ക്രിസ്റ്റ്യാനോ കാസ്കൈസിൽ, ആരാധകർ മഡെയ്‌റയിൽ; റൊണാൾഡോയുടെ വിവാഹവും വഴിതെറ്റിയ രണ്ടായിരത്തോളം ആരാധകരും

ആൾക്കൂട്ടം കാരണം യഥാർത്ഥ വധൂവരന്മാരുടെ ബന്ധുക്കൾക്ക് പള്ളിക്ക് അകത്തേക്ക് പ്രവേശിക്കാൻ പോലും ബുദ്ധിമുട്ടായി.
ക്രിസ്റ്റ്യാനോ കാസ്കൈസിൽ, ആരാധകർ മഡെയ്‌റയിൽ; റൊണാൾഡോയുടെ വിവാഹവും വഴിതെറ്റിയ രണ്ടായിരത്തോളം ആരാധകരും
Published on

നൂറ്റാണ്ടുകൾ പഴക്കമുള്ള മഡെയ്റയിലെ ചരിത്രപ്രസിദ്ധമായ ഫഞ്ചൽ കത്തീഡ്രലിനു മുന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിവാഹം കാണാനായി തടിച്ചുകൂടിയത് ഏഴാം നമ്പർ ജേഴ്സിയണിഞ്ഞ രണ്ടായിരത്തോളം ആരാധകരാണ്. എന്നാൽ ഈ വലിയ ജനസഞ്ചയം കത്തീഡ്രലിനു മുന്നിൽ ആവേശത്തോടെ കാത്തുനിൽക്കുമ്പോൾ, അവിടെ നിന്ന് അഞ്ഞൂറ് മൈലുകൾക്കപ്പുറമുള്ള കാസ്കൈസ് എന്ന തീരദേശ നഗരത്തിൽ വെച്ച് റൊണാൾഡോയും ജോർജീന റോഡ്രിഗസും തികച്ചും രഹസ്യമായി വിവാഹിതരായി. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ, ഫഞ്ചൽ കത്തീഡ്രലിൽ നടക്കുന്നത് റൊണാൾഡോയുടെ വിവാഹമല്ലെന്ന് തിരിച്ചറിഞ്ഞത് ആരാധകരിൽ കടുത്ത നിരാശയും അമ്പരപ്പും സൃഷ്ടിച്ചു.

സൗദി പ്രോ ലീ​ഗിൽ അൽ നസർ ക്ലബ്ബിന്റെ പുതിയ സീസൺ ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് കാസ്കൈസിൽ വെച്ച് റൊണാൾഡോയുടെയും ജോർജീനയുടെയും വിവാഹം നടന്നത്. ഇരുവരുടെയും അഞ്ച് മക്കളും ഈ ലളിതമായ ചടങ്ങിൽ പങ്കെടുത്തു. ഇൻസ്റ്റ​ഗ്രാമിലൂടെ തങ്ങളുടെ വിവാഹമോതിരങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇരുവരും തങ്ങൾ ഔദ്യോ​ഗികമായി വിവാഹിതരായ വിവരം ലോകത്തെ അറിയിച്ചത്. മുൻകൂട്ടി അറിയിപ്പുകളോ വലിയ ആഘോഷങ്ങളോ ഇല്ലാതെയായിരുന്നു ഈ പ്രഖ്യാപനം.

എന്നാൽ, ഇതിനകം തന്നെ റൊണാൾഡോയുടെ ജന്മനാടായ മഡെയ്റയിൽ അദ്ദേഹത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ പരന്നിരുന്നു. ജോർണൽ ഡാ മഡെയ്‌റ എന്ന പ്രാദേശിക പത്രം ഫഞ്ചൽ കത്തീഡ്രലിൽ വിവാഹവും തുടർന്ന് അടുത്തുള്ള ഹോട്ടലിൽ സൽക്കാരവും നടക്കുമെന്ന് റിപ്പോർട്ട് ചെയ്തത് ആരാധകർ പൂർണ്ണമായും വിശ്വസിച്ചു. റൊണാൾഡോ ജനിച്ചതും, അദ്ദേഹത്തിന്റെ ഫുട്ബോൾ യാത്ര ആരംഭിച്ചതും മഡെയ്‌റയിലായതുകൊണ്ട് തന്നെ ഈ വാർത്തകൾക്ക് വലിയ സ്വീകാര്യത ലഭിച്ചു.

