

സ്ത്രീകള്‍ക്ക് സൗജന്യയാത്ര പദ്ധതി കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക അടിത്തറ കൂടുതല്‍ അപകടത്തിലാക്കിയേക്കും. സൗജന്യ യാത്ര പദ്ധതി കൂടുതല്‍ ബാധ്യതയില്ലാതെ എങ്ങനെ നടപ്പിലാക്കാമെന്നതിനെക്കുറിച്ച് തലപുകയ്ക്കുകയാണ് അധികൃതര്‍. ദിവസം 3 കോടി രൂപയാണ് സര്‍ക്കാരിന് പദ്ധതി മൂലമുണ്ടാകാന്‍ പോകുന്ന മിനിമം ബാധ്യത. ഇത്തരത്തില്‍ കണക്കുകൂട്ടിയാല്‍ പോലും ഖജനാവില്‍നിന്ന് 90 കോടി രൂപ അധികമായി കെ.എസ്.ആര്‍.ടിസിക്ക് നല്‍കേണ്ടിവരും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ കുതിച്ചുയരുന്ന ഇന്ധനവിലയും വില്ലനാവും. ഇന്ധനവിലയിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങള്‍ പോലും 90 കോടിയെന്ന സമവാക്യത്തെ നൂറ് കോടിയിലെത്തിക്കും.
സൗജന്യ യാത്ര പ്രഖ്യാപിച്ച് കഴിഞ്ഞെങ്കിലും ഏതൊക്കെ ബസുകളില്‍ യാത്ര അനുവദിക്കുമെന്നത് ഇതുവരെ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. മുഖ്യമന്ത്രി വി.ഡി സതീശന്‍ തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്ത് എവിടെ വേണമെങ്കിലും സൗജന്യ യാത്ര ചെയ്യാമെന്ന പ്രഖ്യാപനം മാത്രമാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്ന വിവരം. എ.സി ലോഫ്‌ളോര്‍, എസി ഇന്റര്‍സിറ്റി, ഇന്റര്‍ സ്‌റ്റേറ്റ് ബസുകളിലും ഒഴികെ എല്ലാ ബസുകളിലും യാത്ര അനുവദിക്കുകയാണെങ്കില്‍ നേരത്തെ പറഞ്ഞ 90 കോടി രൂപ നഷ്ടം സര്‍ക്കാരിനുണ്ടാകും. അതല്ല, ഓഡിനറി ബസില്‍ മാത്രമാണ് പദ്ധതി നടപ്പിലാക്കുന്നതെങ്കില്‍ 90 ലക്ഷം മുതല്‍ 1 കോടി വരെ നഷ്ടമുണ്ടാകും. സൗജന്യ യാത്രയ്ക്ക് കിലോമീറ്റര്‍ പരിധി വെച്ചാലും നഷ്ടം മിനിമം 1 കോടിയിലെത്തും.
ബാധ്യത മാസത്തില്‍ 200 കോടിരൂപ കടക്കും
പെന്‍ഷന്‍, ഇതര ചെലവുകള്‍ക്കായി 100 കോടി രൂപ ഖജനാവില്‍നിന്ന് കെ.എസ്.ആര്‍.ടിസിക്ക് മാസന്തോറും അനുവദിക്കുന്നുണ്ട്. സൗജന്യ പദ്ധതി വരുമ്പോള്‍ ഇത് 200 കോടിയിലെത്തും. സംസ്ഥാനത്ത് ഇക്കാര്യത്തില്‍ കര്‍ണാടക മോഡല്‍ നടപ്പിലാക്കാനാണ് വി.ഡി സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. എന്നാല്‍ കര്‍ണാടകയെക്കാള്‍ പൊതുഗതാഗത സംവിധാനം കേരളത്തില്‍ കൂടുതലും ഉപയോഗിക്കുന്നത് സ്ത്രീകളാണ്.
