

തുടര്‍ച്ചയായ നാല് തോല്‍വികള്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഐപിഎല്‍ ഭാവിയെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. നാല് പോയിന്റുകളോടെ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ് നിലവില്‍ ലഖ്‌നൗ. ഇനിയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ടീമിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങള്‍ അവസാനിക്കും. കഴിഞ്ഞ മൂന്ന് സീസണിലെ ദയനീയ പ്രകടനം ഇതോടെ ടീമില്‍ വമ്പന്‍ മാറ്റങ്ങള്‍ക്കും വഴിയൊരുക്കാനിടയുണ്ട്.
കെഎല്‍ രാഹുലിന്റെ പടിയിറക്കത്തിന് പിന്നാലെ ടീമിലെത്തിയ ഋഷഭ് പന്തിന് ഇതുവരെ ടീമിന് ദിശാബോധം നല്‍കാന്‍ സാധിച്ചിട്ടില്ല. നിരന്തരം നായകനെന്ന നിലയില്‍ പരാജയപ്പെടുന്ന ഋഷഭ് പന്ത് സീസണില്‍ ഒരു മത്സരത്തില്‍ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. പഴയകാല പന്തിന്റെ നിഴല്‍പോലുമാവാന്‍ ഇത്തവണ ഋഷഭിന് സാധിക്കുന്നില്ല. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ പന്ത് ഉള്‍പ്പെടെ നാല് ലഖ്‌നൗ ബൗളര്‍മാരാണ് സംപൂജ്യരായി മടങ്ങിയത്.
രാജസ്ഥാന്‍ ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കിയ ലഖ്‌നൗ വെറും 160 റണ്‍സാണ് വഴങ്ങിയത്. താരതമ്യേനെ എത്തിപ്പിടിക്കാന്‍ സാധിക്കുന്ന വിജയലക്ഷ്യം. പന്ത് ബാറ്റ് ചെയ്യാനെത്തുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 10 റണ്‍സുണ്ട്. രണ്ടാം ഓവറില്‍ നാന്ദ്ര ബര്‍ഗര്‍ പേസാക്രമണം കടുപ്പിച്ചിരിക്കുന്ന സമയവും, കാര്യങ്ങള്‍ പ്രതികൂലമാണെന്ന് മനസിലാക്കി ബാറ്റ് വീശുന്നതിന് പകരം അലക്ഷ്യമായിട്ടാണ് പന്ത് ബാറ്റ് വീശിയത്. ആദ്യ രണ്ട് പന്തുകളിലും ഋഷഭിന് തെറ്റി, മൂന്നാം പന്തില്‍ പതിവ് ശൈലിയില്‍ ക്രോസ് ബാറ്റ് ചെയ്ത് ധ്രുവ് ജുറേലിന് ഒരു അനായാസ ക്യാച്ച് നല്‍കി മടങ്ങി. സുനില്‍ ഗവാസ്‌കര്‍ മുന്‍പ് പന്തിന്റെ സമാന ഷോട്ടുകളെ നിശിതമായി വിമര്‍ശിച്ചതും ഇത്തരം ഷോട്ടുകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ തിരുത്താന്‍ പന്ത് തയ്യാറല്ലെന്നാണ് ഐപിഎല്‍ നല്‍കുന്ന സൂചന.
2024ലെ സീസണില്‍ 400 മുകളില്‍ സ്‌കോര്‍ ചെയ്തിരുന്ന താരമാണ് ഇത്തവണ മൂന്ന് മത്സരങ്ങളില്‍ ഒറ്റയക്കത്തിന് പുറത്തായത്. 2025ലെ സീസണില്‍ 133.17 സ്‌ട്രൈക് റേറ്റില്‍ 269 റണ്‍സ് മാത്രം നേടി മങ്ങിയ പ്രകടനം കാഴ്ച്ചവെച്ച പന്തിന് എന്തിന് നിലനിര്‍ത്തിയെന്നതും ഫ്രാഞ്ചൈസിക്ക് മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നുണ്ട്. 27 കോടി രൂപയാണ് പന്തിന് വേണ്ടി ലഖ്‌നൗ മുടക്കിയത്. ഈ തുകയ്ക്ക് അനുപാതമായ പ്രകടനം പുറത്തെടുക്കാന്‍ ഇതുവരെ പന്തിന് സാധിച്ചിട്ടുമില്ല.
English Summary: Lucknow Super Giants face a major setback in the IPL after four consecutive losses, with Rishabh Pant struggling to perform despite high expectations and a massive price tag. Questions rise over leadership, team balance, and playoff hopes