

മുംബൈ: ഐപിഎൽ ചരിത്രത്തിൽ ഏറ്റവും മോശം ഫോമിലാണ് പ്രതാപികളായ മുംബൈ ഇന്ത്യൻസിന്റെ സീസൺ പുരോഗമിക്കുന്നത്. നായകൻ ഹർദിക് പാണ്ഡ്യെ മുതൽ ഹിറ്റ്മാൻ രോഹിത് ശർമ്മയും സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര വരെയും പരിഭ്രാന്തരാണ്. സീസണിലെ ഉദ്ഘാടന മത്സരം ഒഴിച്ചുനിർത്തിയാൽ തുടർച്ചയായ നാല് പരാജയങ്ങൾ, സൂപ്പർ സ്റ്റാർ താരങ്ങളെല്ലാം ഫോമൗട്ട്! കൊൽക്കത്തയ്ക്ക് തൊട്ടുമുകളിലായി ലീഗിൽ ഒമ്പതാം സ്ഥാനം, ഹർദിക്കിന്റെ ക്യാപ്റ്റൻസിക്ക് വിമർശനം, വിക്കറ്റ് വരൾച്ച നേരിട്ട് ബുമ്ര, പ്രതാപികൾ പരിഭ്രാന്തരാവാൻ കൂടുതൽ കാരണങ്ങൾ ആവശ്യമില്ലെന്ന് തോന്നുന്നു. എന്താണ് യഥാർത്ഥത്തിൽ മുംബൈയിൽ സംഭവിച്ചതെന്ന ചോദ്യമാണ് പലർക്കും ഉത്തരംകിട്ടാത്ത മറ്റൊരു ചോദ്യം.
ബുമ്രയുടെയും ഫോമില്ലായ്മയും ടീമിന്റെ സ്ഥിരതയും
വിക്കറ്റ് വരൾച്ച നേരിടുന്ന ജസ്പ്രീത് ബുമ്രയാണ് മുംബൈയുടെ ഏറ്റവും വലിയ തലവേദന. ആദ്യ മൂന്ന് മത്സരങ്ങളിൽ എക്കണോമി ആറിൽ താഴെ പിടിച്ചിട്ടും വിക്കറ്റ് നേടാനാവാത്തത് ബുമ്രയിലുണ്ടാക്കിയിരിക്കുന്ന സമ്മർദ്ദങ്ങൾ ചെറുതല്ല. ഹർദ്ദിക് പാണ്ഡ്യയെന്ന നായകനുമായി ബുമ്രയ്ക്ക് വലിയ വിയോജിപ്പുകളുണ്ടെന്ന് ഓരോ മത്സരത്തിലും വ്യക്തമാണ്. ഇടയ്ക്ക് ഇരുവരും തർക്കിക്കുന്നതും സമൂഹ മാധ്യമങ്ങളിൽ വൈറലായി. സ്ലോ ബോളുകളെറിഞ്ഞ് വിക്കറ്റ് എടുക്കാൻ ശ്രമിക്കുന്ന ബുമ്ര വാങ്കെഡെയിൽ 10ന് മുകളിലെ എക്കണോമിയിലാണ് നാലോവർ പൂർത്തിയാക്കിയത്. വാങ്കെഡെയിൽ പത്ത് റൺസ് ഓരോവറിൽ വഴങ്ങുന്നത് പുത്തരിയല്ലെങ്കിലും ബുമ്രയുടെ എക്കണോമി ചർച്ച ചെയ്യപ്പെട്ടതോടെ മുംബൈ മുഴുവൻ ആ പ്രകടനത്തിൽ വിലയിരുത്തപ്പെടുകയും ചെയ്തു.
ഹർദ്ദിക്കും ടീമിലെ മറ്റു അംഗങ്ങളും തമ്മിലുള്ള പടലപിണക്കമാണ് നിലവിൽ പ്രധാന പ്രശ്നമായി ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ബുമ്ര തുടങ്ങി നിരവധി സീനിയർ താരങ്ങൾ മുംബൈ നായക പദവിയിലേക്ക് അർഹതയുള്ളവരാണ്. ലക്നൗ സൂപ്പർ ജയന്റ്സിൽനിന്ന് ഹർദിക് മുംബൈയിലേക്ക് എത്തുമ്പോൾ നായക പദവി നൽകാമെന്ന മാനേജ്മെന്റ് വാഗ്ദാനം യഥാർത്ഥത്തിൽ ടീമിന്റെ സ്ഥിരതയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. നായകനുമായുള്ള ടീമംഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോച്ച് മഹേല ജയവർധനയ്ക്ക് സാധിക്കാതെ വരുന്നതും പ്രശ്നത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നുണ്ട്.
English Summary: Internal conflicts within the Mumbai Indians camp are emerging as a major concern. Tensions between captain Hardik Pandya and senior players like Rohit Sharma, Suryakumar Yadav, and Jasprit Bumrah are reportedly affecting team stability. The management’s decision to promise captaincy to Hardik after his move from Lucknow Super Giants appears to have disrupted team balance, while coach Mahela Jayawardene is struggling to resolve the issues.