അഡോബിയുടെ തലപ്പത്ത് വീണ്ടും ഇന്ത്യൻ വംശജൻ; പുതിയ സിഇഒ അനിൽ ചക്രവർത്തി

നിലവിലെ സിഇഒ ശന്തനു നാരായൺ സ്ഥാനമൊഴിയുന്നതോടെയാണ് അദ്ദേഹത്തിന്റെ പിൻഗാമിയായി അനിൽ ചക്രവർത്തിയെ അഡോബി പ്രസിഡന്റും സിഇഒയുമായി നിയമിച്ചത്
അഡോബിയുടെ തലപ്പത്ത് വീണ്ടും ഇന്ത്യൻ വംശജൻ; പുതിയ സിഇഒ അനിൽ ചക്രവർത്തി
Published on

യുഎസ് ടെക് ഭീമൻ അഡോബിയെ നയിക്കാൻ വീണ്ടും ഇന്ത്യൻ വംശജൻ. നിലവിലെ സിഇഒ ശന്തനു നാരായൺ സ്ഥാനമൊഴിയുന്നതോടെയാണ് അദ്ദേഹത്തിന്റെ പിൻഗാമിയായി അനിൽ ചക്രവർത്തിയെ അഡോബി പ്രസിഡന്റും സിഇഒയുമായി നിയമിച്ചത്. 2026 ഡിസംബർ ഒന്നിന് അനിൽ ചുമതലയേൽക്കും. നിലവിൽ അഡോബിയുടെ കസ്റ്റമർ എക്സ്പീരിയൻസ് ഓർക്കസ്ട്രേഷൻ വിഭാഗത്തിന്റെ പ്രസിഡന്റാണ് അനിൽ ചക്രവർത്തി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത കമ്പനികളിൽനിന്ന് ശക്തമായ മത്സരം നേരിടുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ നിയമനം. ഐഐടി വാരാണസിയിൽനിന്ന് എൻജിനിയറിങ് ബിരുദം നേടിയ അനിൽ ചക്രവർത്തി പിന്നീട് മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് സയൻസിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയിട്ടുണ്ട്. 2000 ജനുവരിയിലാണ് അദ്ദേഹം അഡോബിയിൽ ചേർന്നത്. ഡിജിറ്റൽ എക്സ്പീരിയൻസ് വിഭാഗത്തിന്റെ പ്രസിഡന്റും ജനറൽ മാനേജരുമായാണ് അദ്ദേഹം കമ്പനിയിൽ ജോലി ആരംഭിച്ചത്. 2020ൽ അഡോബിയുടെ ആഗോള ഫീൽഡ് ഓപ്പറേഷൻസിന്റെ ചുമതലയും അദ്ദേഹം ഏറ്റെടുത്തു.

പിന്നീട് കസ്റ്റമർ എക്സ്പീരിയൻസ് ഓർക്കസ്ട്രേഷൻ സൊല്യൂഷൻസ് വിഭാഗത്തിന്റെ നേതൃത്വത്തിലേക്ക് എത്തിയ അനിൽ, ഈ മേഖലയിൽ അഡോബിയുടെ വിപണി നില കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച ആളാണ്. 18 വർഷത്തോളം അഡോബിയുടെ സിഇഒ ആയി പ്രവർത്തിച്ച ശന്തനു നാരായൺ ഈ വർഷം മാർച്ചിലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. അഡോബിയുടെ ഭാവി സാധ്യതകൾ വലുതാണെന്നും വിപണിയിലെ മാറ്റങ്ങൾക്ക് നേതൃത്വം നൽകാൻ അനിലിന് കഴിയുമെന്നും ശന്തനു നാരായൺ പ്രതികരിച്ചു.

അഡോബിയുടെ തലപ്പത്ത് വീണ്ടും ഇന്ത്യൻ വംശജൻ; പുതിയ സിഇഒ അനിൽ ചക്രവർത്തി
സിലിക്കൺ വാലിയെ ഞെട്ടിച്ച് പുതിയ വെളിപ്പെടുത്തൽ: ആന്ത്രോപിക് സിഇഒയുടെ ഭാര്യ എപ്സ്റ്റീനെ സമീപിച്ചത് 'ലക്ഷ്വറി പോൺ' കമ്പനിക്ക് വേണ്ടി

ആരാണ് അനിൽ ചക്രവർത്തി?

അഡോബിയുടെ പുതിയ പ്രസിഡന്റും സിഇഒയുമായി ചുമതലയേൽക്കാനൊരുങ്ങുന്ന അനിൽ ചക്രവർത്തി 2020 ജനുവരിയിലാണ് കമ്പനിയിലെത്തിയത്. ഡിജിറ്റൽ എക്സ്പീരിയൻസ് വിഭാഗത്തിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ജനറൽ മാനേജരുമായാണ് അഡോബിയിൽ അദ്ദേഹത്തിന്‍റെ തുടക്കം. അതേ വർഷം തന്നെ കമ്പനിയുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയ്ക്ക് കീഴിലുള്ള എന്റർപ്രൈസ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ആഗോള ഫീൽഡ് ഓപ്പറേഷൻസിന്റെ ചുമതലയും ഏറ്റെടുത്തു.

