'ഒരു 15 വയസ്സുകാരനെ കണ്ട് ഇത്രയധികം ഭയപ്പെട്ടി‍ട്ടില്ല'; ഒടുവിൽ കുറ്റസമ്മതവുമായി കെയ്ൽ ജാമിസൺ

ഐപിഎൽ അവരുടെ വെബ്‌സൈറ്റിൽ പങ്കുവെച്ച വീഡിയോയിലാണ് താരം തുറന്നു പറഞ്ഞത്
'ഒരു 15 വയസ്സുകാരനെ കണ്ട് ഇത്രയധികം ഭയപ്പെട്ടി‍ട്ടില്ല'; ഒടുവിൽ കുറ്റസമ്മതവുമായി കെയ്ൽ ജാമിസൺ
Published on

ജീവിതത്തിൽ ഒരു 15 വയസ്സുകാരനെ ഇത്രയധികം ഭയപ്പെട്ടതായി തോന്നുന്നില്ലെന്ന് ഡൽഹി ക്യാപിറ്റൽ പേസർ കെയ്ൽ ജാമിസൺ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് - ഡൽഹി ക്യാപിറ്റൽസ് മത്സരം നടക്കുന്നതിനിടെയുണ്ടായ നാടകീയ രംഗങ്ങൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ സാഹചര്യം നിലനിൽക്കുമ്പോഴാണ് ന്യൂസിലാൻഡ് പേസർ മൗനം വെടിഞ്ഞത്. ഐപിഎൽ അവരുടെ വെബ്‌സൈറ്റിൽ പങ്കുവെച്ച വീഡിയോയിലാണ് താരം തുറന്നു പറഞ്ഞത്.

"എന്റെ ജീവിതത്തിൽ ഒരു 15 വയസ്സുകാരനെ ഞാൻ ഇത്രയധികം ഭയപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്നാൽ മത്സരത്തിന് മുന്നോടിയായി ഞങ്ങൾ വ്യക്തമായ ചില പദ്ധതികൾ തയ്യാറാക്കിയിരുന്നു, അത് ഫലം കണ്ടതിൽ സന്തോഷമുണ്ട്," ജാമിസൺ പറഞ്ഞു.

കഴിഞ്ഞ​ദിവസം രാജസ്ഥാനും ഡൽഹിയും തമ്മിലുള്ള ഇന്നിങ്‌സിലാണ് വിവാദ രം​ഗം അരങ്ങേറിയത്. രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ വൈഭവിന്റെ വിക്കറ്റെടുത്ത ശേഷം വളരെ അഗ്രസീവ് ആയ രീതിയിലായിരുന്നു ജാമിസൺ സെലിബ്രേഷൻ നടത്തിയത്. വൈഭവിന്റെ അടുത്തേക്ക് ചീറിയടുക്കുകയും മുഖത്തുനോക്കി പരിഹസിക്കുന്ന തരത്തിൽ ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു.

ജാമിസൺ അതിരുവിട്ട ആഹ്ളാദപ്രകടനം നടത്തുന്നത് കണ്ട വൈഭവും ന്യൂസിലൻഡ് താരത്തെ തറപ്പിച്ചുനോക്കി. ഇരു താരങ്ങളും തമ്മിൽ വാക്കേറ്റമാകുമോ എന്ന ഘട്ടത്തിലേക്ക് വരെ കാര്യങ്ങൾ എത്തിയെങ്കിലും വൈഭവ് ഒന്നും പ്രതികരിക്കാതെ ഗ്രൗണ്ട് വിടുകയായിരുന്നു.

'ഒരു 15 വയസ്സുകാരനെ കണ്ട് ഇത്രയധികം ഭയപ്പെട്ടി‍ട്ടില്ല'; ഒടുവിൽ കുറ്റസമ്മതവുമായി കെയ്ൽ ജാമിസൺ
ഈ സെലിബ്രേഷൻ പറയും 'ചെക്കൻ' ആരെന്ന്; ജാമിസണെ നോക്കി വൈഭവ് (വീഡിയോ)

അതിരുവിട്ട ആഘോഷപ്രകടനത്തിന് ജാമിസണെതിരെ ഐപിഎൽ ഗവേണിങ് ബോഡി പെരുമാറ്റച്ചട്ടലംഘന നടപടിയെടുത്തിരുന്നു ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.5 ലംഘിക്കപ്പെട്ടെന്നു കണ്ടെത്തി താരത്തിനു ഒരു ഡിമെറിറ്റ് പോയിന്റ് കുറച്ചു. മത്സരത്തിനിടെ മറ്റൊരു താരത്തെ പ്രകോപിപ്പിക്കുന്നതിനു വേണ്ടി ഭാഷയോ, പ്രത്യേക ആക്ഷനോ ഉപയോഗിക്കുന്നത് ഐപിഎല്ലിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

സംഭവത്തിൽ ജാമിസണെതിരെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. പതിനഞ്ചുകാരനായ വൈഭവിന്റെ ബാറ്റിങ്ങിനെ ഇത്രയും പരിചയസമ്പത്തുള്ള മുപ്പത്തിയൊന്നുകാരനായ ജാമിസൺ എത്രത്തോളം ഭയപ്പെടുന്നുണ്ടെന്ന് ഈ സെലിബ്രേഷനിൽനിന്ന് അറിയാമെന്നൊക്കെയായിരുന്നു വീഡിയോയ്ക്കു താഴെ ക്രിക്കറ്റ് ആരാധകരുടെ കമന്റുകൾ. ഈ സീസണിൽ ബൗളർമാരുടെ പേടിസ്വപ്‌നമാണ് വൈഭവ്. 10 മത്സരങ്ങളിൽനിന്ന് 237.65 സ്ട്രൈക് റേറ്റിൽ 404 റൺസാണ് വൈഭവ് ഇതുവരെ നേടിയിരിക്കുന്നത്. 37 സിക്സുകൾ താരം പറത്തിയിട്ടുണ്ട്.

English summary: After an aggressive on-field confrontation with 15-year-old batting sensation Vaibhav Sooryavanshi, Delhi Capitals pacer Kyle Jamieson admitted he had never been more fearful of such a young player. The controversy arose when Jamieson gave the teenager a fiery send-off, leading the IPL governing body to penalize him with a demerit point for breaching the Code of Conduct.

Madism Digital
madismdigital.com