ഇന്ത്യയുടെ ജനനനിരക്ക് താഴേക്ക്; ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇന്ത്യ വയസ്സന്മാരുടെ രാജ്യമായി മാറും, തൊഴില്‍ വിപണിക്കും സമ്പദ്‌വ്യവസ്ഥയ്ക്കും വെല്ലുവിളി

കിഴക്കന്‍ ഏഷ്യയിലും യൂറോപ്പിലും ഇതിനകം പ്രകടമായ ജനസംഖ്യാ മാറ്റത്തിനാണ് ഇന്ത്യയും സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. അടുത്ത കാലത്തായി വേഗത്തില്‍ പ്രായമാകുന്ന ജനസംഖ്യയുള്ള ചൈനയാണ് ഇതിനൊരു പ്രധാന ഉദാഹരണം
ഇന്ത്യയുടെ ജനനനിരക്ക് താഴേക്ക്; ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇന്ത്യ വയസ്സന്മാരുടെ രാജ്യമായി മാറും, തൊഴില്‍ വിപണിക്കും സമ്പദ്‌വ്യവസ്ഥയ്ക്കും വെല്ലുവിളി
Published on: 

ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇന്ത്യ വയസ്സന്മാരുടെ രാജ്യമായി മാറുമെന്ന് സാമ്പത്തിക വിശകലന സ്ഥാപനമായ മൂഡീസ് റേറ്റിങ്‌സിന്റെ റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ആകെ ജനന നിരക്ക് പുനസ്ഥാപന നിരക്കിനും (ആളുകളുടെ എണ്ണം ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയിലേക്ക് കുറവോ കൂടലോ ഇല്ലാതെ സ്ഥിരമായി നിലനിര്‍ത്താന്‍ ആവശ്യമായ പ്രജനന നിരക്ക്) താഴെയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് തൊഴില്‍ ശക്തി, സമ്പദ്‌വ്യവസ്ഥ, പൊതു ധനകാര്യം, ആരോഗ്യ മേഖല എന്നിവയില്‍ വലിയ ആഘാതം സൃഷ്ടിക്കുമെന്നും പഠനം പറയുന്നു. നിലവില്‍ ചെറുപ്പക്കാരുടെ എണ്ണം രാജ്യത്ത് കൂടുതലാണെങ്കിലും പ്രായമായവരുടെ അനുപാതം വര്‍ധിക്കുന്ന രീതിയിലാണ് ജനസംഖ്യാ ഘടന മാറിക്കൊണ്ടിരിക്കുന്നത്.

ലോക ജനസംഖ്യയുടെ 70 ശതമാനത്തിലധികം ആളുകളും നിലവില്‍ പുനസ്ഥാപന നിരക്കിന് തുല്യമോ അതില്‍ താഴെയോ ജനനനിരക്കുള്ള രാജ്യങ്ങളിലാണ് ജീവിക്കുന്നത്. 1950-ല്‍ ഒരു സ്ത്രീക്ക് ശരാശരി 4.9 കുട്ടികള്‍ എന്ന നിലയിലായിരുന്ന ആഗോള ജനനനിരക്ക്. നിലവില്‍ ഇത് 2.2 ആയി കുറഞ്ഞിട്ടുണ്ട്. ജനസംഖ്യ സ്ഥിരമായി നിലനില്‍ക്കാന്‍ ആവശ്യമായ 2.1 എന്ന നിരക്കിന് തൊട്ടടുത്താണിത്. ജനനനിരക്കില്‍ വേഗത്തില്‍ കുറവ് രേഖപ്പെടുത്തുന്ന രാജ്യങ്ങളിലാണ് വയോജനങ്ങളുടെ എണ്ണം ഏറ്റവും വേഗത്തില്‍ പെരുകുന്നത്.

സമ്പദ്‌വ്യവസ്ഥ നേരിടുന്ന നാല് പ്രധാന വെല്ലുവിളികള്‍

ജനസംഖ്യാ ഘടനയിലുണ്ടാകുന്ന ഈ മാറ്റം സമ്പദ്‌വ്യവസ്ഥയെ നാല് പ്രധാന വഴികളിലൂടെയാണ് ബാധിക്കുകയെന്ന് മൂഡീസ് ചൂണ്ടിക്കാണിക്കുന്നു. സമ്പാദ്യവും മൂലധന വിപണിയും, തൊഴില്‍ ലഭ്യത, പൊതു ധനകാര്യം, ഉപഭോക്തൃ ആവശ്യം എന്നിവയാണവ.

ചെറുപ്പക്കാരുടെ എണ്ണം കുറയുന്നത് തൊഴില്‍ വിപണിയെ ബാധിക്കും. ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകും. പ്രത്യേകിച്ചും യന്ത്രവല്‍ക്കരണം എളുപ്പമല്ലാത്ത വ്യവസായ മേഖലകളില്‍ കടുത്ത തൊഴിലാളി ക്ഷാമം നേരിടേണ്ടി വരും. അതേസമയം, വയോജനങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് പെന്‍ഷന്‍ രീതികളിലും ആരോഗ്യ മേഖലയിലും വലിയ സമ്മര്‍ദ്ദം ചെലുത്തും. ആശ്രിതരുടെ അനുപാതം ഉയരുന്നതിനനുസരിച്ച് സര്‍ക്കാരുകള്‍ക്ക് തങ്ങളുടെ സാമ്പത്തിക ചട്ടക്കൂടുകളും പൊതുസേവനങ്ങളും പരിഷ്‌കരിക്കേണ്ടി വരുമെന്ന് മൂഡീസ് അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ ജനനനിരക്ക് താഴേക്ക്; ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇന്ത്യ വയസ്സന്മാരുടെ രാജ്യമായി മാറും, തൊഴില്‍ വിപണിക്കും സമ്പദ്‌വ്യവസ്ഥയ്ക്കും വെല്ലുവിളി
അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങ്; അഞ്ച് മാസത്തിനിടെ സർക്കാർ നൽകിയത് 1.95 ലക്ഷം ബ്ലോക്കിങ് നിർദ്ദേശങ്ങൾ

