10 വർഷം മുൻപ് ഉപേക്ഷിച്ചത് രാഷ്ട്രീയ കാരണങ്ങളാല്‍; ഇന്ന് നാലിരട്ടി വില, സോഴ്സ് കോഡില്ല, സ്വകാര്യ പങ്കാളികൾ; റഫാലിലെ 'റിവേഴ്‌സ് ഗിയര്‍' പ്രതിരോധ നയം

ഒരിക്കൽ ഉപേക്ഷിച്ച റഫാല്‍ വിമാനങ്ങള്‍ക്കായി ഇന്ത്യ വീണ്ടും ഫ്രാന്‍സിനു മുന്നില്‍ കൈനീട്ടുമ്പോള്‍ രാജ്യത്തിനുണ്ടാവുന്ന നഷ്ടം രണ്ടു തരത്തിൽ
10 വർഷം മുൻപ് ഉപേക്ഷിച്ചത് രാഷ്ട്രീയ കാരണങ്ങളാല്‍; ഇന്ന്
നാലിരട്ടി വില, സോഴ്സ് കോഡില്ല, സ്വകാര്യ പങ്കാളികൾ; റഫാലിലെ 'റിവേഴ്‌സ് ഗിയര്‍' പ്രതിരോധ നയം
Published on

വ്യോമസേനയ്ക്കായി 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഫ്രാൻസുമായി കരാറിലേക്ക് അടുക്കുകയാണ് ഇന്ത്യ. വിമാനങ്ങൾ വാങ്ങുന്നതു സംബന്ധിച്ച് 'ലെറ്റർ ഓഫ് റിക്വസ്റ്റ്' (എൽ ഒ ആർ) ഇന്ത്യ അന്തിമമാക്കിയിട്ടുണ്ടെന്നും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതു ഫ്രാൻസിലേക്ക് അയയ്ക്കുമെന്നുമുള്ള വിവരങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. എൽ ഒ ആറിനോട് ഫ്രാൻസ് അനുകൂലമായി പ്രതികരിക്കുന്നതോടെ, വിമാനങ്ങൾ വാങ്ങാൻ ഔപചാരികമായ അഭ്യർത്ഥന അഥവാ റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ (ആർ എഫ്‌ പി) പുറപ്പെടുവിക്കുന്നതിലേക്ക് കേന്ദ്രസർക്കാർ കടക്കും.

ഈ സാഹചര്യത്തിൽ കരാർ സംബന്ധിച്ചും എൻഡിഎ സർക്കാരിന്റെ പ്രതിരോധനയം സംബന്ധിച്ചും നിരവധി ചോദ്യങ്ങളാണ് വിവിധ കോണുകളിൽനിന്ന് ഉയരുന്നത്. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെയും വ്യോമസേനയുടെയും തന്ത്രപരമായ ആസൂത്രണമില്ലായ്മയുടെയും നയപരമായ പാളിച്ചകളുടെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള നീക്കമെന്നാണ് പ്രധാന വിമർശം.

രാജ്യത്തിന് ഇരട്ട നഷ്ടം, നേട്ടം ആർക്ക്?

10 വര്‍ഷം മുന്‍പ് രാഷ്ട്രീയ കാരണങ്ങളാല്‍ ഉപേക്ഷിച്ച അതേ റഫാല്‍ വിമാനങ്ങള്‍ക്കായി ഇന്ത്യ വീണ്ടും ഫ്രാന്‍സിനു മുന്നില്‍ കൈനീട്ടുമ്പോള്‍ രാജ്യത്തിനു രണ്ടു തരത്തിലാണ് നഷ്ടം സമ്മാനിക്കുന്നത്. അന്ന് കേവലം 10-12 ബില്യണ്‍ ഡോളറില്‍ ഒതുങ്ങുമായിരുന്ന ഒരു പദ്ധതി, ഒരു പതിറ്റാണ്ടിന്റെ വട്ടക്കറക്കത്തിനുശേഷം ഇന്ന് 40 ബില്യണ്‍ ഡോളറിലേക്ക് (ഏകദേശം 3.3 ലക്ഷം കോടി രൂപ) എത്തിനില്‍ക്കുന്നു. കുറഞ്ഞ വിമാനങ്ങള്‍ക്ക് നാലിരട്ടി വില നല്‍കേണ്ടി വരുന്ന ഈ 'റിവേഴ്‌സ് ഗിയര്‍' പ്രതിരോധ നയത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.

