്കെതിരെ അണിയറയിൽ ആഭ്യന്തര കലഹം പുകയുന്നതായാണ് സൂചനകൾ. ഹാർദിക്കിനെ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കാൻ മാനേജ്‌മെന്റ് ഉറപ്പിച്ചുകഴിഞ്ഞുവെന്ന വാർത്തകൾക്കു പിന്നാലെ, ടീമിൽനിന്നു തന്നെ അദ്ദേഹം പൂർണമായി പുറത്തുപോയേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹാർദിക്കിന്റെ നായകസ്ഥാനം തെറിക്കുന്നതിലേക്ക് നയിച്ച ആ 'രഹസ്യങ്ങൾ' എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കോച്ചിങ് സ്റ്റാഫും ഹാർദിക് പാണ്ഡ്യയും തമ്മിലുള്ള ബന്ധത്തിലുണ്ടായ കടുത്ത വിള്ളലാണ് പ്രധാന കാരണം. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, പല മത്സരങ്ങളിലും കോച്ചിംഗ് സ്റ്റാഫ് ഡാറ്റയുടെ പിൻബലത്തോടെ നൽകിയ തന്ത്രപരമായ നിർദ്ദേശങ്ങൾ മൈതാനത്ത് നടപ്പിലാക്കാൻ ഹാർദിക്കും ചില സീനിയർ കളിക്കാരും തയ്യാറായില്ല. രാജസ്ഥാൻ റോയൽസിനെതിരായ അവസാന ലീഗ് മത്സരത്തിലെ പരാജയത്തിനു പിന്നാലെ ഡ്രസിങ് റൂമിൽവെച്ച് കോച്ചിങ് സ്റ്റാഫ് സീനിയർ താരങ്ങൾക്ക് കർശനമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഏത് വലിയ കളിക്കാരനായാലും കോച്ചിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാൻ തയ്യാറാകണമെന്നായിരുന്നു മാനേജ്‌മെന്റിന്റെ കടുത്ത നിലപാട്.

ടീമിന്റെ ബാറ്റിങ് കോച്ചായ കീറോൺ പൊള്ളാർഡ് തന്നെ ഹാർദിക്കിന്റെ ക്യാപ്റ്റൻസിയിൽ പാളിച്ചകളുണ്ടായതായി പരസ്യമായി സമ്മതിച്ചിട്ടുണ്ട്. ഹാർദിക് പാണ്ഡ്യ എന്ന വ്യക്തിയോ മാനേജ്‌മെന്റോ ആഗ്രഹിച്ച രീതിയിലല്ല ഈ സീസൺ മുന്നോട്ടുപോയതെന്നും വരും ദിവസങ്ങളിൽ കൃത്യമായ ചോദ്യങ്ങൾ ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി. ജസ്പ്രീത് ബുംറയെ കൃത്യമായ സമയത്ത് ബൗളിങ്ങിൽ ഉപയോഗിക്കാതിരുന്നതും പവർപ്ലേ ഓവറുകളിലെ മോശം തീരുമാനങ്ങളും ഹാർദിക്കിന്റെ ക്യാപ്റ്റൻസിയുടെ മൂർച്ച കുറച്ചു. ഇതിനൊപ്പം ഓൾറൗണ്ടർ എന്ന നിലയിൽ ഹാർദിക്കിന്റെ ഫോമും വളരെ ദയനീയമായിരുന്നു.

ഹാർദിക്കിന് മുംബൈയിൽ കഷ്ടകാലം, നായകസ്ഥാനം തെറിക്കും, ടീമിൽനിന്ന് പുറത്തേക്കെന്നും സൂചന; കാരണങ്ങൾ അറിയാം
'കപ്പ് തൂക്കി ബെർത്ത് ഡേ ആഘോഷിക്കുമോ?'; സ്വപ്‌നം കണ്ട് പട്ടിദാർ

മാനേജ്‌മെന്റുമായുള്ള ബന്ധം പൂർണമായി തകർന്ന സാഹചര്യത്തിൽ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിടാൻ ആഗ്രഹിക്കുന്നതായും സൂചനകളുണ്ട്. രോഹിത് ശർമയെ മാറ്റി ഹാർദിക്കിനെ ക്യാപ്റ്റനാക്കിയ 2024ലെ പഴയ തീരുമാനം പിഴച്ചുവെന്ന് മാനേജ്‌മെന്റ് ഇപ്പോൾ പൂർണമായി തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മുംബൈയുടെ അടുത്ത ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതിൽ രോഹിത് ശർമ്മയുടെ നിലപാടുകൾക്ക് വലിയ പങ്കുണ്ടാകും. രോഹിത് വീണ്ടും ക്യാപ്റ്റനായില്ലെങ്കിൽ പോലും ജസ്പ്രീത് ബുംറയെയോ സൂര്യകുമാർ യാദവിനെയോ നായകസ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സാധ്യത.

കൂടാതെ, ടീമിനുള്ളിലെ ഈ ആഭ്യന്തര തർക്കങ്ങൾ ആരാധകർക്കിടയിലും വലിയ അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. പുതിയ ക്യാപ്റ്റനെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമായതോടെ, ജസ്പ്രീത് ബുംറ അടുത്ത നായകനാകണമെന്നാണ് ഭൂരിഭാഗം ആരാധകരും സോഷ്യൽ മീഡിയ പോളുകളിലൂടെ ആവശ്യപ്പെടുന്നത്. ഹാർദിക്കിനെ ടീമിൽ നിലനിർത്തിക്കൊണ്ട് മറ്റൊരു ക്യാപ്റ്റനെ പ്രഖ്യാപിച്ചാൽ അത് ഡ്രസിങ് റൂമിലെ അസ്വാരസ്യങ്ങൾ വീണ്ടും വർധിപ്പിക്കുമെന്ന ഭയവും മാനേജ്‌മെന്റിനുണ്ട്. അതിനാൽ വരും ദിവസങ്ങളിൽ ട്രേഡിങ് വിൻഡോ വഴി ഹാർദിക് പാണ്ഡ്യ മറ്റ് ഫ്രാഞ്ചൈസികളിലേക്കു ചേക്കേറാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. എന്തായാലും 2027 സീസണിനു മുന്നോടിയായി മുംബൈ ഇന്ത്യൻസിൽ ഹാർദിക് പാണ്ഡ്യയുടെ യുഗം അവസാനിക്കുമെന്ന കാര്യത്തിൽ ഉറപ്പായിരിക്കുകയാണ്.

English Summary: Mumbai Indians endured a terrible IPL 2026 campaign, winning only four matches, and captain Hardik Pandya is now under massive pressure. Reports claim serious disagreements developed between Hardik and the coaching staff after tactical plans were ignored during key matches. The franchise management is reportedly considering removing Hardik as captain, with Jasprit Bumrah and Suryakumar Yadav emerging as possible replacements. Amid dressing-room tensions and fan backlash, there is also speculation that Hardik could leave Mumbai Indians before the 2027 season.

Madism Digital
madismdigital.com