ഐ ടി മേഖലയിലെ പ്രൊഫഷണലുകളുടെ സ്വര്‍ഗരാജ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ ഇപ്പോള്‍ കനത്ത ആശങ്കയും അനിശ്ചിതത്വവും പുകയുകയാണ്. യുഎസിലെ കഠിനമായ കുടിയേറ്റ നയങ്ങളും ഐടി കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടലും കാരണം കഴിഞ്ഞ വര്‍ഷം മാത്രം 15,000ൽ അധികം ഇന്ത്യന്‍ ഐടി വിദഗ്ധരാണ് അമേരിക്ക വിട്ട് നാട്ടിലേക്കു മടങ്ങിയത്. ഈ വര്‍ഷം ഇതുവരെ 7,300ൽ അധികം പേര്‍ മടങ്ങിയെത്തിയതായും ഈ പ്രവണത വരും മാസങ്ങളില്‍ ശക്തമാകുമെന്നുമാണ് തൊഴില്‍ വിപണിയിലെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
തൊഴില്‍ കണ്‍സള്‍ട്ടിങ് സ്ഥാപനമായ 'എക്‌സ്‌ഫെനോ' പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, വിസ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ അമേരിക്കയിലേക്കു പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് അവിടെനിന്ന് ജോലി നഷ്ടപ്പെട്ട് തിരികെ പോരുന്നവരുടെ എണ്ണം.
കഴിഞ്ഞ വര്‍ഷം 4.5 ലക്ഷത്തിലധികം വിസ അപേക്ഷകള്‍ ലഭിച്ച സ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 2.86 ലക്ഷം അപേക്ഷകള്‍ മാത്രമാണ് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പിന് ലഭിച്ചിട്ടുള്ളത്
രണ്ടാം ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ വിദേശ ജീവനക്കാര്‍ക്കെതിരെ, പ്രത്യേകിച്ച് എച്ച്1ബി വിസ ഉടമകള്‍ക്കെതിരെ കടുത്ത നിലപാടുകളാണ് സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ എച്ച്1ബി വിസ ഫീസ് 50 മടങ്ങ് വര്‍ധിപ്പിച്ച് 1,00,000 ഡോളര്‍ (ഏകദേശം 84 ലക്ഷത്തിലധികം രൂപ) ആക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കക്കാരുടെ തൊഴിലവസരങ്ങള്‍ സംരക്ഷിക്കാനാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.ഈ ഭീമമായ തുക കാരണം അമേരിക്കന്‍ കമ്പനികള്‍ പുതിയ വിദേശ ജീവനക്കാരെ നിയമിക്കുന്നതില്‍നിന്ന് പിന്നോട്ടുപോവുകയാണ്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വിസ അപേക്ഷകളില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 4.5 ലക്ഷത്തിലധികം അപേക്ഷകള്‍ ലഭിച്ച സ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 2.86 ലക്ഷം അപേക്ഷകള്‍ മാത്രമാണ് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പിന് ലഭിച്ചിട്ടുള്ളത്. അപേക്ഷകള്‍ സ്വീകരിക്കുന്ന നിരക്കില്‍ 18 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയിലെ മന്ദഗതിക്ക് പുറമെ, ആഗോള ഐടി ഭീമന്മാര്‍ കൃത്രിമബുദ്ധിക്കു നല്‍കുന്ന അമിത പ്രാധാന്യവും ജീവനക്കാര്‍ക്ക് തിരിച്ചടിയാവുകയാണ്. ചെലവ് ചുരുക്കുന്നതിനും കൃത്രിമബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുമായി കമ്പനികള്‍ വന്‍തോതില്‍ ഫണ്ട് മാറ്റിവെക്കുകയാണ്.
