

ആരാധകരുടെ ഹൃദയം തകര്‍ത്ത മത്സരം. എല്ലാ പ്രതീക്ഷകളും പാടെ മായ്ച്ചു കളഞ്ഞ് മെസിക്കും അര്‍ജന്റീനയ്ക്കും മേല്‍ പൂര്‍ണ ആധിപത്യം സ്ഥാപിച്ച് സ്‌പെയിന്‍ ലോക കീരീടത്തില്‍ മുത്തമിട്ടു. ന്യൂയോര്‍ക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന ഫിഫ ലോകകപ്പ് 2026 ഫൈനലില്‍ 1-0 നായിരുന്നു സ്‌പെയിനിന്റെ വിജയം. നിശ്ചിത സമയവും പിന്നിട്ട് ഗോള്‍ രഹിതമായി അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ 106-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ സ്ട്രൈക്കര്‍ ഫെറാന്‍ ടോറസിലൂടെയാണ് സ്‌പെയിന്‍ മത്സരം പിടിച്ചെടുത്തത്.
മത്സരത്തില്‍ ഉടനീളം ആധിപത്യം പുലര്‍ത്തിയാണ് സ്‌പെയിന്‍ കലാശപ്പോരാട്ടത്തില്‍ കളം നിറഞ്ഞത്. സെമി ഫൈനല്‍ വരെ മികച്ച രീതിയില്‍ കളിച്ചുവന്ന മെസിയും സംഘവും എന്തുകൊണ്ട് ഫൈനലില്‍ നിറം മങ്ങി. ആരാധകര്‍ക്കിടയിലെ നിലവിലെ ചര്‍ച്ചകളും വിലയിരുത്തലുകളും ഇങ്ങനെയാണ്.
അമിത മെസി ആശ്രയത്വം
ഇത്തവണത്തെ ലോകകപ്പ് ടൂര്‍ണമെന്റില്‍ ഗോള്‍ വേട്ടക്കാരിന്‍ മുന്നില്‍ ആയിരുന്നു ലയണല്‍ മെസിയുടെ സ്ഥാനം. സെമിെ ഫൈനല്‍ വരെ മെസി ഈ പട്ടികയില്‍ ഒന്നാമതെത്തി. അര്‍ജന്റീനയുടെ ആക്രമണങ്ങളുടെ കുന്തമുന മെസി തന്നെയായിരുന്നു. മെസി എന്ന സുപ്പര്‍ താരത്തോടുള്ള ടീമിന്റെ ഈ അമിത ആശ്രയത്വം തന്നെയാണ് തോല്‍വിയുടെ പ്രധാനകാരണമായി വിലയിരുത്തപ്പെടുന്നത്.
ഫൈനല്‍ മത്സരത്തില്‍ മെസി എന്ന താരത്തെ അത്ഭുതകരമാംവിധം നിശബ്ദനാക്കിയായിരുന്നു സ്‌പെയിന്‍ കളി മെനഞ്ഞത്. നിര്‍ണായകമായ ഒരു പാസ് പോലും നല്‍കാന്‍ മെസിക്ക് മത്സരത്തില്‍ കഴിഞ്ഞില്ല. മത്സരത്തിന്റെ ആദ്യ 15 മിനിറ്റുകളില്‍ വെറും കാഴ്ചക്കാരന്‍ മാത്രമായിരുന്നു മെസി. സുപ്പര്‍താരത്തിന് കിട്ടിയത് ഒരു ടച്ച് മാത്രമായിരുന്നു.
മധ്യനിരയില്‍ സ്‌പെയിനിന്റെ ആധിപത്യം
സ്‌പെയിനിന്റെ മധ്യനിരയാണ് മത്സരങ്ങളുടെ ഗതി നിയന്ത്രിച്ചത്. ടൂര്‍ണമെന്റിലുടനീളം ഈ രീതിയായിരുന്നു സ്‌പെയിന്‍ തുടര്‍ന്നത്. എതിരാളികള്‍ക്ക് ദീര്‍ഘനേരം പന്ത് കൈവശം വയ്ക്കാന്‍ അവര്‍ ഒരു തരത്തിലും അനുവദിച്ചില്ല. അതിവേഗത്തിലുള്ള കുറിയ പാസുകളിലൂടെ എതിരാളികളുടെ ആത്മവിശ്വാസം തകര്‍ക്കാനും ഇവര്‍ക്കായി.