2007-ല്‍ തുടക്കമിട്ട മീഡിയം മൾട്ടി റോൾ-കോപാംക്റ്റ് എയർക്രാഫ്റ്റ് (എംഎംആർസിഎ) പദ്ധതി പ്രകാരം ഇന്ത്യയില്‍ വെച്ച് തന്നെ സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡി (എച്ച് എ എൽ )ൽ 108 വിമാനങ്ങള്‍ നിര്‍മ്മിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഈ പദ്ധതി അകാരണമായി അട്ടിമറിക്കപ്പെട്ടു. തുടര്‍ന്ന് 2016-ല്‍ 'അടിയന്തര ആവശ്യം' എന്ന് പറഞ്ഞ് 36 വിമാനങ്ങള്‍ മാത്രം വാങ്ങി സര്‍ക്കാര്‍ കൈകഴുകി.

10 വർഷം മുൻപ് ഉപേക്ഷിച്ചത് രാഷ്ട്രീയ കാരണങ്ങളാല്‍; ഇന്ന്
നാലിരട്ടി വില, സോഴ്സ് കോഡില്ല, സ്വകാര്യ പങ്കാളികൾ; റഫാലിലെ 'റിവേഴ്‌സ് ഗിയര്‍' പ്രതിരോധ നയം
റഷ്യയ്ക്ക് മാത്രം സ്വന്തമായുള്ള ആ പദവി എന്താണ്? വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ക്ക് പിന്നില്‍

ഇപ്പോള്‍ 2026-ല്‍, വ്യോമസേനയുടെ സ്‌ക്വാഡ്രൺ ശേഷി അനുവദനീയമായ 42-ല്‍ നിന്നും 29 ആയി ഇടിഞ്ഞപ്പോഴാണ് പ്രതിരോധ മന്ത്രാലയം 114 വിമാനങ്ങൾ വാങ്ങാൻ തയാറായിരിക്കുന്നത്. മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് (എംആർഎഫ്എ) എന്ന് പേരുമാറ്റിയാണ് അതേ റഫാല്‍ വിമാനങ്ങള്‍ തന്നെ വീണ്ടും വാങ്ങാന്‍ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.

'മേക്ക് ഇന്‍ ഇന്ത്യ'യോ അതോ കോര്‍പ്പറേറ്റ് പ്രീണനമോ?

നിർദ്ദിഷ്ട കരാർ പ്രകാരം, 114 യുദ്ധവിമാനങ്ങളിൽ 90 എണ്ണം ഫ്രഞ്ച് എയ്‌റോസ്‌പേസ് കമ്പനിയായ ദസ്സോ ഏവിയേഷനും ഒരു ഇന്ത്യൻ സ്ഥാപനവും തമ്മിലുള്ള പങ്കാളിത്തത്തിലൂടെ ഇന്ത്യയിൽ നിർമിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മറ്റുള്ളവ പറന്നുയരുന്ന അവസ്ഥയിൽ ഫ്രാൻസിൽനിന്ന് എത്തിക്കുമെന്നാണ് കരുതുന്നത്.