നിലവിലെ ജെന്‍ഡര്‍ തിരിച്ചുള്ള യാത്രക്കാരുടെ കണക്കുകള്‍ പ്രകാരം കെ.എസ്.ആര്‍.ടി.സി ഉപഭോക്താക്കളില്‍ 50 ശതമാനത്തിലേറെ പേരും സ്ത്രീകളാണ്. ദിനപ്രതി ലഭിക്കുന്ന 6-8 കോടി ദിവസ വരുമാനം പദ്ധതി നടപ്പിലാക്കുന്നതോടെ 5 കോടിയിലേക്ക് കൂപ്പുകുത്തും. അതുമാത്രമല്ല, വരുമാനം കുറയുന്നതോടെ സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന തുക ഇരട്ടിയാക്കേണ്ടിവരും.
'ഇന്ദിരാ ഗ്യാരന്റി' ബാലികേറാമല
ഇതര സംസ്ഥാനങ്ങളില്‍ ബിജെപി, കോണ്‍ഗ്രസ്, ഡിഎംകെ, എഎപി തുടങ്ങി പാര്‍ട്ടികള്‍ നടപ്പിലാക്കിയ ഫ്രീബീസ്(സൗജന്യ പദ്ധതികള്‍) പൂര്‍ണമായും വിജയം കണ്ടിട്ടില്ല, മാത്രമല്ല ഇത്തരം സൗജന്യ സാഹസങ്ങള്‍ കര്‍ണാടകയുടെയും തെലങ്കാനയുടെയും തമിഴ്നാടിന്റെയും ഖജനാവിന് വലിയ ആഘാതവും സൃഷ്ടിച്ച ചരിത്രവുമുണ്ട്. സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുമ്പോള്‍ കെ.എസ്.ആര്‍.ടിസിക്ക് ഇതര വരുമാന ശ്രോതസ്സുകള്‍ കണ്ടെത്തിയില്ലെങ്കില്‍ ആഘാതം ഇരട്ടിയാകും.
2023 ജൂണ്‍ 11 മുതല്‍ 2025 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് 474 കോടി സ്ത്രീകളാണ് കര്‍ണാടകയില്‍ സൗജന്യ സൗകര്യം ഉപയോഗപ്പെടുത്തിയത്. കെ.എസ്.ആര്‍.ടി.സി സൗകര്യം മുന്‍പ് ഉപയോഗിച്ചിട്ടില്ലാത്ത സ്ത്രീകള്‍ പോലും പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെ യാത്ര പൂര്‍ണമായും ബസിലേക്ക് മാറ്റി. ഇതുതന്നെയാണ് കേരളത്തിലും സംഭവിക്കാന്‍ പോകുന്നത്, ഇങ്ങനെ വന്നാല്‍ നേരത്തെ ഉദ്യോഗസ്ഥര്‍ അനുമാനിക്കുന്ന നഷ്ടകണക്കുകളില്‍ വന്‍ വ്യത്യാസം വരാനിടയുണ്ട്. ബെംഗളൂരുവില്‍ മാത്രം 24 ലക്ഷത്തോളം പേരാണ് പ്രതിദിനം സൗജന്യമായി യാത്ര ചെയ്യുണ്ട്, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം സൗജന്യ യാത്ര ആരംഭിച്ചാല്‍ സ്ത്രീകളുടെ തിരക്കുണ്ടാവും. കോളേജ് വിദ്യാര്‍ത്ഥിനികളും സൗജന്യ യാത്രാ സൗകര്യം ഉപയോഗിക്കും. ബെംഗുളൂരുവിന് സമാനനിലയിലേക്ക് കേരളത്തിലെ നഗരങ്ങള്‍ മാറുകയും ചെയ്യും. ഇതെല്ലാം നല്‍കുന്ന സൂചനകളും സാമ്പത്തിക ആഘാതത്തിന്‍റേതാണ്.
English Summary: The proposed free travel scheme for women in Kerala State Road Transport Corporation could severely impact the corporation’s financial stability. With monthly liabilities expected to cross ₹200 crore, officials are struggling to find a sustainable implementation model amid rising fuel prices and increasing passenger demand.