കോവിഡ് ലോക്ക്ഡൗണ്‍ കാലത്തിന് ശേഷം കേരളത്തിലെ സ്വകാര്യ ബസ് വ്യവസായം വീണ്ടുമൊരു വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയും ഇന്ധനവില വര്‍ദ്ധനവും വരുമാനത്തില്‍ വരുത്തിയ വന്‍ ഇടിവാണ് സ്വകാര്യ ബസുടമകളെ കടുത്ത തീരുമാനങ്ങളിലേക്ക് നയിക്കുന്നത്. ദിവസേനയുള്ള കനത്ത നഷ്ടം സഹിക്കാന്‍ കഴിയാതെ, മോട്ടര്‍ വാഹന വകുപ്പിന് ജി ഫോം നല്‍കി താല്‍ക്കാലികമായി സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാനത്തെ ഭൂരിഭാഗം സ്വകാര്യ ബസുടമകളും.
എന്താണ് ജി ഫോം ?
കേരള മോട്ടര്‍ വാഹന നികുതി നിയമപ്രകാരംഒരു വാഹനം നിശ്ചിത കാലയളവിലേക്ക് റോഡിലിറക്കി സര്‍വീസ് നടത്തില്ല എന്ന് മോട്ടര്‍ വാഹന വകുപ്പിനെ മുന്‍കൂട്ടി അറിയിക്കുന്ന ഔദ്യോഗിക സംവിധാനമാണിത്. ജി ഫോം സമര്‍പ്പിക്കുന്നതിലൂടെ ആ കാലയളവിലുള്ള ഭാരമേറിയ റോഡ് നികുതി അടയ്ക്കുന്നതില്‍ നിന്നും ബസുടമകള്‍ക്ക് ഇളവ് ലഭിക്കും.
നിയമം: സര്‍വീസ് നിര്‍ത്തുന്നതിന് കുറഞ്ഞത് 30 ദിവസം മുന്‍പെങ്കിലും ആര്‍.ടി.ഒ-യില്‍ അപേക്ഷ നല്‍കണം. മൂന്ന് മാസത്തെ അപേക്ഷയ്ക്ക് 400 രൂപയാണ് ഫീസ്. പെര്‍മിറ്റ് നഷ്ടമാകില്ല: സര്‍വീസ് നിര്‍ത്തിവെച്ചാലും ബസിന്റെ റൂട്ട് പെര്‍മിറ്റ് റദ്ദാകില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം ക്വാര്‍ട്ടര്‍ ടാക്‌സ് കാലാവധി ജൂണ്‍ 30-ന് അവസാനിക്കുന്ന സാഹചര്യത്തില്‍, ജൂലൈ ഒന്ന് മുതല്‍ സംസ്ഥാനത്ത് വന്‍ യാത്രാദുരിതം വിതച്ചുകൊണ്ട് വലിയൊരു വിഭാഗം ബസുകളും നിരത്തൊഴിയും.
ജി ഫോം നല്‍കിയത് ഇവര്‍
പ്രധാനമായും മൂന്ന് ജില്ലകളിലാണ് ബസുകള്‍ ജി ഫോം സമര്‍പ്പിക്കാന്‍ ഏറ്റവും കൂടുതല്‍ മുന്നോട്ട് വന്നിട്ടുള്ളത്. തൃശൂര്‍ ജില്ലയില്‍ മാത്രം ഏകദേശം ഇരുനൂറോളം സ്വകാര്യ ബസുകളാണ് ജി ഫോം നല്‍കി സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്താന്‍ തയ്യാറെടുക്കുന്നത്. ഇത് നടപ്പിലായാല്‍ തൃശൂര്‍-പാലക്കാട്, ഗോവിന്ദപുരം-കൊഴിഞ്ഞാമ്പാറ, ചാലക്കുടി-മാള, കൊടുങ്ങല്ലൂര്‍-മാള, ഗുരുവായൂര്‍-എറണാകുളം തുടങ്ങിയ പ്രധാന റൂട്ടുകളിലെ യാത്രക്കാരെ ഇത് സാരമായി ബാധിക്കും.
വയനാട് ജില്ലയിലും പ്രതിസന്ധി രൂക്ഷമാണ്. ഇതിനകം തന്നെ നൂറിലധികം ബസുകള്‍ അവിടെ ജി ഫോം സമര്‍പ്പിച്ചു കഴിഞ്ഞതായാണ് വിവരങ്ങള്‍. ബത്തേരി, കല്‍പറ്റ, താളൂര്‍-ബത്തേരി, ബത്തേരി-മാനന്തവാടി, പുല്‍പള്ളി-കല്‍പറ്റ തുടങ്ങിയ റൂട്ടുകളിലെ സാധാരണക്കാരായ യാത്രക്കാരുടെ ദൈനംദിന ജീവിതത്തെ ഇത് വലിയ രീതിയില്‍ ബാധിച്ചു തുടങ്ങി. അതുപോലെ കാസര്‍കോട് ജില്ലയിലും ബസുടമകള്‍ കൂട്ടത്തോടെ അപേക്ഷകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. നിലവില്‍ പത്തോളം ബസുകള്‍ ജി ഫോം നല്‍കിക്കഴിഞ്ഞുവെങ്കിലും, വരും ദിവസങ്ങളില്‍ ജില്ലയിലെ എഴുപത് ശതമാനത്തോളം ബസുകളും ഇതേ വഴി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കാസര്‍കോട്-കണ്ണൂര്‍ റൂട്ടിലെയടക്കം ഭൂരിഭാഗം സര്‍വീസുകളെയും ഇത് നിശ്ചലമാക്കാന്‍ സാധ്യതയുണ്ട്. കേരളത്തിലെ മറ്റ് ജില്ലകളിലെ സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനുകളും ജൂലൈ ഒന്നാം തീയതിയോടെ ജി ഫോം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം.