എന്‍സോ ഫെര്‍ണാണ്ടസിന്റെ ചുവപ്പ് കാര്‍ഡ്
ഈ ടൂര്‍ണമെന്റില്‍ അര്‍ജന്റീനയുടെ പ്രത്യേകത അവസാന മിനിറ്റുകളിലെ ആക്രമണമായിരുന്നു. എന്നാല്‍ ഫൈനലില്‍ പരുക്കന്‍ കളി പരിധി വിട്ടതോടെ എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയതും കളിയില്‍ നിര്‍ണായകമായി. രണ്ടാം പകുതിയിലെ അധിക സമയത്തായിരുനന്നു ആ സംഭവം. സ്റ്റോപ്പേജ് സമയത്തിന്റെ മൂന്നാം മിനിറ്റില്‍ പോ കുബാര്‍സിക്ക് എതിരായ നീക്കത്തിന്റെ പേരില്‍ എന്‍സോ ഫെര്‍ണാണ്ടസിന് രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് ലഭിക്കുകയായിരുന്നു.
ഇതോടെ പത്തുപേരായി ചുരുങ്ങിയ അര്‍ജന്റീനയുടെ സാധ്യതകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴുകയും ചെയ്തു. ഒരാളുടെ കുറവില്‍ സ്‌പെയിനിനെ പോലൊരു ടീമിനെതിരെ കളിക്കുക എന്നത് അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. അധിക സമയത്തിന്റെ രണ്ടാം പകുതിയില്‍ ആറ് മിനിറ്റിനുള്ളില്‍ അര്‍ജന്റീനയുടെ സ്വപ്‌നങ്ങള്‍ തകര്‍ത്ത ആ നിമിഷം വന്നെത്തി. പകരക്കാരനായി ഇറങ്ങിയ ഫെറാന്‍ ടോറസ് ശരിയായ സമയത്ത് ശരിയായ സ്ഥലത്തു നിന്നും തന്റെ ഷോട്ട് വലയില്‍ എത്തിച്ചു.
സമനില തെറ്റിച്ച മാര്‍ട്ടിനെസിന്റെ പരുക്ക്
അര്‍ജന്റീനയുടെ പ്രതിരോധത്തിന്റെ കാതലായ കൂട്ടുകെട്ടായിരുന്നു ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് ക്രിസ്റ്റ്യന്‍ റൊമേറോ സഖ്യം. പരിക്ക് കാരണം അര്‍ജന്റീന മാര്‍ട്ടിനെസിനെ പിന്‍വലിക്കേണ്ടിവന്നതും നിര്‍ണായകമായി. പരിചയസമ്പന്നനായ പ്രതിരോധ താരം നിക്കോളാസ് ഒട്ടമെന്‍ഡിയെ കളത്തിലേക്ക് ഇറക്കിയായിരുന്നു സ്‌കെലോനി ഇതിന് പരിഹാരം കാണാന്‍ ശ്രമിച്ചത്. എന്നാല്‍, അപ്രതീക്ഷിതമായ മാറ്റം ടീമിന്റെ മൊത്തത്തിലുള്ള സന്തുലിതാവസ്ഥയെ മാറ്റിമറിച്ചു.
ആക്രമണം മറന്ന അര്‍ജന്റീന
ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടീമായാണ് ഫൈനലിന് മുമ്പ് അര്‍ജന്റീന അറിയപ്പെട്ടത്. എതിരാളികളുടെ വല 19 തവണയാണ് അര്‍ജന്റീന ഇത്തവണ കുലുക്കിയത്. പക്ഷേ ഫൈനലിന്റെ നിശ്ചിത സമയത്ത് ഒരു ഷോട്ട് പോലും നേടാന്‍ അര്‍ജന്റീനയുടെ സക്വാഡിന് കഴിഞ്ഞില്ല. ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും പായിക്കാനായില്ല. മത്സരം പുര്‍ത്തിയാകുമ്പോള്‍ ആകെ രണ്ട് ഷോട്ടുകള്‍ മാത്രമായിരുന്നു അര്‍ജന്റീനയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്.
എന്നാല്‍, നേര്‍വിപരീതമായിരുന്നു സ്‌പെയിനിന്റെ കണക്കുകള്‍. അര്‍ജന്റീനയുടെ ഗോള്‍മുഖത്ത് സ്‌പെയിന്‍ നിരന്തരം ആക്രമണം അഴിച്ചുവിട്ടു. 90 മിനിറ്റിനിടെ 20 ഷോട്ടുകള്‍ ഗോള്‍മുഖത്തേക്ക് എത്തിച്ചു. അതില്‍ 12 എണ്ണം ലക്ഷ്യത്തിലേക്കായിരുന്നു.
Argentina's dream of retaining the FIFA World Cup title ended with a defeat to Spain in the 2026 final. Despite entering the match as defending champions and boasting the experience of Lionel Messi, Argentina struggled to cope with Spain's control and efficiency. Several tactical and performance-related factors contributed to the loss, allowing Spain to emerge as world champions.