എന്നാൽ, ഈ വലിയ ആശയക്കുഴപ്പിത്തിന്റെ ഇരകളായത് മഡെയ്റയിലെ സാധാരണക്കാരായ ഫേബിയോ റാമോസ്, ഫാത്തിമ നിക്കോൾ എന്നീ ദമ്പതികളാണ്. ഫഞ്ചൽ കത്തീഡ്രൽ അന്നത്തേക്ക് ബുക്ക് ചെയ്തിരുന്നത് യഥാർത്ഥത്തിൽ ഇവരുടെ വിവാഹത്തിനായാണ്. മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാൻ റൊണാൾഡോ വ്യാജപേരിൽ പള്ളി ബുക്ക് ചെയ്തതാണെന്ന് വിശ്വസിച്ച ആരാധകർ പള്ളിയുടെ പരിസരം കയ്യടക്കി. ആൾക്കൂട്ടം കാരണം യഥാർത്ഥ വധൂവരന്മാരുടെ ബന്ധുക്കൾക്ക് പള്ളിക്ക് അകത്തേക്ക് പ്രവേശിക്കാൻ പോലും ബുദ്ധിമുട്ടായി.

മാധ്യമങ്ങളുടെയും ആരാധകരുടെയും തിക്കും തിരക്കും കാരണം തങ്ങളുടെ വിവാഹം തടസപ്പെടുമോ എന്ന ആശങ്കയിലായിരുന്നു വധൂവരന്മാർ. ഒടുവിൽ പള്ളിയിലെ പുരോഹിതനായ മാർക്കോസ് ​ഗോൺസാൽവസ് നേരിട്ടെത്തി ഇതൊരു സാധാരണ വിവാഹമാണെന്നും റൊണാൾഡോയുടേതല്ലെന്നും ജനക്കൂട്ടത്തെ ബോധ്യപ്പെടുത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്.

ക്രിസ്റ്റ്യാനോ കാസ്കൈസിൽ, ആരാധകർ മഡെയ്‌റയിൽ; റൊണാൾഡോയുടെ വിവാഹവും വഴിതെറ്റിയ രണ്ടായിരത്തോളം ആരാധകരും
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; ഐപിഎല്‍ താരം അറസ്റ്റില്‍

റൊണാൾഡോയുടെ കുടുംബത്തിൽനിന്ന് തന്നെയാണ് ഈ അഭ്യൂഹങ്ങൾക്ക് തുടക്കം കുറിച്ചത്. അ​ദ്ദേഹത്തിന്റെ സഹോദരി കാറ്റിയ അവീറോ, താൻ ഒരു വലിയ ആഘോഷത്തിനായി മഡെയ്റയിൽ എത്തിയെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചത് ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ഇതിനൊപ്പെ പ്രാദേശിക പത്രങ്ങളുടെ റിപ്പോർട്ടും കൂടിയായപ്പോൾ റൊണാൾഡോയുടെ വിവാഹം മഡെയ്‌റയിൽത്തന്നെ നടക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. കാസ്കൈസിൽ വിവാഹം നടന്നെന്ന വാർത്ത പുറത്തുവന്നതോടെയാണ് ഈ അഭ്യൂഹങ്ങൾക്ക് അവസാനമായത്. കത്തീഡ്രലിന് മുന്നിൽ തടിച്ചുകൂടിയ വൻ ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് യഥാർത്ഥ സത്യം പുറത്തുവന്നത്. ആരാധകർ പ്രതീക്ഷിച്ച യാതൊരുവിധ ആർഭാടങ്ങളുമില്ലാതെ, മഡെയ്‌റയിലല്ല, മറിച്ച് കാസ്കൈസിൽ വെച്ച് റൊണാൾഡോയും ജോർജീനയും ഇതിനകം തന്നെ വിവാഹിതരായിരുന്നു.

എന്നാൽ ഈ സംഭവങ്ങളെല്ലാം റൊണാൾഡോയെ ചിരിപ്പിക്കുകയാണുണ്ടായത്. ഈ അബദ്ധത്തെക്കുറിച്ചുള്ള വാർത്തകൾക്കും വീഡിയോകൾക്കും താഴെ ചിരിക്കുന്ന ഇമോജികളാണ് താരം പങ്കുവെച്ചത്. തികച്ചും അപരിചിതരായ രണ്ടുപേരുടെ വിവാഹദിനത്തെ ഫുട്ബോൾ ചരിത്രത്തിലെ ഒരു അവിചാരിത കഥയായി മാറ്റിയ ഈ സംഭവത്തോടുള്ള അദ്ദേഹത്തിന്റെ ഒരേയൊരു ഔദ്യോഗിക പ്രതികരണമായിരുന്നു അത്.

ആരാണ് ജോർജീന റോഡ്രിഗസ്?

ഒരു സ്പാനിഷ് മോഡലും, ഇൻഫ്ലുവൻസറും, നർത്തകിയും, ബിസിനസുകാരിയുമാണ് മുപ്പത്തിരണ്ടുകാരിയായ ജോർജീന റോഡ്രിഗസ്. അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ ജനിച്ച ജോർജീന പിന്നീട് സ്പെയിനിലെ ജാക്കയിലേക്ക് കുടുംബത്തോടൊപ്പം താമസം മാറുകയും, സ്വന്തം കരിയർ കെട്ടിപ്പടുക്കുന്നതിനായി മാഡ്രിഡിലേക്ക് ചേക്കേറുകയും ചെയ്തു.

