'പോ മോനെ': അന്ന് മോദിയില്‍ ട്രെന്‍ഡിങ്, ഇന്ന് പിണറായിയില്‍ അധിക്ഷേപം

പിണറായി വിജയനോട് തമാശയെന്നും പറയരുതെന്ന് രേവന്ത് റെഡ്ഡിയോട് പറയാന്‍ മറന്നുവെന്ന് വിഡി സതീശന്‍
'പോ മോനെ': അന്ന് മോദിയില്‍ ട്രെന്‍ഡിങ്, ഇന്ന് പിണറായിയില്‍ അധിക്ഷേപം
Published on

2016ല്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ആഘോഷിച്ച ഹാഷ് ടാഗായിരുന്നു 'പോ മോനെ മോദി'. കേരളത്തെ സൊമാലിയയോട് ഉപമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയിലുള്ള പ്രതിഷേധം സോഷ്യൽ മീഡിയയിൽ തിരയിളക്കം സൃഷ്ടിച്ചു. ദേശീയതലത്തില്‍ തന്നെ ശ്രദ്ധ നേടിയ ക്യാംപെയിനിൽ ആയിരകണക്കിന് ആളുകളാണ് പങ്കാളികളായത്. മലയാളികളുടെ പ്രതിഷേധം എക്‌സിലും മറ്റു സമൂഹമാധ്യമങ്ങളിലും ട്രെൻഡിങ്ങായി. വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു പോ മോനെ പരാമർശം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശമാണ് ഇടതു ഹാൻഡിലുകളുടെ പ്രതിഷേധത്തിന് വഴിവച്ചിട്ടുള്ളത്. എന്നാൽ പതിവിനു വിപരീതമായി സിനിമാ സ്റ്റെൽ മറുപടിയുമായി മുഖ്യമന്ത്രി തന്നെ രംഗത്തെതിയതോടെ 'പോ മോനെ'യ്ക്കു പകരം 'ഡാഷ് മോനെ' തരംഗമായി കഴിഞ്ഞു. അന്ന് മോദിക്കെതിരെ പോ മോനെ എന്ന് പറഞ്ഞവർ ഇന്ന് രേവന്ത് റെഡ്ഡിക്കെതിരെ 'ഡാഷ്' പ്രയോഗം നടത്തുന്നതിലെ കൗതുകം ചൂണ്ടിക്കാട്ടുകയാണ് സമൂഹമാധ്യമങ്ങളില്‍ പലരും.

'പോ മോനെ': അന്ന് മോദിയില്‍ ട്രെന്‍ഡിങ്, ഇന്ന് പിണറായിയില്‍ അധിക്ഷേപം
സെൽഫ് ഗോളായി ക്യാപ്റ്റന്റെ പുതിയ പരാമർശം; 'വീട്ടിൽ പോയി ചോദിക്ക്' ആയുധമാക്കി യുഡിഎഫ്

നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെഎസ് ശബരീനാഥിന്റെ പ്രചാരണപരിപാടിയില്‍ പങ്കെടുക്കവെയാണ് രേവന്ത് റെഡ്ഡി മാസ് ഡയലോഗുമായി രംഗത്തുവന്നത്. പിണറായി സര്‍ക്കാരിന്റെ എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞുവെന്നും കേരളം യുഡിഎഫ് ഭരിക്കുമെന്നും അവകാശപ്പെട്ട രേവന്ത്, കേരളത്തിലെ വികസനവും തെലങ്കാനയിലെ വികസനവും തമ്മില്‍ താരതമ്യം ചെയ്യാന്‍ തയ്യാറാണെന്നും പറഞ്ഞു. 'ഒടുവില്‍ പോ മോനെ വിജയാ' എന്ന ഡയലോഗും പറഞ്ഞായിരുന്നു പ്രസംഗം പൂര്‍ത്തിയാക്കിയത്.

വൈകാതെ തന്നെ മുഖ്യമന്ത്രിയും വിഷയത്തില്‍ തിരിച്ചടിച്ചു. ''മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ സാധാരണ രീതിയില്‍ കാണിക്കേണ്ട മര്യാദകളുണ്ട്. അതിനൊക്കെ ചേര്‍ന്ന രീതിയിലാണോ അദ്ദേഹത്തിന്റെ ഇടപെടലെന്ന് സ്വയം ചിന്തിക്കട്ടെ. അദ്ദേഹം പരസ്യമായി ഉന്നയിച്ച സാഹചര്യത്തില്‍ ഞാനും പരസ്യമായി തന്നെ മറുപടി പറയാന്‍ പോകുന്നുണ്ട്. ആ മറുപടി കൊടുക്കും. ഇപ്പോള്‍ വിശദമായി പറയുന്നില്ല. അതിനാല്‍ ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്,'' എന്നായിരുന്നു പിണറായി വിജയന്റെ മറുപടി. പിന്നാലെ 'ഡിയർ ശ്രീ രേവന്ത് റെഡ്ഡി' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് കേരളത്തിന്റെ നേട്ടങ്ങൾ നിരത്തിക്കൊണ്ട് പിണറായി ഫേസ്ബുക്കിൽ വിശദമായി മറുപടി പങ്കുവെയ്ക്കുകയും ചെയ്തു.

