

ലോക പ്രശസ്തനായ കൊമേഡിയൻ, ഗംഭീരനായ നടൻ. അത്രയും മതി പോള്‍ മുനിയെ പരിചയപ്പെടുത്താൻ. പണ്ട് പോൾ മുനി നടക്കുമ്പോള്‍ ആളുകള്‍, “അതാ എമില്‍ സോള പോകുന്നു, ലൂയി പാസ്റ്റര്‍ പോകുന്നു, വാങ്ങ് ലങ്ങ് പോകുന്നു !!" എന്നൊക്കെ പറയുമായിരുന്നു. അങ്ങനെ ഒരിന്ത്യൻ അനുഭവം മാത്രമേ നമുക്കുള്ളൂ, അത് മമ്മൂട്ടിയാണ്.
''നല്ല കളറ് കിണ്ണംകാച്ച്യ സിനിമ പോലത്തെ കാഴ്ചോള്, അതും മനുഷ്യമ്മാര് കാണാത്ത ടൈപ്പ് കാഴ്ചോള് പച്ചയ്ക്ക് നിന്ന് കാണ്ണ്ണ ആളാ ഞാൻ. അതോണ്ട് ചോയിച്ചതാ, ഞാനീ കാണ്ണ്ണത് സ്വപ്നമല്ലല്ലോ പുണ്യാളാ ?'' എന്ന് ചോദിക്കുന്ന ഒരു മമ്മൂട്ടിയുണ്ട് രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റിൽ. തൃശൂർക്കാരൻ അരി പ്രാഞ്ചിയായി അയാൾ മാറുമ്പോൾ ലവലേശം അയാളിലില്ലാത്തത് മമ്മൂട്ടിയാണ്. പിന്നെ ഉണ്ട്, ഒരു മമ്മൂട്ടിത്തം. എവിടെച്ചെന്നാലും നിഷ്പ്രയാസം അവിടത്തുകാരനാവുന്ന മാജിക്.
"എല്ലാവരും എത്തീട്ടുണ്ടല്ലോ. ചേട്ടത്തീ, ഇന്നാ ഇിച്ചിരി മീനാ. ലാഭത്തിനു കിട്ടിയപ്പോ മേടിച്ചതാ. ഇവരീ കിഴക്കമ്മലേല്‍ ഒണക്കമീനൊക്കെ തിന്നു കിടക്കുവല്ലിയോ ! പുളിയിട്ടു വെച്ചാട്ടേ, ചെറുക്കനെന്തിയേ ? നമ്മുടെ മോളികുട്ടീടെ ചെറുക്കന്‍ !!" എന്ന് കുഞ്ഞച്ചന്‍ ചുമ്മാ നിന്നങ്ങ് ചോദിച്ചാൽ മതി നാം കോട്ടയം കുഞ്ഞച്ചന്‍ എന്നയാൾക്ക് പേരിടാൻ. കോട്ടയത്തിന്റെ പ്രാദേശികത്വം മുഴുവനുമറിയാൻ അയാളുടെ ചുണ്ടനക്കം നോക്കിയാൽ മതി.
ചെലവാക്കിയ പണത്തിന്റെ ആറു മടങ്ങ് തീയേറ്ററിൽ നിന്ന് കൊയ്തെടുത്ത ഒരു മാണിക്യമുണ്ട് മമ്മൂട്ടിയുടേതായി. പോത്തു കച്ചവടക്കാരൻ ബെല്ലാരി രാജയുടെ കഥ പറഞ്ഞ, അൻവർ റഷീദിന്റെ രാജമാണിക്യം. ബെല്ലാരിയിലേക്കെന്നല്ല എവിടേക്ക് പോയാലും തിരുവനന്തപുരത്തുകാർക്ക് വിട്ടു കളയാൻ പറ്റാത്ത ഒരു മലയാളമുണ്ട്. മാണിക്യം പറഞ്ഞത് ആ മലയാളമാണ്. എല്ലാത്തിലും ഒരു ആഡംഭരമുണ്ട് തിരുവനന്തപുരത്തുകാർക്ക്. കത്തിയ്ക്ക് കൈലാഞ്ചി, പോലീസിന് പേല, അഹങ്കാരത്തിന് മൊട, നാരങ്ങാവെള്ളത്തിന് ബോഞ്ചി, ഒരുപാടിന് തോനെ അങ്ങനെ തിരുവനന്തപുരത്ത് മാത്രം കേൾക്കുന്ന പലതുമുണ്ട്. എത്രയെളുപ്പമാണ് മമ്മൂട്ടിക്ക് തിരുവനന്തപുരം വഴങ്ങിക്കൊടുക്കുന്നത്.
