

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇന്ന് നിര്‍ണായക മത്സരം. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള ചെന്നൈയ്ക്ക് ബാക്കിയുള്ള മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം വിജയിച്ചാല്‍ മാത്രമെ പ്ലേ ഓഫില്‍ ഇടംനേടാനാവൂ. ഇന്നത്തെ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ് എതിരാളികള്‍. ലീഗിലെ ആദ്യപാദത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈയ്ക്കായിരുന്നു വിജയം. അതേസമയം ഓള്‍റൗണ്ടര്‍ ജെയ്മി ഓവര്‍ട്ടണിന്റെ പരിക്ക് സിഎസ്കെയ്ക്ക് സാരമായ ആഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
സീസണില്‍ ചെന്നൈയ്ക്ക് വേണ്ടി പത്ത് മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ഓവര്‍ട്ടന്‍ 14 വിക്കറ്റും 136 റണ്‍സും സ്വന്തമാക്കിയിരുന്നു. മധ്യ ഓവറുകളില്‍ പന്തെറിയാന്‍ മികച്ച പേസറില്ലാത്ത ചെന്നൈയ്ക്ക് ഓവര്‍ട്ടനെ കൂടെ നഷ്ടമാകുന്നത് സീസണില്‍ വലിയ തിരിച്ചടിയുണ്ടാക്കും. 2025 മെഗാതാരലേലത്തില്‍ 1.5 കോടിക്കാണ് ഓവര്‍ട്ടന്‍ ചെന്നൈയിലെത്തുന്നത്. പുതിയ സീസണില്‍ സമാന തുക നല്‍കി താരത്തെ ടീം നിലനിര്‍ത്തുകയായിരുന്നു. ലഖ്‌നൗവിനെതിരായ ആദ്യ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ഓവര്‍ട്ടനായിരുന്നു. നാല് ഓവറില്‍ 36 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റുകളാണ് മത്സരത്തില്‍ ജെയ്മി നേടിയത്.
ഉര്‍വില്‍ പട്ടേല്‍, സഞ്ജു സാംസണ്‍, ഋതുരാജ് ഗെയ്ക്വാദ് എന്നിവരുടെ മികച്ച ഫോമിലാണ് ചെന്നൈയുടെ പ്രതീക്ഷ. പ്ലേ ഓഫ് പ്രതീക്ഷകള്‍ ശക്തമായതോടെ ടീമിനൊപ്പം 'തല' മഹേന്ദ്ര സിങ് ധോണിയും ചേര്‍ന്നിട്ടുണ്ടെന്നാണ് വിവരം. പരിക്കില്‍നിന്ന് പൂർണമായും മോചിതനാവാത്ത ധോണി ഇന്ന് കളത്തിലിറങ്ങാന്‍ സാധ്യതയില്ല. ബാറ്റിങ് സ്‌ക്വാഡിന്റെ കരുത്ത് മുതലെടുത്ത് കൂടുതല്‍ റണ്‍സ് നേടുന്ന സ്ട്രാറ്റജി ടീം തുടരാനാണ് സാധ്യത. നൂര്‍ അഹമ്മദ്, അക്കീല്‍ ഹുസൈന്‍ അന്‍ഷുള്‍ കാംബോജ് എന്നിവരുടെ പ്രകടനവും നിര്‍ണായകമാവും. ജെയ്മി ഓവര്‍ട്ടണിന്റെ അഭാവത്തില്‍ മുകേഷ് ചൗധരിയുടെ പ്രകടനവും മത്സരത്തിന്റെ ഗതി നിര്‍ണയിക്കും. ഓവര്‍ട്ടന് പകരമായി എത്തുന്ന ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ഡിയാന്‍ ഫോറസ്റ്റര്‍ ചെന്നൈ ടീമിനൊപ്പം ഉടന്‍ ചേരുമെങ്കിലും ഇന്ന് കളിക്കുമോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
English Summary: Chennai Super Kings face a must-win IPL encounter against Lucknow Super Giants as playoff hopes hang in the balance. The injury to all-rounder Jamie Overton has weakened CSK’s bowling attack, increasing pressure on players like Sanju Samson, Ruturaj Gaikwad and Urvil Patel to deliver with the bat.