ഖജനാവിന് കോടികളുടെ നികുതി നഷ്ടം
സംസ്ഥാനത്തെ പൊതുഗതാഗത ശൃംഖലയില്‍ ഏകദേശം 12,500 മുതല്‍ 15,000 വരെ സ്വകാര്യ ബസുകളാണ് നിലവിലുള്ളത്. മുന്‍പ് കോവിഡ് കാലത്തുണ്ടായതുപോലെ ഒരു കൂട്ടത്തോടെയുള്ള ജി ഫോം സമര്‍പ്പിക്കല്‍ ഉണ്ടായാല്‍ ഏകദേശം 80 ശതമാനത്തോളം ബസുകളെ (ഏകദേശം 12,000 ബസുകള്‍) അത് ബാധിച്ചേക്കാം. റിപ്പോര്‍ട്ടുകള്‍ പ്രകാരം വാഹനത്തിന്റെ ക്ലാസ് അനുസരിച്ച് ഒരു ബസിന് ഒരു ക്വാര്‍ട്ടറിലെ (മൂന്ന് മാസം) റോഡ് നികുതി 30,000 മുതല്‍ 80,000 വരെയാണ് വരുന്നത്.ഈ നികുതി നിരക്കുകള്‍ അടിസ്ഥാനമാക്കി വിലയിരുത്തിയാല്‍, ജി ഫോം സമര്‍പ്പിക്കല്‍ സംസ്ഥാനത്തെ 14 ജില്ലകളിലേക്കും വ്യാപിക്കുകയും ഏകദേശം 12,000 ബസുകള്‍ സര്‍വീസ് നിര്‍ത്തുകയും ചെയ്താല്‍, കേരളത്തിന് ഒരു ക്വാര്‍ട്ടറില്‍ മാത്രം ഏകദേശം 36 കോടി മുതല്‍ 96 കോടി രൂപ വരെ റോഡ് നികുതി ഇനത്തില്‍ വരുമാന നഷ്ടം ഉണ്ടായേക്കാം. ഇത് ഔദ്യോഗിക സര്‍ക്കാര്‍ കണക്കല്ലെങ്കിലും, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ടാക്‌സ് സ്ലാബുകള്‍ വെച്ചുള്ള ഏകദേശ വിലയിരുത്തലാണിത്. യഥാര്‍ത്ഥ നഷ്ടം ഓരോ ജില്ലയിലും ജി ഫോം ഫയല്‍ ചെയ്യുന്ന ബസുകളുടെ എണ്ണത്തെയും അവ എത്ര കാലം നിരത്തൊഴിഞ്ഞു കിടക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കും.
യാത്രാദുരിതം
അതുപോലെ ബസുകള്‍ കൂട്ടത്തോടെ കട്ടപ്പുറത്താകുന്നത് ഗ്രാമീണ മേഖലകളിലെ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളെയും സാധാരണക്കാരായ തൊഴിലാളികളെയുമാണ് ഏറ്റവും കൂടുതല്‍ ദുരിതത്തിലാക്കുക. കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ കുറവുള്ള ഉള്‍പ്രദേശങ്ങളില്‍ സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കുന്ന ജനങ്ങളുടെ യാത്ര പൂര്‍ണ്ണമായും തടസ്സപ്പെടും.
തൊഴില്‍ നഷ്ടം
ബസ് ജീവനക്കാരുടെ തൊഴില്‍ നഷ്ടവും അനുബന്ധ മേഖലകളിലെ സാമ്പത്തിക തകര്‍ച്ചയും കൂടിയാകുമ്പോള്‍ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും ജനജീവിതത്തിനും ഇതൊരു വലിയ ആഘാതമായി മാറും. ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ക്ലീനര്‍മാര്‍ എന്നിവര്‍ക്ക് പുറമെ ബസ് സ്റ്റാന്‍ഡുകളിലെ ചെറുകിട കച്ചവടക്കാര്‍, വര്‍ക്ക്ഷോപ്പ് ജീവനക്കാര്‍, സ്‌പെയര്‍ പാര്‍ട്‌സ് വിപണി എന്നിവരെല്ലാം ഈ തകര്‍ച്ചയോടെ പ്രതിസന്ധിയിലാകും.
Kerala's private bus sector is facing another major crisis after the COVID-19 lockdown period. Bus operators say their revenue has dropped sharply due to rising fuel prices and the state's Priyadarshini free travel scheme for women on KSRTC buses. Unable to cope with mounting daily losses, many private bus owners are preparing to temporarily suspend services by submitting G Forms to the Motor Vehicles Department. The industry warns that without government intervention, more services could be withdrawn, affecting public transport across the state.