പ്രായമായവരുടെ വര്‍ധനവ് ഉപഭോക്തൃ ആവശ്യങ്ങളെയും പൂര്‍ണ്ണമായി മാറ്റിയെഴുതും. ആരോഗ്യം, റിട്ടയര്‍മെന്റ് ജീവിതം, പരിചരണ കേന്ദ്രങ്ങള്‍, വെല്‍ത്ത് മാനേജ്മെന്റ്, മുതിര്‍ന്നവര്‍ക്ക് അനുയോജ്യമായ ഭവനനിര്‍മ്മാണം എന്നീ മേഖലകളില്‍ ആവശ്യക്കാര്‍ ഏറും. എന്നാല്‍ ചെറുപ്പക്കാരെ ലക്ഷ്യമിട്ടുള്ള വ്യാപാര മേഖലകളില്‍ വലിയ ഇടിവ് നേരിടേണ്ടി വരും. വയോജനങ്ങളുടെ എണ്ണം കൂടുന്നത് രാജ്യത്തെ മൊത്തം സമ്പാദ്യ നിരക്കിനെയും മൂലധന വിപണിയിലെ നിക്ഷേപങ്ങളെയും സ്വാധീനിക്കും.

ചൈനയ്ക്ക് സമാനമായ ജനസംഖ്യാ വ്യതിയാനം

കിഴക്കന്‍ ഏഷ്യയിലും യൂറോപ്പിലും ഇതിനകം പ്രകടമായ ജനസംഖ്യാ മാറ്റത്തിനാണ് ഇന്ത്യയും സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. അടുത്ത കാലത്തായി വേഗത്തില്‍ പ്രായമാകുന്ന ജനസംഖ്യയുള്ള ചൈനയാണ് ഇതിനൊരു പ്രധാന ഉദാഹരണം. വെറും 20 വര്‍ഷം കൊണ്ടാണ് ചൈനയിലെ 65 വയസ്സിനു മുകളിലുള്ളവരുടെ അനുപാതം ഏഴ് ശതമാനത്തില്‍ നിന്ന് 14 ശതമാനമായി ഉയര്‍ന്നത്. ബ്രസീല്‍, തായ്ലന്‍ഡ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളും സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. അതേസമയം, ഇന്ത്യയില്‍ ജനനനിരക്കിലുണ്ടാകുന്ന ഇടിവ് തെക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും അതൊരു ദേശീയ പ്രവണതയായി മാറിയെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ സഞ്ജീവ് സന്യാല്‍ വ്യക്തമാക്കുന്നു.

നയരൂപീകരണത്തിലെ വെല്ലുവിളികള്‍

കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാരുകള്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍, നികുതി ഇളവുകള്‍, വീട്ടുവാടക-വായ്പാ സബ്സിഡികള്‍, മെച്ചപ്പെട്ട പ്രസവാവധി, ചൈല്‍ഡ് കെയര്‍ പിന്തുണ എന്നിവ നല്‍കണമെന്ന് മൂഡീസ് നിര്‍ദ്ദേശിക്കുന്നു. എങ്കിലും, ഇത്തരം പ്രോത്സാഹന നടപടികള്‍ക്ക് ജനസംഖ്യാപരമായ ഈ സ്വാഭാവിക മാറ്റത്തെ പൂര്‍ണ്ണമായി തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല. അതിനാല്‍, പ്രായമായ ജനവിഭാഗത്തിന്റെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സാമ്പത്തിക-സാമൂഹിക നയങ്ങള്‍ വേഗത്തില്‍ രൂപീകരിക്കുകയാണ് രാജ്യങ്ങള്‍ ചെയ്യേണ്ടത് എന്നും റിപ്പോര്‍ട്ട് പറഞ്ഞുവെക്കുന്നു.

ഇന്ത്യയുടെ ജനനനിരക്ക് താഴേക്ക്; ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇന്ത്യ വയസ്സന്മാരുടെ രാജ്യമായി മാറും, തൊഴില്‍ വിപണിക്കും സമ്പദ്‌വ്യവസ്ഥയ്ക്കും വെല്ലുവിളി
ഒടുവില്‍ തിരുത്തല്‍; എസ്‌ഐആര്‍ ഫോം ആറിലെ വിവാദ ഡിക്ലറേഷന്‍ പോര്‍ട്ടലില്‍നിന്ന് നീക്കി
Summary

India could become an ageing society by the middle of this century as its fertility rate remains below the replacement level, according to a report by economic analysis firm Moody’s Ratings. The demographic shift is expected to have significant implications for the country’s labour force, economic growth, public finances and healthcare system. While India currently has a relatively large young population, the share of older people is steadily increasing. Moody’s identifies four major economic areas that could be affected: labour availability, savings and capital markets, public finances, and consumer demand. A shrinking working-age population could create labour shortages and slow economic growth unless productivity improves, while rising numbers of elderly people could increase pressure on pensions and healthcare.

Madism Digital
madismdigital.com