"അതു ശരി. അപ്പ ഞാ ആരാണെന്നറിയണം. അത്രല്ലേ ഒള്ള്. ഒരു പായിരാത്രിക്കൊരു മണിയറവാതിലില് മുട്ടിയപ്പോഴാണ് ഈ ചോദ്യം ഞാനാദ്യായിട്ട് കേക്കണത്. ആരാണു നീ എന്തരാണ് നിനക്ക് വേണ്ടതെന്ന്. അപ്പൊ ഞാമ്പറഞ്ഞു എനിക്കെന്റെ അമ്മയെ വേണംന്ന്. അപ്പോ ആ അമ്മ പറഞ്ഞ് ആ മകനെ അറിയൂലാന്ന്. അതോടെ തീർന്നുകിട്ടി ഊരും പേരുമൊക്കെ. ദോയിരിക്കണ്. ഉം എന്തര് നോക്കണത്. ഞാന്നേ പറഞ്ഞയല്ലേ ഇതൊന്നും വേണ്ടെന്ന്. ഈ വല്യ മനുഷ്യനൊണ്ടല്ലോ, ഇദ്ദ്യേട്ട പേരാണ് മാണിക്യം.
രായമാണിക്യം ! ഞാനതന്നാണ് സാതനമെന്നൊള്ളയിന് ഇനിയും നെനക്കെന്തെരേലും തംശയമൊണ്ടെങ്കില് അത് ബോധ്യപ്പെട്ടുതരാനൊള്ള ഒരടയാളമൊണ്ട് കേട്ടോ." മലയാള സിനിമയുടെ ബോക്സോഫീസിന്റെ ചരിത്രം മാറ്റിയെഴുതിയവരിലൊരാൾ ഈ മനുഷ്യനാണ്, ലോക മലയാളിക്ക് മുഴുവനായും എളുപ്പം കത്താത്ത ഈ പ്രാദേശികപ്പെരുമയെ ആഘോഷിച്ചുലസിച്ച ബെല്ലാരി രാജ. മലയാളം പോലെ ഭംഗിയിൽ ഇംഗ്ലീഷും പറയും മമ്മൂക്ക. "ഷാൽ ഐ റിമൈൻഡ് യു സംതിങ്, ഇറ്റ് ഈസ് ക്വയറ്റ് അൺബിക്കമിംഗ് ആൻ ഓഫീസർ" എന്നു പറഞ്ഞ് നമ്മളെ കോരിത്തരിപ്പിക്കാൻ അല്പനേരത്തേക്കെങ്കിലും വന്നു പോകുന്ന ഒരു നന്ദഗോപാൽമാരാർ വേണം ഏതു നരസിംഹ കഥയ്ക്കും. രഞ്ജിത്തിനും രൺജി പണിക്കർക്കുമൊക്കെ അതു നന്നായറിയാം.
ഷാജി കൈലാസിൻ്റെ നരസിംഹത്തിൽ അയാൾ മിന്നായം പോലെ വന്നുപോകുമ്പോൾ പോലും "നാസിക്കിലെ റിസർവ് ബാങ്കിന്റെ നോട്ടടിക്കുന്ന പ്രസ്സുണ്ടല്ലോ, കമ്മട്ടം. അതെടുത്തോണ്ടു വന്ന് തുലാഭാരം തൂക്കിയാലും മാരാർ ഇരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും !” എന്ന് രഞ്ജിത്തിനെഴുതേണ്ടി വന്നത് അതുകൊണ്ടാണ്.
