വിദേശത്തുനിന്ന് പണമയച്ചാൽ ഇനി വൈകാതെ നാട്ടിൽ ലഭിക്കും. ഇതുസംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ ബാങ്കുകൾക്കും കർശന നിർദേശം നൽകി കഴിഞ്ഞു. ജി20 രാജ്യങ്ങൾ നിശ്ചയിച്ചിട്ടുള്ള ആഗോള മാനദണ്ഡങ്ങൾക്ക് അനുസൃതമായി, ക്രോസ്-ബോർഡർ പേയ്‌മെന്റുകൾ കൂടുതൽ വേഗത്തിലാക്കുകയാണ് ആർബിഐയുടെ ലക്ഷ്യം.
എന്താണ് മാറുന്നത്? പ്രവാസികൾക്ക് ലഭിക്കുന്ന ഗുണങ്ങൾ:
നിലവിൽ വിദേശത്തുനിന്ന് പണമയക്കുമ്പോൾ നാട്ടിലെ ബാങ്കുകളിൽ അത് ക്രെഡിറ്റ് ആകാൻ പലപ്പോഴും കാലതാമസം നേരിടാറുണ്ട്. ബാങ്കുകൾ ഓരോ ദിവസത്തിന്റെയും അവസാനം മാത്രം അക്കൗണ്ടുകൾ പരിശോധിച്ച് പണം ക്രെഡിറ്റ് ചെയ്യുന്ന രീതിയാണ് ഇതിന് പ്രധാന കാരണം. എന്നാൽ പുതിയ നിർദ്ദേശപ്രകാരം ഈ തടസ്സങ്ങൾ നീങ്ങും.
നോസ്‌ട്രോ അക്കൗണ്ട് പരിശോധന: ബാങ്കുകൾ തങ്ങളുടെ വിദേശത്തുള്ള 'നോസ്‌ട്രോ' (Nostro) അക്കൗണ്ടുകൾ ഒരു മണിക്കൂർ ഇടവിട്ടെങ്കിലും പരിശോധിച്ചിരിക്കണം. ഇതുവഴി പണം വന്ന കാര്യം ബാങ്കിന് ഉടനടി മനസ്സിലാക്കാൻ സാധിക്കും.
ഉടനടി വിവരം നൽകണം: വിദേശത്തുനിന്ന് പണം നാട്ടിലെ ബാങ്കിന്റെ പക്കൽ എത്തിയാലുടൻ അത് അക്കൗണ്ട് ഉടമയെ അറിയിക്കണം. ബാങ്ക് പ്രവൃത്തി സമയം കഴിഞ്ഞാണ് പണം എത്തുന്നതെങ്കിൽ അടുത്ത ദിവസം ബാങ്ക് തുറക്കുന്ന ഉടൻ തന്നെ ഉപഭോക്താവിനെ വിവരം അറിയിച്ചിരിക്കണം.
ഒരേ ദിവസം ക്രെഡിറ്റ്: വിദേശനാണ്യ വിനിമയ വിപണി പ്രവർത്തിക്കുന്ന സമയത്താണ് പണം എത്തുന്നതെങ്കിൽ, ആ ബിസിനസ് ദിവസം തന്നെ ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റാൻ ബാങ്കുകൾ പരമാവധി ശ്രമിക്കണം.
കേരളത്തിന് എന്തുകൊണ്ട് ഈ മാറ്റം നിർണ്ണായകം?
ലക്ഷക്കണക്കിന് പ്രവാസികളുടെ വരുമാനത്തെ ആശ്രയിച്ച് കഴിയുന്ന കേരളത്തിന് ആർബിഐയുടെ ഈ തീരുമാനം നൽകുന്ന ആശ്വാസം ചെറുതല്ല. നിത്യചെലവുകൾക്കും ചികിത്സാ ആവശ്യങ്ങൾക്കുമായി വിദേശത്ത് നിന്ന് പണമയക്കുമ്പോൾ ബാങ്കുകൾ വരുത്തുന്ന സാങ്കേതിക കാലതാമസം സാധാരണക്കാരായ പല കുടുംബങ്ങളെയും വലിയ പ്രതിസന്ധിയിലാക്കാറുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ പോലും പണം അക്കൗണ്ടിലെത്താൻ ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് പുതിയ നിർദ്ദേശത്തോടെ വിരാമമാകും. പ്രവാസി നിക്ഷേപങ്ങളും വിദേശ പണമിടപാടുകളും സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായതിനാൽ, ബാങ്കിങ് സേവനങ്ങളിലെ ഈ സുതാര്യതയും വേഗതയും കേരളത്തിലെ പ്രവാസി കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം വർധിപ്പിക്കാൻ സഹായിക്കും.
ഡിജിറ്റൽ യുഗത്തിലേക്ക് ബാങ്കുകളും
വിദേശ പണമിടപാടുകൾ ട്രാക്ക് ചെയ്യുന്നതിനും ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിനും ഉപഭോക്താക്കൾക്കായി ഡിജിറ്റൽ ഇന്റർഫേസ് ഒരുക്കാനും ആർബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആറ് മാസത്തിനുള്ളിൽ പുതിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുത്താനാണ് കേന്ദ്ര ബാങ്കിന്റെ തീരുമാനം.
ഇതോടെ, വിദേശത്തുനിന്ന് പണമയക്കുന്ന മലയാളികൾക്ക് തങ്ങളുടെ പണം സുരക്ഷിതമായും അതിവേഗത്തിലും നാട്ടിലെ പ്രിയപ്പെട്ടവരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാം.
English Summary: The Reserve Bank of India has issued strict guidelines to commercial banks to significantly reduce delays in processing inward cross-border remittances, a move that will benefit Kerala’s vast NRI community. Banks are now required to reconcile their "Nostro" accounts at least once every hour and immediately notify beneficiaries upon receipt of funds from abroad. By mandating same-day credits and frequent monitoring, the RBI aims to ensure that financial support sent by migrants reaches their families in India faster and more transparently.