മെറ്റ, ആമസോണ്‍, സിസ്‌കോ, മൈക്രോസോഫ്റ്റ് തുടങ്ങിയ മുന്‍നിര കമ്പനികള്‍ ഇതിനകം തന്നെ ലക്ഷക്കണക്കിനു ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ആമസോണ്‍ മാത്രം കഴിഞ്ഞ കുറച്ചുകാലത്തിനിടയില്‍ 30,000 ജീവനക്കാരെ ഒഴിവാക്കി. എച്ച്1ബി വിസ നിയമപ്രകാരം ജോലി നഷ്ടപ്പെടുന്ന ഒരു വിദേശി 60 ദിവസത്തിനകം പുതിയ തൊഴില്‍ കണ്ടെത്തിയില്ലെങ്കില്‍ രാജ്യം വിടണമെന്നാണ് വ്യവസ്ഥ. തൊഴില്‍ വിപണി മന്ദഗതിയിലായതിനാല്‍ ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ ജോലി കണ്ടെത്തുകയെന്നത് ഇന്ത്യക്കാര്‍ക്ക് അസാധ്യമായി മാറുകയാണ്.
മുന്‍കാലങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠിച്ചശേഷം ഒപിടി വഴി എച്ച്1ബി വിസ സ്വന്തമാക്കി അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു പതിവ്. എന്നാല്‍ ഈ സംവിധാനവും നിര്‍ത്തലാക്കാനോ കര്‍ശനമായി നിയന്ത്രിക്കാനോ ആണ് നിലവിലെ യുഎസ് ഭരണകൂടം ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള എഫ്1 (എ1) വിസ അനുവദിക്കുന്നതില്‍ 60 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
ടെക്‌സസ് പോലുള്ള ചില പ്രവിശ്യകള്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ എച്ച്1ബി വിസയിലുള്ളവരെ നിയമിക്കുന്നത് പൂര്‍ണമായും നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. കാലിഫോര്‍ണിയ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ടെക്കികള്‍ ഉള്ളത് ടെക്‌സസിലാണ് എന്നതിനാല്‍ ഈ തീരുമാനം വലിയ പ്രത്യാഘാതമുണ്ടാക്കും. കൂടാതെ, നിലവില്‍ 18 ലക്ഷത്തിലധികം ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍ യുഎസില്‍ കെട്ടിക്കിടക്കുന്നുണ്ട്, ഇതില്‍ 60 ശതമാനവും ഇന്ത്യക്കാരുടേതാണ്.
അമേരിക്കയില്‍ ിന്ന് പതിനായിരക്കണക്കിന് പ്രൊഫഷണലുകള്‍ ഒന്നിച്ച് നാട്ടിലേക്കു മടങ്ങുമ്പോള്‍ അവരെ ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ ഐടി മേഖലയ്ക്കു സാധിക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. നിലവില്‍ ഇന്ത്യയിലെ ഐടി മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ കഴിഞ്ഞ 28 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൈക്രോസോഫ്റ്റും ഗൂഗിളും ഇന്ത്യയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കിലും മടങ്ങിവരുന്ന ഭീമമായ ജനസംഖ്യയ്ക്ക് അനുസൃതമായി തൊഴില്‍ നല്‍കാന്‍ ആഭ്യന്തര വിപണിക്കു നിലവില്‍ പരിമിതികളുണ്ട്.ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല തുടങ്ങിയ പ്രമുഖര്‍ പടുത്തുയര്‍ത്തിയ 'അമേരിക്കന്‍ സ്വപ്നം' ഇന്ന് സാധാരണക്കാരായ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് മുന്നില്‍ വലിയൊരു ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുകയാണ്.
English Summary: Silicon Valley, long regarded as a dream destination for IT professionals, is witnessing growing uncertainty. Stricter U.S. immigration policies and widespread layoffs across technology companies have prompted thousands of Indian IT professionals to return home. More than 15,000 Indian tech workers reportedly left the United States and returned to India in the past year, while over 7,300 have returned so far this year. Labor market studies suggest that this reverse migration trend could intensify in the coming months as job security and visa-related concerns continue to mount.