ആർസിബിയുടെ വെല്ലുവിളി 'അഹമ്മദബാദ് പരീക്ഷ'; ആ രണ്ട് വിക്കറ്റ് ഗുജറാത്തിന് നിർണായകം

ഐപിഎൽ ഫൈനൽ നാളെ അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ
ആർസിബിയുടെ വെല്ലുവിളി 'അഹമ്മദബാദ് പരീക്ഷ'; ആ രണ്ട് വിക്കറ്റ് ഗുജറാത്തിന് നിർണായകം
Published on

ഐപിഎൽ മാമാങ്കത്തിനു തിരശീല വീഴാൻ ഇനി 36 മണിക്കൂർ മാത്രം. നാളെ ഇന്ത്യൻ സമയം രാത്രി 7.30 നു റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു - ഗുജറാത്ത് ടൈറ്റൻസ് ഫൈനലിനു തുടക്കമാകും. അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് കലാശക്കൊട്ടിന് ആതിഥേയത്വം വഹിക്കുക.

ഹോം ഗ്രൗണ്ടിൽ കളിക്കുന്നുവെന്നതാണ് ഫൈനലിൽ ഗുജറാത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്. കരുത്തരായ ആർസിബിക്കു തലവേദന സൃഷ്ടിക്കുന്നതും അതാണ്. ടോസ് അതീവ നിർണായകമാകുമെന്ന് ഉറപ്പ്. ടോസ് ലഭിക്കുന്നവർ ബൗളിങ് തിരഞ്ഞെടുക്കും. 220 ൽ കുറഞ്ഞ സ്‌കോർ രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് അനായാസം മറികടക്കാൻ സാധിച്ചേക്കും.

രണ്ട് വിക്കറ്റാണ് ഗുജറാത്ത് നിരയിൽ കളിയുടെ ഗതി നിർണയിക്കുക. ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും സായ് സുദർശനും. ഇവർ രണ്ടു പേരും അതിവേഗം കൂടാരം കയറിയാൽ ഗുജറാത്തിനു കാര്യങ്ങൾ എളുപ്പമാകില്ല. അതുകൊണ്ട് പവർപ്ലേയിൽ തന്നെ ഇരുവരെയും മടക്കുകയായിരിക്കും ആർസിബിയുടെ ലക്ഷ്യം. ജോസ് ബട്‌ലർ, രാഹുൽ തെവാത്തിയ എന്നിവരുടെ വിക്കറ്റുകളും ഗുജറാത്തിൽ നിർണായകമാണ്.

മറുവശത്ത് ഗുജറാത്തിനേക്കാൾ മികച്ച ബാറ്റിങ് ലൈനപ്പ് ആർസിബിക്ക് അവകാശപ്പെടാനുണ്ട്. അതിൽ തന്നെ വിരാട് കോലി എത്ര നേരം ക്രീസിൽ നിൽക്കുമെന്നത് നിർണായകമാകും. പവർപ്ലേയിൽ കോലിയെ നഷ്ടപ്പെട്ടാൽ ആർസിബിയുടെ മധ്യനിര പ്രതിരോധത്തിലായേക്കും. തുടക്കം മുതൽ ആക്രമിച്ചു കളിക്കാൻ ലൈസൻസ് നൽകിയായിരിക്കും വെങ്കടേഷ് അയ്യരെ ദിനേശ് കാർത്തിക് കോലിക്കൊപ്പം ഇറക്കിവിടുക.

ആർസിബിയുടെ വെല്ലുവിളി 'അഹമ്മദബാദ് പരീക്ഷ'; ആ രണ്ട് വിക്കറ്റ് ഗുജറാത്തിന് നിർണായകം
'വല്ല പശയും ഒട്ടിച്ച് ഇറക്കിവിടേണ്ടി വരും'; സായ് സുദർശൻ തുടർച്ചയായി രണ്ടാം തവണ ഹിറ്റ് വിക്കറ്റ്, തലയിൽ കൈവെച്ച് ഗിൽ

ക്വാളിഫയറിൽ വെടിക്കെട്ട് പ്രകടനം നടത്തിയ നായകൻ രജത് പട്ടിദാർ അത്യന്തം അപകടകാരിയാണ്. ദേവ്ദത്ത് പടിക്കൽ, ജിതേഷ് ശർമ, ടിം ഡേവിഡ്, ക്രുണാൽ പാണ്ഡ്യ, റൊമാരിയോ ഷെപ്പേർഡ് എന്നിങ്ങനെ ക്രീസിൽ എത്തുന്ന എട്ടാമൻ വരെ എതിർ ടീമിനെ വെള്ളം കുടിപ്പിച്ചേക്കാം.

ബൗളിങ്ങിലേക്കു വന്നാൽ ഗുജറാത്തിനാണ് മേൽക്കൈ. കോലിയ്ക്കു നിരന്തരം ഭീഷണി ഉയർത്തുന്ന ജേസൻ ഹോൾഡർ, പവർപ്ലേയിൽ അപകടകാരിയായ കഗിസോ റബാദ, ആർസിബി ബാറ്റർമാരുടെ പരിമിതികൾ നന്നായി അറിയുന്ന മുഹമ്മദ് സിറാജ്, സ്പിന്നർ റാഷിദ് ഖാൻ...! 200 റൺസെടുത്താൽ പ്രതിരോധിക്കാൻ കഴിയുന്ന ബൗളിങ് നിര ഗുജറാത്തിനുണ്ട്.

ഈ സീസണിൽ മൂന്നു കളികളിലാണ് ആർസിബിയും ഗുജറാത്തും ഏറ്റുമുട്ടിയത്. ലീഗ് ഘട്ടത്തിൽ ഇരു ടീമുകളും ഓരോ മത്സരം ജയിച്ചു. ഒന്നാം ക്വാളിഫയറിൽ ആർസിബി ഏകപക്ഷീയമായ ജയം നേടി.

English summary:

RCB and Gujarat Titans will battle for the IPL title in Ahmedabad, with home conditions giving Gujarat a slight advantage. The toss is expected to be crucial, as chasing could be easier on the batting-friendly pitch. RCB’s biggest challenge will be removing Gujarat’s in-form opening pair of Shubman Gill and Sai Sudharsan early, while Gujarat will look for key contributions from Jos Buttler and Rahul Tewatia in the middle order.

While RCB boast a powerful batting unit led by Virat Kohli and captain Rajat Patidar, Gujarat appear stronger in the bowling department with match-winners such as Kagiso Rabada, Mohammed Siraj, Jason Holder and Rashid Khan. The teams have shared victories in the league stage this season, but RCB head into the final with confidence after their commanding win over Gujarat in Qualifier 1.

Madism Digital
madismdigital.com