90 വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കുമെന്ന് കേൾക്കുമ്പോൾ വലിയ സംഭവമായി തോന്നുമെങ്കിലും അത്ര പന്തിയല്ല കാര്യങ്ങളെന്നാണ് ഇതുവരെ പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. യുപിഎ കാലത്തെ കരാറില്‍ എച്ച് എ എല്ലിനു നിര്‍മാണച്ചുമതല നല്‍കാന്‍ വ്യവസ്ഥയുണ്ടായിരുന്നെങ്കില്‍, പുതിയ കരാറില്‍ കളി മുഴുവന്‍ മാറുകയാണ്. 90 വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് ടാറ്റയോ അദാനിയോ അല്ലെങ്കില്‍ എല്‍ ആന്‍ഡ് ടി യോ പോലുള്ള 'സ്ട്രാറ്റജിക് പങ്കാളി' എന്ന് വിളിപ്പേരുള്ള ഏതെങ്കിലും ഒരു സ്വകാര്യ കുത്തക ആയിരിക്കും. പൊതുമേഖലാ സ്ഥാപനങ്ങളെ തഴഞ്ഞ് കോടിക്കണക്കിന് രൂപയുടെ ഈ പ്രതിരോധ കരാര്‍ സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് മറിച്ചു നല്‍കാനുള്ള തന്ത്രപരമായ നീക്കമാണോ പുതിയ വ്യവസ്ഥയെന്ന സംശയം പൊതുവെ ഉയർന്നിട്ടുണ്ട്.

മാത്രവുമല്ല, ഈ സ്വകാര്യ പങ്കാളിയെ തിരഞ്ഞെടുക്കുന്നത് കേന്ദ്ര സര്‍ക്കാരാണോ അതോ റഫാൽ നിർമാതാക്കളായ ഫ്രഞ്ച് കമ്പനി ദസ്സാള്‍ട്ട് ഏവിയേഷനാണോ എന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഫ്രഞ്ച് കമ്പനിയാണ് പങ്കാളിയെ നിശ്ചയിക്കുന്നതെങ്കില്‍ അത് രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായിപ്പോലും വ്യാഖ്യാനിക്കാം.

നാലിരട്ടി വില നല്‍കിയിട്ടും 'സോഴ്‌സ് കോഡ്' ഇല്ല; ഇന്ത്യയെ പറ്റിക്കുകയാണോ?

3.3 ലക്ഷം കോടി രൂപയുടെ ഈ ഭീമന്‍ ഇടപാടില്‍ ഇന്ത്യയ്ക്ക് റഫാല്‍ വിമാനങ്ങളുടെ 'സോഴ്‌സ് കോഡ്' (Source Code) ലഭിക്കില്ല എന്നത് രാജ്യത്തിന് കനത്ത തിരിച്ചടിയാണ്. വിമാനത്തിന്റെ മസ്തിഷ്‌കമായ ഈ സോഫ്റ്റ്‌വെയര്‍ കോഡ് ഫ്രാന്‍സ് നല്‍കാത്തതിനാല്‍, ഭാവിയില്‍ വിമാനത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെങ്കിലോ പുതിയ ഇന്ത്യന്‍ നിര്‍മ്മിത മിസൈലുകള്‍ ഘടിപ്പിക്കണമെങ്കിലോ നമ്മള്‍ വീണ്ടും ഫ്രഞ്ച് കമ്പനിയുടെ അനുമതിക്കായി കോടികള്‍ നല്‍കി കാത്തുനില്‍ക്കേണ്ടി വരും. ചുരുക്കത്തില്‍, സ്വന്തമായി ഒരു വിമാനം പൂര്‍ണ്ണമായി നിയന്ത്രിക്കാനുള്ള അവകാശം പോലുമില്ലാതെയാണ് ഇന്ത്യ ഈ നാലിരട്ടി തുക ഫ്രാന്‍സിന് വെച്ചുനീട്ടുന്നത്.

ഒരു ദശകത്തിന്റെ നയവൈകല്യം വരുത്തിവെച്ച വന്‍ സാമ്പത്തിക നഷ്ടം

പഴയ യുപിഎ ഭരണകാലത്തെ എംഎംആർസിഎ കരാറും ഇന്നത്തെ എന്‍ഡിഎ ഭരണകാലത്തെ എംആർഎഫ്എ കരാറും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തിനുണ്ടായ നഷ്ടം സമാനതകളില്ലാത്തതാണ്. അന്ന് 126 വിമാനങ്ങള്‍ വാങ്ങാന്‍ പദ്ധതിയിട്ട സ്ഥാനത്ത് ഇന്ന് വിമാനങ്ങളുടെ എണ്ണം 114 ആയി കുറഞ്ഞു. എണ്ണം കുറഞ്ഞിട്ടും ചെലവ് 10-12 ബില്യണ്‍ ഡോളറില്‍നിന്ന് 40 ബില്യണ്‍ ഡോളറായി കുതിച്ചുയര്‍ന്നു. അതായത്, കുറഞ്ഞ വിമാനങ്ങള്‍ക്ക് നമ്മള്‍ നല്‍കേണ്ടി വരുന്നത് പഴയതിന്റെ നാലിരട്ടി തുക!

