

ഇന്ത്യയുടെ ടി20 ശൈലിക്കു പുതിയ മാനങ്ങൾ നൽകിയ കളിക്കാരനാണ് സൂര്യകുമാർ യാദവ്. ടീം സ്‌കോർ 200 കടക്കുന്നത് സ്വാഭാവികമായ കാര്യമാണെന്നും അതിനെയും ചേസ് ചെയ്യേണ്ടത് ടി20 ക്രിക്കറ്റിൽ സാധാരണമാണെന്നും ഇന്ത്യൻ ടീം പഠിക്കുന്നത് സൂര്യയുടെ ആക്രമണോത്സുകതയിൽ നിന്നാണ്. നേരിടുന്ന ആദ്യ പന്ത് തന്നെ അതിർത്തി കടത്തുകയെന്ന 'വ്യാമോഹം' സൂര്യക്ക് എന്നുമുണ്ടായിരുന്നു. പ്രായം ബൗണ്ടറി കടന്നിട്ടും ഇന്ത്യൻ നായകസ്ഥാനത്തേക്ക് സൂര്യ എത്തിയത് ഈ കളിശൈലി കൊണ്ടാണ്.
ഐപിഎലിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 30-ാം വയസ്സിലാണ് സൂര്യ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. 31-ാം വയസ്സിൽ ലോക ഒന്നാം നമ്പർ ടി20 ബാറ്ററായി. രോഹിത് ശർമ 2024 ടി20 ലോകകപ്പിനു ശേഷം നായകസ്ഥാനം ഒഴിഞ്ഞപ്പോൾ പകരക്കാരനായി സൂര്യയെ തീരുമാനിക്കാൻ ടീം മാനേജ്‌മെന്റിനു അധികം ആലോചിക്കേണ്ടിവന്നിട്ടില്ല.
സൂര്യയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ 52 ടി20 മത്സരങ്ങൾ കളിച്ചു. അതിൽ 40 എണ്ണത്തിലും ജയം. തോൽവി അറിഞ്ഞത് വെറും എട്ട് മത്സരങ്ങളിൽ മാത്രം. പരമ്പര നഷ്ടം അറിയാത്ത നായകൻ. ലോകകപ്പിൽ ഒൻപത് മത്സരങ്ങളിൽ നയിച്ചപ്പോൾ ഫൈനൽ അടക്കം അതിൽ എട്ടിലും ജയിച്ചു. ക്യാപ്റ്റൻസിയിൽ നൂറിൽ നൂറ് മാർക്ക് കിട്ടിയപ്പോഴും സൂര്യയെന്ന ബാറ്റർ പടിപടിയായി നിലംപതിക്കുകയായിരുന്നു.
ടി20 ലോകകപ്പിൽ 242 റൺസ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെ 11 റൺസും ഫൈനലിൽ ന്യൂസിലൻഡിനെതിരെ പൂജ്യവുമാണ് സൂര്യയുടെ സംഭാവന. അതിനു പിന്നാലെ വന്ന ഐപിഎലിൽ സൂര്യ ഫോം വീണ്ടെടുക്കുമെന്ന് ആരാധകർ കരുതി. എന്നാൽ 13 മത്സരങ്ങളിൽ വെറും 147.54 സ്‌ട്രൈക് റേറ്റിൽ 270 റൺസാണ് സൂര്യക്കു നേടാനായത്. ഇതോടെ ക്യാപ്റ്റൻസിയിൽ നിന്നും ഇന്ത്യൻ ടീമിൽ നിന്നും പുറത്താക്കാനുള്ള തീരുമാനത്തിലേക്ക് സെലക്ടർമാർ എത്തി.
ഫോംഔട്ടിനൊപ്പം താരത്തിന്റെ പ്രായവും പ്രതികൂലഘടകമായി. അടുത്ത ലോകകപ്പ് ആകുമ്പോഴേക്കും സൂര്യക്കു 38 വയസ്സാകും. അടുത്ത ലോകകപ്പിനായി ടീമിനെ ഒരുക്കേണ്ടതുള്ളതിനാൽ സൂര്യയെ നീക്കേണ്ടത് അത്യാവശ്യമായി.
ഇന്ത്യക്കായി 113 ടി20 മത്സരങ്ങളിൽ നിന്ന് 162.95 സ്‌ട്രൈക് റേറ്റിൽ 3272 റൺസാണ് സൂര്യ നേടിയിരിക്കുന്നത്. 36.36 ആണ് ശരാശരി. നാല് സെഞ്ചുറികളും 25 അർധ സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്.
English Summary: Suryakumar Yadav has redefined India's T20 batting approach with his fearless and aggressive style. His ability to attack from the very first ball has influenced the Indian team to view 200-plus totals as achievable targets and chaseable scores. Despite reaching international prominence relatively late in his career, Suryakumar's innovative stroke play and attacking mindset helped him rise to become one of India's most influential T20 cricketers and eventually earn leadership responsibilities.