

ഓപ്പൺ എഐക്കെതിരായ ഇലോൺ മസ്കിന്റെ ഹൈ പ്രൊഫൈൽ നിയമപോരാട്ടം പരാജയത്തിൽ കലാശിച്ചത്തിന് പിന്നിലെ കാരണങ്ങള്‍ അന്വേഷിക്കുകയാണ് ടെക് ലോകം. ഓപ്പൺ എഐക്കും കമ്പനി സിഇഒ സാം ആൾട്ട്മാനുമെതിരെയാണ് മസ്ക് നിയമപോരാട്ടം നടത്തിയത്. എന്നാൽ കേസ് അമേരിക്കൻ കോടതി തള്ളുകയായിരുന്നു. കാലിഫോർണിയയിലെ ജൂറി ഏകകണ്ഠമായാണ് മസ്കെനെതിരെ നിലപാട് സ്വീകരിച്ചത്. അതേസമയം, ഓപ്പൺ എഐ കുറ്റക്കാരല്ലെന്ന് പ്രഖ്യാപിച്ചതുകൊണ്ടല്ല മസ്ക് തോറ്റുവെന്ന വിലയിരുത്തല്‍. കേസ് ഫയൽ ചെയ്യുന്നതിൽ നിയമപരമായി ഏറെ വൈകിയെന്ന സാങ്കേതിക പിശകാണ് മസ്കിന് തിരിച്ചടിയുണ്ടാക്കിയതെന്നാണ് നിയമ വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
എന്തായിരുന്നു കേസ്?
2015ൽ മനുഷ്യരാശിയുടെ ഗുണത്തിനായി സുരക്ഷിതമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസിപ്പിക്കുമെന്ന ലക്ഷ്യത്തോടെ, ലാഭം പ്രതീക്ഷിക്കാതെ, പ്രവർത്തിക്കുന്ന സ്ഥാപനമായാണ് ഓപ്പൺ എഐ സ്ഥാപിതമാകുന്നത്. ഇതിന്റെ ഭാഗമായി പ്രാരംഭകാലത്ത് ഏകദേശം 366 കോടി രൂപ മസ്‌ക് നിക്ഷേപിച്ചു. എന്നാൽ പിന്നീട് ഓപ്പൺ എഐ കൂടുതൽ വ്യാപാരാധിഷ്ഠിത സ്ഥാപനമായി പരിണമിക്കുകയും മൈക്രോസോഫ്റ്റ് വൻകിട നിക്ഷേപവുമായി രംഗത്തെത്തുകയും ചെയ്തു. ഇത് മസ്കിനെ ചൊടിപ്പിച്ചു, പിന്നാലെയാണ് നിയമനടപടികളിലേക്ക് കടക്കുന്നത്.
മസ്കിന്റെ പ്രധാന ആരോപണങ്ങൾ
ലാഭേച്ഛയില്ലാത്ത സ്ഥാപനമായിട്ടാണ് ഓപ്പൺ എഐയ്ക്ക് സാം ആൾട്ട്മാൻ രൂപം കൊടുക്കുന്നത്. മനുഷ്യരാശിയുടെ പുരോഗതിക്കായി എഐ വികസിപ്പിക്കുകയെന്നതായിരുന്നു സ്ഥാപക ദൌത്യം. എന്നാൽ കമ്പനി പിന്നീട് ഇതിൽനിന്നും പിന്മാറി. ഇതോടെ വിശ്വാസ വഞ്ചനയാണെന്നും തന്നെ കബളിപ്പിച്ചാണ് ഓപ്പൺ എഐ നിക്ഷേപം സ്വീകരിച്ചതെന്നതും മസ്ക് ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ മൈക്രോസോഫ്റ്റ് സഹായവും നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
നിയമപോരാട്ടം പരാജയപ്പെട്ടത് എങ്ങനെ?
കേസിന്റെ ഉള്ളടക്കം പരിശോധിക്കുന്നതിന് മുമ്പ് തന്നെ കേസില്‍ പരാതിക്കാരനായ മസ്കിന് തിരിച്ചടിയേറ്റു. അമേരിക്കൻ നിയമപ്രകാരം, ചില ആരോപണങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ഫയൽ ചെയ്യണം. 2018ൽ ഓപ്പൺ എഐയിൽനിന്നും പടിയിറങ്ങിയ മസ്‌ക് സ്ഥാപനത്തിനെതിരെ നിയമപോരാട്ടത്തിനിറങ്ങിയത് ഏകദേശം ആറ് വർഷങ്ങൾക്ക് ശേഷമായിരുന്നു. ഇതോടെ കേസിന്‍റെ നിയമസാധുത നഷ്ടപ്പെട്ടു.