10 വർഷം മുൻപ് ഉപേക്ഷിച്ചത് രാഷ്ട്രീയ കാരണങ്ങളാല്‍; ഇന്ന്
നാലിരട്ടി വില, സോഴ്സ് കോഡില്ല, സ്വകാര്യ പങ്കാളികൾ; റഫാലിലെ 'റിവേഴ്‌സ് ഗിയര്‍' പ്രതിരോധ നയം
എണ്ണ പ്രതിസന്ധിയും പുകയുന്ന യുവത്വവും; രാജ്യത്ത് 1973 ആവര്‍ത്തിക്കുമോ?

പഴയ കരാറില്‍ വിമാനങ്ങളുടെ സാങ്കേതികവിദ്യ പൂര്‍ണമായും പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിന് (HAL) കൈമാറാന്‍ വ്യവസ്ഥയുണ്ടായിരുന്നെങ്കില്‍, പുതിയ കരാറിലൂടെ അത് സ്വകാര്യ കോര്‍പ്പറേറ്റുകളുടെ കൈകളിലേക്ക് മറിച്ചു നല്‍കുകയാണ്.

കോടികള്‍ വാരിയെറിഞ്ഞിട്ടും വിമാനത്തിന്റെ മസ്തിഷ്‌കമായ 'സോഴ്‌സ് കോഡ്' പോലും സ്വന്തമാക്കാന്‍ കഴിയാത്തതിലൂടെ തദ്ദേശീയമായ ഒരു ഡിഫന്‍സ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കാനുള്ള വലിയൊരു അവസരമാണ് ഇന്ത്യ ഇവിടെ നഷ്ടപ്പെടുത്തിയത്.

വിമാനം വാങ്ങാനുള്ള നടപടിക്രമങ്ങൾ

സംഭരണ ​​നിർദ്ദേശത്തിന് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) അംഗീകാരം നൽകിയിട്ടുണ്ട്. 'ലെറ്റർ ഓഫ് റിക്വസ്റ്റ്' ഇന്ത്യയിൽനിന്ന് ലഭ്യമായാൽ വിമാന വില, ലഭ്യത, ലോജിസ്റ്റിക്കൽ പിന്തുണ എന്നിവയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഫ്രാൻസ് നൽകും. തുടർന്നായിരിക്കും കരാർ സംബന്ധിച്ച് ഇരുപക്ഷവും തമ്മിൽ ചർച്ചകളിലേക്കു കടക്കുകയും റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ (ആർ എഫ്‌ പി) പുറപ്പെടുവിക്കുന്നതിലേക്ക് കേന്ദ്രസർക്കാർ കടക്കുകയും ചെയ്യുക. അന്തിമ കരാറിൽ ഒപ്പുവെക്കുന്നതിന് മുമ്പ് സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതി (സിസിഎസ്) യുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.

നിലവിൽ 36 റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയിലുണ്ട്. നാവികസേന വരും വർഷങ്ങളിൽ 26 റാഫേൽ എം വിമാനങ്ങൾ ഉൾപ്പെടുത്താൻ തയ്യാറെടുക്കുകയാണ്.

English summary:

India’s planned Rafale jet deal is being criticized as a costly policy reversal, with critics arguing that a fighter aircraft program once estimated at $10–12 billion for 126 jets has now risen to nearly $40 billion for only 114 aircraft. The deal has also raised concerns over reduced public-sector involvement, greater reliance on private corporations, and the lack of access to critical source code technology from Dassault Aviation, which could keep India dependent on foreign support for future upgrades.

Madism Digital
madismdigital.com