'പോ മോനെ': അന്ന് മോദിയില്‍ ട്രെന്‍ഡിങ്, ഇന്ന് പിണറായിയില്‍ അധിക്ഷേപം
കോഴിക്കോട് വിധിയെന്ത്? കോട്ടകൾ കാക്കാൻ എൽഡിഎഫ്; അട്ടിമറി പ്രതീക്ഷയിൽ യുഡിഎഫ്; കരുത്ത് കാട്ടാൻ എൻഡിഎ

പ്രശ്‌നം ഇതോടെ അവസാനിച്ചെന്ന് കരുതിയവര്‍ക്ക് തെറ്റി, രേവന്ത് റെഡ്ഡി മുഖ്യമന്ത്രി അവഹേളിച്ചെന്ന തരത്തിലാണ് ഇടതു ഹാന്‍ഡിലുകള്‍ പ്രസ്താവനയെ വ്യാഖ്യാനിച്ചത്. മോദിക്കെതിരെ കേരളം ഒന്നടങ്കം ഉപയോഗിച്ച ഡയലോഗ് രാഷ്ട്രീയ പ്രതിയോഗികള്‍ തിരിച്ചടിച്ചപ്പോള്‍ പക്ഷേ അധിക്ഷേപമായി മാറി, ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തുവന്നിട്ടുണ്ട്.

പ്രതികരിച്ച് വി ഡി സതീശനും രേവന്ത് റെഡ്ഡിയും

ഒന്നൂകൂടി പത്രക്കാർ ചോദിച്ചിരുന്നെങ്കില്‍ ആ ഡാഷും കൂടി മുഖ്യമന്ത്രി പൂരിപ്പിച്ചേനേയെന്നും അങ്ങനെയായിരുന്നെങ്കില്‍, ദൈവമേ കേരളത്തിനത് എന്ത് നാണക്കേടാകുമായിരുന്നുവെന്നുമാണ് സതീശന്റെ പ്രതികരണം.

''പിണറായി വിജയനെതിരെ ഒന്നും പറയരുതെന്ന് ഞാന്‍ രേവന്ത് റെഡ്ഡിക്ക് നിര്‍ദേശം കൊടുത്തേനെ. അദ്ദേഹത്തോട് സൂക്ഷിച്ച് സംസാരിച്ചില്ലെങ്കില്‍ ഏറ്റവും നല്ല മലയാളത്തില്‍ ഏറ്റവും മോശം വാക്കുകള്‍ പറയുന്നയാളാണ്. താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ചു. ടി പി ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിളിച്ചു. എന്‍ കെ പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ചു. 50 വര്‍ഷം കൂടെ നടന്ന കമ്മ്യുണിസ്റ്റിനെ പരമചെറ്റയെന്നും വിളിച്ച് മലയാളം ഭാഷയ്ക്ക് ഒരുപാട് വാക്കുകള്‍ സംഭാവന ചെയ്തു. പിണറായി വിജയനോട് തമാശയെന്നും പറയരുതെന്ന് രേവന്ത് റെഡ്ഡിയോട് പറയാന്‍ മറന്നു. ഭൂമിയില്‍ കേള്‍ക്കാത്ത ഭാഷവരുമെന്ന് പറയണമായിരുന്നു. ഡാഷ് മോനെയെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ സമനില തെറ്റിയിരിക്കുകയാണ്,'' സതീശൻ പറഞ്ഞു.

'പോ മോനെ': അന്ന് മോദിയില്‍ ട്രെന്‍ഡിങ്, ഇന്ന് പിണറായിയില്‍ അധിക്ഷേപം
'2018ലെ പ്രളയം മനുഷ്യനിർമിതം, പിന്നിൽ കരിമണൽ ലോബി'; മന്ത്രി കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴൽനാടൻ

സിനിമാ മാസ് ഡലയലോഗ് ഒരു തമാശരൂപേണയാണ് രേവന്ത് റെഡ്ഡി പറഞ്ഞതെന്ന വിശദീകരണവും വിഡി സതീശന്‍ നല്‍കുന്നുണ്ട്. തെലങ്കാനയ്‌ക്കെതിരെ അതിശക്തമായ വിമര്‍ശനങ്ങള്‍ ഇടതു ഹാന്‍ഡിലുകള്‍ ആരംഭിച്ചതിന് പിന്നാലെയാണ് സതീശന്റെ വിശദീകരണം.

സതീശന്റെ പ്രതികരണത്തിനു പിന്നാലെ രേവന്ത് റെഡ്ഡിയും രംഗത്തെത്തി. ''താങ്കൾ തിരുവനന്തപുരത്തെ മോദിയാണ്, ബൈ ബൈ പിണറായി,'' എന്നായിരുന്നു രേവന്തിന്റെ പ്രതികരണം. പിണറായി വിജയന്റെ അധിക്ഷേപം അനു​ഗ്രഹമായി കാണുന്നു. അതിനെ ഗൗനിക്കുന്നില്ല. കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കരുത്. പിണറായിയുടെ കാലം കഴിഞ്ഞുവെന്നു കൂടി പറഞ്ഞ അദ്ദേഹം ബൈ ബൈ പിണറായി എന്ന് ആവർത്തിക്കുകയും ചെയ്തു.

English Summary: A political controversy has erupted after Telangana CM Revanth Reddy used the phrase “Po Mone Vijaya” against Kerala CM Pinarayi Vijayan, triggering backlash from Left supporters. The remark, reminiscent of the 2016 “Po Mone Modi” campaign, has sparked debates over political double standards and decorum in public discourse.

Related Stories

No stories found.
Madism Digital
madismdigital.com