ചാരിറ്റി വിശ്വാസ ലംഘനം, അന്യായ സാമ്പത്തിക ലാഭം എന്നിവയുമായി ബന്ധപ്പെട്ട മസ്കിന്റെ എല്ലാ പ്രധാന അവകാശവാദങ്ങളും സമയപരിധി കഴിഞ്ഞ ശേഷമാണ് കോടതിയിലെത്തിയത്. അതുകൊണ്ടുതന്നെ കോടതിക്ക് ആരോപണ വിധേയർ തെറ്റ് ചെയ്തോയെന്ന് പരിശോധിക്കാനുള്ള നിയമപരമായ സാധ്യതകള്‍ ഇല്ലാതായി.
മൂന്ന് ആഴ്ച നീണ്ട വിചാരണയിൽ എലോൺ മസ്ക്, ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല എന്നിവർ ഉൾപ്പെടെ പ്രമുഖർ കോടതിയിൽ മൊഴി നൽകി. ഓപ്പൺ എഐയുടെ ഇ-മെയിലുകളും രേഖകളും ജൂറി വിശദമായി പരിശോധിക്കുകയും ചെയ്തു. വിചാരണയ്ക്കിടെ സാം ആൾട്ട്മാൻ കോടതിയിൽ പറഞ്ഞത്, ഓപ്പൺഎഐ കൂടുതൽ വ്യാപാരാധിഷ്ഠിതമായി മാറണമെന്ന ആശയത്തെ മസ്ക് തന്നെയും പിന്തുണച്ചിരുന്നുവെന്നായിരുന്നു. കൂടാതെ, കമ്പനിയുടെ ദീർഘകാല നിയന്ത്രണം സ്വന്തമാക്കാൻ മസ്ക് ശ്രമിച്ചിരുന്നുവെന്നും ആൾട്മാൻ വെളിപ്പെടുത്തിയിരുന്നു.
വാക്‌വാദങ്ങളും പ്രശ്നങ്ങളും
2015ൽ ഇലോൺ മസ്കും സാം ആൾട്ട്മാനും ചേർന്നാണ് ഓപ്പൺ എഐ സ്ഥാപിച്ചത്. എന്നാൽ കമ്പനിയുടെ പൂർണ്ണ നിയന്ത്രണം ലഭിക്കാത്തതിനെ തുടർന്ന് മസ്ക് 2018ൽ ഓപ്പൺ എഐയിൽനിന്ന് പിന്മാറി. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ശക്തമായത്. പിന്നീട് ചാറ്റ് ജിപിടി ആഗോളതലത്തിൽ വൻവിജയം നേടുകയും സാം ആൾട്മാൻ ടെക് ലോകത്തിലെ പ്രധാന വ്യക്തിത്വമായി ഉയരുകയും ചെയ്തതു.
വിധിക്ക് പിന്നാലെ മസ്ക് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. 'കുറച്ച് വർഷങ്ങൾ മിണ്ടാതിരിക്കാനായാൽ ചാരിറ്റികളെ കൊള്ളയടിക്കാൻ അനുമതി നൽകുന്ന വിധി' എന്നാണ് അദ്ദേഹം കുറിച്ചത്. എന്നാൽ പിന്നീട് ആ പോസ്റ്റ് നീക്കം ചെയ്തു. മറ്റൊരു പോസ്റ്റിൽ, കേസിന്റെ യഥാർത്ഥ വിഷയത്തിൽ അല്ല മറിച്ച് 'സമയപരിധി സാങ്കേതികത' അടിസ്ഥാനത്തിലാണ് വിധിയെന്നും, അപ്പീലുമായി മേൽക്കോടതിയെ സമീപിക്കുമെന്നും മസ്ക് അറിയിച്ചു. അതേസമയം, ഓപ്പൺ എഐ വക്താവ് സാം സിംഗർ വിധിയെ 'വലിയ വിജയം' എന്നാണ് വിശേഷിപ്പിച്ചത്. മസ്ക് അപ്പീലിലേക്ക് പോകുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ജൂറി എടുത്ത ഇത്തരത്തിലുള്ള വസ്തുതാപരമായ തീരുമാനങ്ങൾ അപ്പീലിൽ തിരുത്തുക വളരെ പ്രയാസമാണെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ.
English Summary: Elon Musk has lost his high-profile lawsuit against OpenAI and CEO Sam Altman after a California jury ruled that the case was filed too late under US law. Musk accused OpenAI of abandoning its original non-profit mission after accepting his investment and shifting toward a profit-driven model backed by Microsoft. However, the court did not examine the core allegations because the claims were deemed legally time-barred. Musk has now vowed to appeal the verdict.