എൻവിഡിയ സ്ഥാപകനും സിഇഒയുമായ ജെൻസൻ ഹുവാങ്ങും ചൈനീസ് ചാരവനിതയുമായുള്ള ബന്ധം വൻ വിവാദങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. വിവാഹേതര ബന്ധം തുറന്നു പറഞ്ഞതിന് പിന്നാലെ ജെൻസൻ ഹുവാങ്ങിന്റെ കുടുംബ ജീവിതവും സമ്പത്തും ചർച്ചയാവുകയാണ്.
ഭാര്യ ലോറി ഹുവാങ് വിവാഹ മോചനത്തിന് തയ്യാറായാൽ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ വിവാഹമോചനത്തിലേക്ക് ജെൻസൻ ഹുവാങ് എത്തുമെന്നാണ് റിപ്പോർട്ട്. ഏകദേശം 14.5 ലക്ഷം കോടി രൂപ ആസ്തിയുള്ള അദ്ദേഹം വിവാഹമോചനം സംഭവിച്ചാൽ ഏകദേശം 7.5 ലക്ഷം കോടി രൂപ നഷ്ടപരിഹാരമായി നൽകേണ്ടി വരുമെന്നാണ് കണക്കുകൂട്ടലുകൽ. എന്നാൽ വിവാഹമോചന വാർത്തകൾ ഇരുവരും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
41 വർഷത്തെ ദാമ്പത്യം, വിവാഹമോചനമുണ്ടായാൽ പകുതി സ്വത്തോ?
യുഎസിലെ ഒറിഗൺ സർവകലാശാലയിൽ വിദ്യാർഥികളായിരിക്കെയാണ് 1985ൽ ജെൻസൻ ഹുവാങും ലോറിയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് എട്ടുവർഷത്തിന് ശേഷമാണ് 1993ൽ ഹുവാങ് ക്രിസ് മലാചോവ്സ്കി, കർട്ടിസ് പ്രീം എന്നിവർക്കൊപ്പം കാലിഫോർണിയയിലെ സണ്ണിവെയ്ലിൽ എൻവിഡിയ സ്ഥാപിച്ചത്. ഇന്ന് ലോകത്തെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനികളിലൊന്നായി എൻവിഡിയ മാറി.
കാലിഫോർണിയയിലെ വിവാഹമോചന നിയമങ്ങളാണ് ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചത്. കാലിഫോർണിയയിലെ കമ്മ്യൂണിറ്റി പ്രോപ്പർട്ടി നിയമപ്രകാരം വിവാഹ ജീവിതത്തിനിടെ സമ്പാദിക്കുന്ന സ്വത്തുക്കളിൽ ദമ്പതികൾക്ക് തുല്യ അവകാശമാണ് നൽകുന്നത്. വിവാഹമോചനം സംഭവിച്ചാൽ സ്വത്തുക്കൾ തുല്യാമായി വീതിക്കണമെന്നും നിയമത്തിൽ പറയുന്നു. ഹുവാങ് തന്റെ സമ്പത്തിന്റെ വലിയൊരു ഭാഗവും കെട്ടിപ്പടുത്തത് വിവാഹത്തിന് ശേഷമാണെന്നതാണ് ചർച്ചകൾക്ക് കാരണം.
നവംബർ എട്ടിന് എൻവിഡിയ ജീവനക്കാർക്ക് അയച്ച ഇമെയിലിൽ ഭാര്യയെ താൻ ചതിച്ചെന്ന് ഹുവാങ് സമ്മതിച്ചതായാണ് റിപ്പോർട്ട്. താൻ കാരണം ഭാര്യയും മക്കളും വേദനിച്ചെന്നും കമ്പനിയുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ വീഴ്ച പറ്റിയെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
7.5 ലക്ഷം കോടി രൂപ വിവാഹമോചനത്തിലൂടെ നൽകേണ്ടി വന്നാൽ അത് ചരിത്രത്തിലെ ഏറ്റവും വലിയ തുകയായി മാറും. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും ഭാര്യ മക്കെൻസി സ്കോട്ടും 2019ൽ വിവാഹമോചിതരായപ്പോൾ ഏകദേശം 3.6 ലക്ഷം കോടി രൂപയാണ് നഷ്ടപരിഹാരമായി നൽകിയത്. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ വിവാഹമോചനമാണിത്.
അതിനിടെ, ചൈനയിലെ മുൻ ടിവി റിപ്പോർട്ടറും പിന്നീട് സിംഗപ്പൂർ ആസ്ഥാനമായ ഡാറ്റാ സെന്റർ കമ്പനിയായ മെഗാസ്പീഡ് ഇന്റർനാഷണലിലെ മുതിർന്ന ഉദ്യോഗസ്ഥയുമായ ആലിസ് ഹുവാങിനെക്കുറിച്ച് യുഎസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ചൈനീസ് ചാരസംഘടനയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സംശയമാണ് അന്വേഷണത്തിന് കാരണം. വിവാദങ്ങൾക്കിടെ നവംബർ ഒൻപതിന് എൻവിഡിയയുടെ ഓഹരികൾ ഏകദേശം അഞ്ച് ശതമാനത്തോളം ഇടിഞ്ഞതായും റിപ്പോർട്ടുണ്ട്.
Reports about Nvidia founder and CEO Jensen Huang's alleged extramarital affair have sparked discussions about his family life and wealth. If his wife, Lori Huang, seeks a divorce after 41 years of marriage, reports suggest that asset division could exceed 80 billion (approximately 7.5 lakh crore), given California's marital property laws and Huang's vast fortune. However, there is no confirmation that Lori has initiated divorce proceedings or that such a settlement would be required