Auto

വിർട്ടസിന്റെ 4 വർഷത്തെ വിജയഗാഥ; ആകർഷകമായ മാറ്റങ്ങളോടെ 'ആനിവേഴ്സറി എഡിഷൻ' അവതരിപ്പിച്ച് ഫോക്സ്‌വേഗൻ

19.19 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) ഈ പ്രത്യേക മോഡലിന്റെ പ്രാരംഭവില.

Madism Desk

ഇന്ത്യൻ വിപണിയിലെത്തി നാല് വർഷം പൂർത്തിയാക്കുന്നതിന്റെ സന്തോഷസൂചകമായി ഫോക്‌സ്‌വേഗൻ തങ്ങളുടെ ജനപ്രിയ സെഡാനായ വിർട്ടസിന്റെ (Virtus) പുതിയ 'ആനിവേഴ്സറി എഡിഷൻ' പുറത്തിറക്കി. 19.19 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) ഈ പ്രത്യേക മോഡലിന്റെ പ്രാരംഭവില.

നിലവിലുള്ള ജി ടി പ്ലസ് സ്പോർട്ട് വകഭേഗത്തെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന ഈ പതിപ്പ് രാജ്യത്തുടനീളമുള്ള ഫോക്‌സ്‌വേഗൻ ഡീലർഷിപ്പുകളിൽ പരിമിതമായ എണ്ണത്തിൽ മാത്രമായിരിക്കും വിൽപനയ്‌ക്കെത്തുക. 2022 ജൂണിൽ ഇന്ത്യയിൽ അവതരിപ്പിച്ചത് മുതൽ ഫോക്സ്‌വാഗണിന്റെ ഫ്ലാഗ്ഷിപ്പ് മോഡലായി മാറിയ വാഹനമാണ് വിർട്ടസ്. പുതിയ വാർഷിക പതിപ്പിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ പുതുമകൾ സമ്മാനിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

വാഹനത്തിന്റെ നിറത്തിലുള്ള പ്രത്യേകതയാണ് പുതിയ എഡിഷന്റെ ഏറ്റവും വലിയ ആകർഷണം. അവക്കാഡോ പേൾ എന്ന പുതിയ എക്സ്റ്റീരിയർ പെയിന്റ് നൽകിയാണ് വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ചേർന്നുനിൽക്കുന്ന കറുത്ത റൂഫും ബ്ലാക്ക് അലോയ് വീലുകളും വാഹനത്തിന് കൂടുതൽ സ്പോർട്ടിയറും ആകർഷകവുമായ രൂപം നൽകുന്നു. സൗന്ദര്യപരമായ ഈ മാറ്റങ്ങൾക്കപ്പുറം, ജിടി പ്ലസ് സ്പോർട്ട് മോഡലിലെ മിക്ക ഫീച്ചറുകളും ഇതിലും നിലനിർത്തിയിട്ടുണ്ട്.

10.25 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, ലേസർ റെഡ് ആംബിയന്റ് ലൈറ്റിങ്, അലുമിനിയം പെഡലുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ, മഴ അറിയാൻ കഴിയുന്ന റെയിൻ സെൻസിങ് വൈപ്പറുകൾ, ഓട്ടോ ഡിമ്മിങ് ഇൻസൈഡ് റിയർ-വ്യൂ മിറർ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളെല്ലാം വാർഷിക പതിപ്പിലും ലഭ്യമാണ്.

യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിലും വാഹനം മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 5-സ്റ്റാർ ഗ്ലോബൽ എൻക്യാപ് സുരക്ഷാ റേറ്റിങ് നേടിയിട്ടുള്ള വാഹനത്തിൽ ആറ് എയർബാഗുകൾ അടിസ്ഥാനപരമായി തന്നെ നൽകിയിരിക്കുന്നു. ഇതിന് പുറമെ നാൽപ്പതിലധികം സുരക്ഷാ സംവിധാനങ്ങൾ കൂടി വാഹനത്തിലുണ്ട്.

കരുത്തുറ്റ 1.5 ലിറ്റർ ടിഎസ്ഐ ഇവോ (TSI EVO) ടർബോ-പെട്രോൾ എഞ്ചിനാണ് ഈ ആനിവേഴ്സറി എഡിഷന് കരുത്തേകുന്നത്. 150 ബിഎച്ച്പി പവറും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ എഞ്ചിൻ 7-സ്പീഡ് ഡിഎസ്ജി (DSG) ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

ഇത് കൂടാതെ വാഹനത്തിന് കൂടുതൽ പ്രീമിയം അനുഭവം നൽകാൻ ആഗ്രഹിക്കുന്നവർക്കായി ഡീലർഷിപ്പുകൾ വഴി 360 ഡിഗ്രി ക്യാമറ സിസ്റ്റം, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, പഡിൽ ലാമ്പുകൾ തുടങ്ങിയ അധിക ആക്സസറികൾ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഉപഭോക്താക്കൾക്ക് കമ്പനി നൽകുന്നുണ്ട്.

Volkswagen India has launched a limited-run Anniversary Edition of the Virtus sedan to celebrate the model's four years in the market. Based on the GT Plus Sport variant, this special edition is priced at Rs 19.19 lakh (ex-showroom). The standout feature of this new release is the exclusive Avocado Pearl exterior paint. This is paired with a contrasting black roof and black alloy wheels to enhance the sedan's sporty appeal.