

പേരുകേട്ട ബാറ്റിങ് നിരയുമായാണ് മുംബൈ ഇത്തവണയും ഐപിഎലിനു എത്തിയത്. എന്നാൽ സീസണിലെ പകുതി മത്സരങ്ങൾ കഴിയുമ്പോൾ 'കടലാസ് പുലികൾ' എന്ന പരിഹാസമാണ് മുംബൈ ബാറ്റർമാർ കേൾക്കേണ്ടിവന്നത്. മുതിർന്ന താരം രോഹിത് ശർമ മുതൽ യുവതാരം തിലക് വർമ വരെ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കുന്നില്ല.
മുംബൈയുടെ ബാറ്റിങ് യൂണിറ്റ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ക്വിന്റൺ ഡി കോക്ക്, ഡാനിഷ് മലേവർ, രോഹിത് ശർമ, നമാൻ ധിർ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ഷെർഫെയ്ൻ റതർഫോർഡ്....ഇങ്ങനെയൊരു ബാറ്റിങ് നിരയ്ക്കു മുന്നിൽ ഏത് ലോകോത്തര ബൗളറും പതറേണ്ടതാണ്. എന്നാൽ കടലാസിലെ കരുത്ത് ഗ്രൗണ്ടിൽ കാണിക്കാൻ ഇവർക്കു സാധിക്കുന്നില്ല.
ഈ സീസണിൽ നാല് കളികൾ കളിച്ച രോഹിത് ശർമ 165.06 സ്‌ട്രൈക് റേറ്റിൽ നേടിയിരിക്കുന്ന 137 റൺസാണ്. കണക്കുകളിൽ അൽപ്പം ഭേദം രോഹിത് തന്നെ. അപ്പോഴും പരുക്കിനെ തുടർന്ന് പ്ലേയിങ് ഇലവനിൽ രോഹിത്തിനു ഇറങ്ങാൻ സാധിക്കാത്തത് തിരിച്ചടിയാണ്.
ഈ സീസണിൽ മുംബൈയുടെ ഏറ്റവും വലിയ തലവേദന സൂര്യകുമാർ യാദവിന്റെ ഫോംഔട്ടാണ്. ഏഴ് കളികളിൽ നിന്ന് ഇതുവരെ സൂര്യ നേടിയത് വെറും 157 റൺസ്, സ്‌ട്രൈക് റേറ്റ് 142.73. കഴിഞ്ഞ സീസണിൽ 16 കളികളിൽ നിന്ന് 717 റൺസ് നേടി മുംബൈയുടെ ടോപ് സ്‌കോററായ താരം ഇത്തവണ റൺസ് കണ്ടെത്താൻ പാടുപെടുകയാണ്.
ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ പുറത്താകാതെ 101 റൺസ് നേടിയത് ഒഴിച്ചാൽ തിലക് വർമയും നിരാശപ്പെടുത്തുകയാണ്. ഏഴ് കളികളിൽ നിന്ന് 170.75 സ്‌ട്രൈക് റേറ്റിൽ തിലക് വർമ ഇതുവരെ നേടിയത് 181 റൺസാണ്.
നായകൻ ഹാർദിക് പാണ്ഡ്യയാകട്ടെ ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും ബൗളിങ്ങിലും പരാജയം. ബാറ്റിങ്ങിൽ ആറ് കളികളിൽ നിന്ന് 140.58 സ്‌ട്രൈക് റേറ്റിൽ ഹാർദിക്ക് നേടിയത് വെറും 97 റൺസ്, ബൗളിങ്ങിൽ 12.67 ഇക്കോണമിയിൽ വീഴ്ത്തിയത് മൂന്ന് വിക്കറ്റുകൾ മാത്രം.
കഴിഞ്ഞ സീസണിൽ 12 കളികളിൽ നിന്ന് 18 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രിത് ബുംറ ഇത്തവണ ഏഴ് കളികളിൽ നിന്ന് വീഴ്ത്തിയത് വെറും രണ്ട് വിക്കറ്റുകൾ മാത്രം. ഇക്കോണമി ആകട്ടെ 8.08 ആണ്. കഴിഞ്ഞ രണ്ട് സീസണുകളിലും ഏഴിൽ താഴെയായിരുന്നു ബുംറയുടെ ഇക്കോണമി. ഇന്ത്യൻ താരങ്ങളുടെ ഈ ഫോംഔട്ടാണ് മുംബൈ ഇന്ത്യൻസിന്റെ മുന്നോട്ടുള്ള യാത്രയ്ക്കും വെല്ലുവിളിയായിരിക്കുന്നത്.
English summary: Mumbai Indians are struggling in IPL 2026 as their star-studded batting lineup continues to underperform, raising serious concerns about their chances this season.