2021 ഡിസംബറിൽ ഡിജിറ്റൽ എക്സ്പീരിയൻസ് വിഭാഗത്തിന്റെയും ആഗോള ഫീൽഡ് ഓപ്പറേഷൻസിന്റെയും പ്രസിഡന്റായി അനിൽ ചക്രവർത്തി സ്ഥാനക്കയറ്റം നേടി. അഡോബിയിലെത്തുന്നതിന് മുമ്പ് എന്റർപ്രൈസ് ക്ലൗഡ് ഡാറ്റ മാനേജ്മെന്റ് കമ്പനിയായ ഇൻഫോർമാറ്റിക്കയുടെ സി.ഇ.ഒ. ആയിരുന്നു അനിൽ. നാല് വർഷത്തോളം അദ്ദേഹം ഈ പദവിയിൽ തുടർന്നു. 2013ലാണ് ഇൻഫോർമാറ്റിക്കയിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി അനിൽ ചക്രവർത്തി ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

അഡോബിയിലെത്തുന്നതിന് മുമ്പ് സിമാന്റക്, വെരിസൈൻ എന്നീ ടെക് കമ്പനികളിൽ വിവിധ ഉന്നത പദവികളിൽ അനിൽ ചക്രവർത്തി പ്രവർത്തിച്ചിട്ടുണ്ട്. മക്കിൻസി ആൻഡ് കമ്പനിയിലെ പ്രവർത്തന പരിചയവും അദ്ദേഹത്തിനുണ്ട്. ടെക്‌നോളജി മേഖലയിലെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിച്ചുള്ള വിപുലമായ അനുഭവസമ്പത്താണ് അനിലിനുള്ളത്.

ഇന്ത്യയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, വാരാണസിയിൽനിന്ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്ങിൽ ബിടെക് ബിരുദം നേടിയ അദ്ദേഹം പിന്നീട് മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (MIT) നിന്ന് സയൻസിൽ മാസ്റ്റർ ബിരുദവും പിഎച്ച്.ഡി.യും നേടി.

അഡോബിയുടെ തലപ്പത്ത് വീണ്ടും ഇന്ത്യൻ വംശജൻ; പുതിയ സിഇഒ അനിൽ ചക്രവർത്തി
നാല് പതിറ്റാണ്ട് നീണ്ട നിയമപോരാട്ടം; ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ബോഫോഴ്സ് കേസിന് തിരശ്ശീല

അഡോബിയിൽ നിർണായക പങ്ക്

അനിൽ ചക്രവർത്തിയുടെ നേതൃത്വത്തിൽ അഡോബിയുടെ കസ്റ്റമർ എക്സ്പീരിയൻസ് ഓർക്കസ്ട്രേഷൻ ബിസിനസ് മികച്ച വളർച്ച കൈവരിച്ചതായി കമ്പനി വ്യക്തമാക്കി. എ.ഐ. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഉപഭോക്താക്കൾക്ക് പുതിയ തലത്തിലുള്ള അനുഭവങ്ങൾ നൽകുന്ന Adobe CX Enterprise, GenStudio, Brand Visibility തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വികസനത്തിന് അദ്ദേഹം നേതൃത്വം നൽകി.

അഡോബി എക്സ്പീരിയൻസ് പ്ലാറ്റ്‌ഫോം കൂടുതൽ വിപുലീകരിക്കുന്നതിലും പുതിയ ഉൽപ്പന്നങ്ങളായ CX Enterprise Coworker അവതരിപ്പിക്കുന്നതിലും അനിൽ നിർണായക പങ്കുവഹിച്ചു. കൂടാതെ Workfront, Semrush എന്നീ കമ്പനികളുടെ ഏറ്റെടുക്കലിനും അവയെ അഡോബിയുടെ ബിസിനസുമായി യോജിപ്പിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി.

അഡോബിയുടെ പുതിയ സി.ഇ.ഒ.യായി നിയമിക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് അനിൽ ചക്രവർത്തി പ്രതികരിച്ചു. കമ്പനിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും ക്രിയേറ്റിവിറ്റി, പ്രൊഡക്ടിവിറ്റി, കസ്റ്റമർ എക്സ്പീരിയൻസ് എന്നീ മേഖലകളിൽ ഏജന്റിക് സോഫ്റ്റ്‌വെയർ രംഗത്തെ അഡോബിയുടെ നേതൃത്വം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമാണ് തന്റെ പ്രധാന ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.

അഡോബിയെ പുതിയ വളർച്ചാ ഘട്ടത്തിലേക്ക് നയിക്കാൻ മികച്ച അടിത്തറ ഒരുക്കിയ ശന്തനു നാരായണന്റെ നേതൃത്വത്തെ അനിൽ ചക്രവർത്തി പ്രശംസിച്ചു. എഐ അധിഷ്ഠിത സാങ്കേതികവിദ്യയുടെ കാലഘട്ടത്തിൽ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനം നൽകുന്നതിനും അഡോബിയെ കൂടുതൽ ശക്തമായ നിലയിലേക്ക് നയിക്കുന്നതിനുമായി ജീവനക്കാരുമായും ശന്തനു നാരായണനുമായും ഡയറക്ടർ ബോർഡുമായും അടുത്ത് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Madism Digital
madismdigital.com