ഇംഗ്ലീഷ് പഠിച്ച കുട്ടിക്കാലത്തെക്കുറിച്ച് മമ്മൂക്കയൊരിക്കൽ പറഞ്ഞിട്ടുണ്ട്, "പാണപറമ്പിൽ മുഹമ്മദ് കുട്ടി മേത്തരുടെ വീട്, എന്റെ തറവാട്. ഇവിടെയായിരുന്നു എന്റെ ബാല്യം. ഇംഗ്ലീഷ് കൂട്ടിവായിക്കാൻ തുടങ്ങിയ കാലത്ത് കൊച്ചാപ്പയുടെ ശിക്ഷ ഭയന്ന് ഇംഗ്ലീഷിലുള്ള എബ്രഹാം ലിങ്കന്റെ ജീവചരിത്രം മുഴുവൻ വായിച്ച് തീർത്ത മുറി ഇവിടുണ്ട്. അകാലത്തിൽ അന്തരിച്ചു പോയ ആ കൊച്ചാപ്പയുടെ ശിക്ഷ തന്നെയായിരുന്നു എനിക്കു കിട്ടിയ ശിക്ഷണം."
ലൗഡ് സ്പീക്കറിൽ ഒരു മൈക്ക് ഗോപാലനുണ്ട്. "ഒറങ്ങുവാരുന്നോ, ഒറങ്ങുവാണേ ഒറങ്ങിക്കോ ഞാന്‍ ശല്യപ്പെടുത്തുന്നില്ല. എന്നാ മുടിഞ്ഞാ ചൂടാ. തോപ്രാംകുടീന്ന് വെളുപ്പിനേ കാലു കൊടുത്തതാ മോണിംഗ് സ്റ്റാറിന്. നല്ല പിടിപ്പീരാരുന്നു. ഏഴു മണിയായപ്പോ മൂവാറ്റുപുഴ സ്റ്റാന്‍ഡ് പിടിച്ചു." എന്നു പറയുന്ന ഗോപാലനല്ല ഫോർട്ട് കൊച്ചിക്കാരൻ ഡാനി. ബസ് കണ്ടക്ടറിലെ മലപ്പുറത്തുകാരൻ കുഞ്ഞാക്കയ്ക്ക് ഇവരെയൊന്നും അറിയുക പോലുമില്ല. ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നിൽ നടന്ന മലബാർ കലാപത്തിന്റെ കഥ ടി. ദാമോദരൻ, ഐ.വി. ശശിക്കു വേണ്ടി എഴുതിയപ്പോൾ അതിൽ നായകനായി വന്നത് മമ്മൂട്ടിയാണ്.
1921 ലെ ഖാദറിന്റെ മലപ്പുറം മലയാളം ബസ് കണ്ടക്ടറിലെ കുഞ്ഞാക്ക പറഞ്ഞതല്ല. ഒരു ദേശത്തിനകത്ത് പോലും, നാം വിട്ടു കളയുന്ന പ്രാദേശികത്വത്തെ ചികഞ്ഞ് ചെല്ലുന്ന ഈ പോൾ മുനിയുണ്ടല്ലോ ചരിത്രത്തിൽ അങ്ങനൊരാളേ നമുക്ക് കാണൂ.
"പുതുമണം വിട്ടുമാറാത്ത കുടയും പുസ്തകങ്ങളുമായി ഒരു മഴക്കാലത്താണ് സെയ്ന്റ് തോമസ് എൽ.പി സ്കൂൾ എന്ന സർവകലാശാലയിലേക്ക് ഞാൻ കാലെടുത്ത് വെക്കുന്നത്." എന്ന് മമ്മൂട്ടിയൊരിക്കൽ പറഞ്ഞിട്ടുണ്ട്. മമ്മൂക്ക മലയാളം വായിച്ചു പഠിച്ച ക്ലാസ് മുറി അവിടുണ്ട്.
"നിറന്ന പീലികള്‍ / നിരക്കവേ കുത്തി / നെറുകയില്‍ക്കൂട്ടി / ത്തിറമൊടു കെട്ടി...!! എന്റെ ഗ്രേസിട്ടീച്ചറിന്റെ ശബ്ദം കേട്ടുവോ ഞാൻ." എന്ന് മമ്മൂട്ടി പറയുമ്പോൾ, ഈ മനുഷ്യനെ മലയാളം പഠിപ്പിച്ച സകലമാന ഗുരുക്കന്മാർക്കും മുമ്പിൽ തലകുനിക്കുകയായിരുന്നു ഞാൻ. സെയ്ന്റ് തോമസ് എൽ.പി സ്കൂളും കുലശേഖര മംഗലം ഹൈസ്കൂളും പിന്നിട്ട് മമ്മൂട്ടി സഞ്ചരിച്ചത് അര മലയാളി പോലും കണ്ടിട്ടില്ലാത്ത നൂറുമലയാളത്തിന്റെ കടലിലേക്കാണ്.