ചെറുപ്പം മുതൽക്കേ നൃത്തത്തോട് അതിയായ താത്പര്യമുണ്ടായിരുന്ന ജോർജീന, ഫാഷൻ ലോകത്തേക്ക് ചുവടുവെക്കുന്നതിന് മുൻപ് ഒരു ബാലെ ഡാൻസറായി പരിശീലനം നേടിയിരുന്നു. മാഡ്രിഡിലെ ഗുച്ചി (Gucci) സ്റ്റോറിൽ സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന സമയത്താണ് റൊണാൾഡോയെ ആദ്യമായി കണ്ടുമുട്ടുന്നത്. റൊണാൾഡോ അന്ന് റയൽ മാഡ്രിഡിന് വേണ്ടി കളിക്കുന്ന ലോകത്തെ ഏറ്റവും പ്രശസ്തരായ ഫുട്ബോൾ താരങ്ങളിലൊരാളായിരുന്നു. ഈ ആകസ്മികമായ കൂടിക്കാഴ്ച എങ്ങനെ ഒരു പ്രണയമായി മാറി എന്നതിനെക്കുറിച്ച് ജോർജീന പിന്നീട് തുറന്നുപറഞ്ഞിട്ടുണ്ട്.

റൊണാൾഡോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജോർജീന മോഡലിങ് രംഗത്തേക്ക് തിരിഞ്ഞു. പല പ്രമുഖ ബ്രാൻഡുകൾക്കും മാഗസിനുകൾക്കും വേണ്ടി അവർ പ്രവർത്തിച്ചു. 2021-ൽ 'OM by G' എന്ന പേരിൽ സ്വന്തമായി ഒരു ഫാഷൻ ലേബൽ ആരംഭിച്ചു. ഇതുകൂടാതെ, റൊണാൾഡോയുടെ ഉടമസ്ഥതയിലുള്ള 'ഇൻസ്പായ' (Insparya) എന്ന ഹെയർ റീസ്റ്റോറേഷൻ കമ്പനിയുമായി ബന്ധപ്പെട്ടും അവർ പ്രവർത്തിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ വലിയ സ്വാധീനമുള്ള ജോർജീനയ്ക്ക് ഇൻസ്റ്റ​ഗ്രാമിൽ മാത്രം 7.7 കോടിയിലധികം ഫോളോവേഴ്സ് ഉണ്ട്. സ്പാനിഷ് സംസാരിക്കുന്ന വ്യക്തികളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ളവരിൽ ഒരാളാണ് അവർ. 2022-ൽ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ 'ഐ ആം ജോർജീന' എന്ന ഡോക്യുമെന്ററി സീരീസിലൂടെ അവരുടെ ജീവിതവും, റൊണാൾഡോയുമായുള്ള ബന്ധവും ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് മുന്നിലെത്തി. ഇതിനകം തന്നെ ഈ സീരീസിന്റെ മൂന്ന് ഭാഗങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്.

ക്രിസ്റ്റ്യാനോ കാസ്കൈസിൽ, ആരാധകർ മഡെയ്‌റയിൽ; റൊണാൾഡോയുടെ വിവാഹവും വഴിതെറ്റിയ രണ്ടായിരത്തോളം ആരാധകരും
'അന്ന് മറ്റുവഴികള്‍ ഉണ്ടായിരുന്നില്ല', ഇടതും വലതും ബാറ്റ് ചെയ്ത ഗവാസ്‌കര്‍ മാജിക്

അലാന മാർട്ടിൻ, ബെല്ല എസ്മെറാൾഡ എന്നീ രണ്ട് കുട്ടികളുടെ അമ്മയാണ് ജോർജീന. കൂടാതെ, റൊണാൾഡോയുടെ മറ്റു കുട്ടികളായ ക്രിസ്റ്റ്യാനോ ജൂനിയർ, ഇരട്ടകളായ ഇവാ, മാറ്റിയോ എന്നിവരെ വളർത്തുന്നതിലും അവർ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷമായി ഇരുവരും ഒന്നിച്ചാണ് ജീവിക്കുന്നതെങ്കിലും ഇപ്പോഴാണ് ഈ ബന്ധം അവർ ഔദ്യോഗികമായി വിവാഹത്തിലേക്ക് കടന്നത്.

Summary

Football superstar Cristiano Ronaldo and Spanish model-entrepreneur Georgina Rodríguez have officially tied the knot in a private civil ceremony in Cascais, Portugal, attended by their five children, marking the culmination of a decade-long relationship. The low-key announcement via social media coincided with a viral mix-up in Ronaldo’s hometown of Madeira, where over 2,000 fans gathered at Funchal Cathedral believing a secret celebrity wedding was underway—only to crash the actual wedding of a local couple.

Madism Digital
madismdigital.com