കടലോരത്തിരുന്ന് അമരത്തിലെ അച്ചൂട്ടി പറയുന്ന ഭാഷയുണ്ടല്ലോ, മേലേടത്ത് രാഘവന്‍ നായരുടെ വള്ളുവനാടൻ മലയാളത്തിൽ അതിന്റെ മണൽത്തരി പോലും പറ്റിക്കിടക്കില്ല. വിധേയനിലെ ഭാസ്കര പട്ടേലർ തുളുകലർന്ന മലയാളമാണ് സംസാരിച്ചത്, ചട്ടമ്പി നാട്ടിലെ വീരേന്ദ്ര മല്ലയ്യ കന്നഡ കലർന്ന മലയാളം പറയുമ്പോൾ ഇതിൽ ഭാസ്കര പട്ടേലരുണ്ടോ എന്നു ചൂഴ്ന്നു നോക്കി തോറ്റുപോയ പ്രേക്ഷകനാണ് ഞാൻ. എന്തിന് പുത്തൻ പണത്തിലെ കാസർഗോട്ടുകാരൻ നിത്യാനന്ദ ഷേണായിയിൽ പോലുമില്ലായിരുന്നു ഭാസ്കര പട്ടേലർ. തമിഴ് കളർന്ന മലയാളത്തിൽ കറുത്ത പക്ഷികളിലെ തേപ്പുകാരൻ മുരുകൻ വന്ന് സംസാരിച്ചപ്പോഴും, കമ്മത്ത് ആൻഡ് കമ്മത്ത് കൊങ്കിണി മലയാളം പറഞ്ഞപ്പോഴും നാം മനസ്സിലാക്കിയത് മമ്മൂട്ടിയില്ല എന്നാണ്.
സൂര്യമാനസത്തിലെ പുട്ടുറുമീസും മൃഗയയിലെ വാറുണ്ണിയും മമ്മൂട്ടിയാണ്, പക്ഷേ മമ്മൂട്ടിയല്ല. മമ്മൂട്ടിയില്ല എന്നതാണ് സത്യം. ഉള്ളത് മമ്മൂട്ടികളാണ്, കാലമോ ഭാഷയോ ദേശമോ ഇല്ലാത്ത മമ്മൂട്ടികൾ. മൈക്കലാഞ്ചലോയെക്കുറിച്ച് ഞാനൊരു കഥ കേട്ടിട്ടുണ്ട്. വെണ്ണക്കല്ലില്‍ ഉളി കൊണ്ട് തട്ടിക്കൊണ്ടിരുന്നപ്പോള്‍ മൈക്കലാഞ്ചലോയോട് ആരോ ചോദിച്ചു, "നിങ്ങൾ എന്താണ് ചെയ്യുന്നത് ?" മൈക്കലാഞ്ചലോ പറഞ്ഞു, “ഈ വെണ്ണക്കല്ലിനകത്ത് ഒരു സുന്ദരി ഒളിച്ചിരിപ്പുണ്ട്. അവളെ പൊതിഞ്ഞിരിക്കുന്ന ആവശ്യമില്ലാത്ത മാര്‍ബിള്‍ തട്ടിക്കളഞ്ഞ് ഞാന്‍ അവളെ സ്വതന്ത്രയാക്കാൻ ശ്രമിക്കുകയാണ് !” ഇങ്ങനെ തട്ടിത്തട്ടി മമ്മൂട്ടി പുറത്തെടുത്തതാണ് ഇക്കാണുന്ന സൗന്ദര്യ ശില്പങ്ങൾ മുഴുവനും. അതുകൊണ്ടാണ് അയാൾ പണിത ചിത്രത്തൂണുകൾക്ക് മാത്രം ഈ വൈവിധ്യവും ചാരുതയും.
Like the world-famous comedian Paul Mooney, this article explores Mammootty swimming through a sea of a hundred Malayalam dialects, celebrating the regionalism and diversity of the language through countless characters—from Pranchiyettan to Rajamanikyam, Narasimham, Mike Gopalan, Khader, Putturumees, and Varunni. At its heart is Mammootty’s magic: his ability to infuse every role with the distinct flavour and soul of the place he represents.