

പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കുമെന്ന ശുഭസൂചനകളോടെ ഡൊണാൾഡ് ട്രംപ് നടത്തിയ ട്വീറ്റ് ലോക സാമ്പത്തിക രംഗത്ത് വലിയ പ്രതിഫലനമുണ്ടാക്കി. ഒരു രാത്രിക്കുള്ളിൽ തന്നെ ഓഹരി വിപണികളിലും നാണയ വിനിമയത്തിലും ശ്രദ്ധേയമായ മാറ്റങ്ങൾ പ്രകടമായി. യുദ്ധസമാനമായ സാഹചര്യങ്ങൾ സാധാരണക്കാരുടെ ജീവിതച്ചെലവുകളെപ്പോലും തകിടം മറിച്ച പ്രതിസന്ധിയിൽ നിന്ന് നേരിയ ആശ്വാസസൂചനകൾ പ്രകടമാകുന്നുണ്ട്. എങ്കിലും, ഈ മാറ്റം എത്രത്തോളം സുസ്ഥിരമായിരിക്കുമെന്ന കാര്യത്തിൽ ആശങ്കകൾ ബാക്കിയാണ്.
ആറാഴ്ച നീണ്ട സംഘർഷത്തിനിടെ കുത്തനെ ഉയർന്ന ക്രൂഡ് ഓയിൽ വില, പാചക വാതക ക്ഷാമം, സ്വർണവിലയിലെയും, ഓഹരി വിപണിയിലെയും ഇടിവ് തുടങ്ങിയ പ്രതിസന്ധികൾക്ക് ഇപ്പോൾ മാറ്റത്തിന്റെ സൂചന പ്രകടമാണ്. ഹോർമുസ് കടലിടുക്ക് നിർണായക സാന്നിധ്യം ആയതോടെ ഏറെ പ്രതിസന്ധിയിലേക്ക് നീങ്ങിയത് ഏഷ്യൻ രാജ്യങ്ങളായിരുന്നു. ലോകത്തിലെ ഏകദേശം 20 ശതമാനം എണ്ണയും എൽഎൻജിയും ഹോർമുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025ൽ ദിവസേന 20 മില്യൺ ബാരൽ എണ്ണ ഹോർമുസ് കടന്നുപോയിട്ടുണ്ട്. വർഷത്തിൽ ഏകദേശം 600 ബില്യൺ ഡോളർ മൂല്യമുള്ള വ്യാപാരമാണ് ഇതിലൂടെ നടന്നിരുന്നത്.
അമേരിക്കയും ഇറാനും തമ്മിൽ ഉപാധികളോടെയുള്ള വെടിനിർത്തൽ കരാറിന് ധാരണയായതോടെ രാജ്യാന്തര വിപണിയിൽ എണ്ണവിലയിൽ കുറവ് തുടരുന്നു. ബുധനാഴ്ച ബ്രെന്റ് ക്രൂഡ് വില 15 ശതമാനത്തോളം ഇടിഞ്ഞ് ബാരലിന് 94 ഡോളറിലെത്തി.
ഗൾഫ് മേഖലയിൽ മിസൈൽ ആക്രമണങ്ങൾ രൂക്ഷമായ ഘട്ടത്തിൽ എണ്ണവില 120 ഡോളറിന് അടുത്തെത്തിയിരുന്നു. ഇതിൽ നിന്നാണ് ഇപ്പോൾ കാര്യമായ ഇടിവുണ്ടായിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ വിപണിയിൽ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു. ഒരു ഘട്ടത്തിൽ പിന്മാറ്റത്തെക്കുറിച്ച് സൂചന നൽകിയ ട്രംപ്, മണിക്കൂറുകൾക്ക് ശേഷം ഇറാനെതിരെ അതിശക്തമായി തിരിച്ചടിക്കുമെന്ന് ഭീഷണിപ്പെടുത്തിയത് വിപണിയെ വല്ലാതെ ഉലച്ചു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതും പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെടാൻ കാരണമായിരുന്നു. നിലവിലെ വിലയിടിവ് ആശ്വാസകരമാണെങ്കിലും, ഫെബ്രുവരി 28-ന് സംഘർഷം ആരംഭിക്കുന്നതിന് മുൻപുള്ള വിലയുമായി താരതമ്യം ചെയ്യുമ്പോൾ ബ്രെന്റ് ക്രൂഡിന് ഇപ്പോഴും 30 ശതമാനത്തോളം വില കൂടുതലാണ്.
സംഘർഷത്തെ തുടർന്ന് ഹോർമുസ് വഴിയുള്ള കടൽ ഗതാഗതം കുറഞ്ഞിരുന്നുവെങ്കിലും, വെടിനിർത്തൽ സാഹചര്യത്തിൽ കടലിൽ കുടുങ്ങിയിരുന്ന എണ്ണക്കപ്പലുകൾ വീണ്ടും യാത്ര തുടരുമെന്ന പ്രതീക്ഷ വിപണിക്ക് ആശ്വാസം നൽകുന്നു. ഇന്ത്യ , മലേഷ്യ , ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങൾ ഗൾഫ് ഊർജസ്രോതസുകളെ ആശ്രയിക്കുന്നതിനാൽ ശക്തമായ സാമ്പത്തിക ആഘാതം നേരിട്ടിരുന്നു. അതുപോലെ സാധാരണക്കാരന്റെ അടുക്കളയെയും നേരിട്ട് ബാധിച്ച സംഘർഷമായിരുന്നു ഇത്. ഇന്ധനവില ഉയർന്നതിന്റെ പ്രതിഫലനമായി എൽപിജി സിലിണ്ടറുകളുടെ ലഭ്യതക്കും വിതരണത്തിനും തടസ്സം നേരിടുകയും, വീട്ടുചെലവുകൾ വർധിപ്പിക്കുകയും ചെയ്തു.
സംഘർഷം ശമിക്കുന്നതിന്റെ സൂചനകൾ വിപണിയിൽ ശക്തമായ മാറ്റങ്ങൾക്ക് വഴി തുറന്നിട്ടുണ്ട്. ഡോളറിനെതിരെ രൂപ 0.45 ശതമാനം വർധിച്ച് 92.58 എന്ന നിലയിലെത്തിയത് വിദേശ നിക്ഷേപ പ്രവാഹവും ഡോളറിന്റെ മൂല്യത്തിലുള്ള ഇടിവുമാണ് സൂചിപ്പിക്കുന്നത്. സംഘർഷഭീഷണി കുറയുകയും വെടിനിർത്തൽ പ്രതീക്ഷകൾ ഉയരുകയും ചെയ്തതോടെ നിക്ഷേപകർ വീണ്ടും റിസ്‌ക് ആസ്തികളിലേക്ക് തിരിഞ്ഞതാണ് ഇതിനുള്ള പ്രധാന കാരണം. അതിന്റെ ഫലമായി ഓഹരി വിപണിയിൽ വലിയ കുതിപ്പ് പ്രകടമായി. സെൻസെക്‌സ് 2500 പോയിന്റിലധികം ഉയർന്നതും നിഫ്റ്റി 23,900 കടന്നതും വിപണിയിലെ ആത്മവിശ്വാസം തിരിച്ചുവരുന്നതിന്റെ സൂചനയാണ്.
അതേസമയം ഇന്ന് മാത്രം ക്രൂഡ് ഓയിൽ വിലയിൽ വന്ന ഇടിവും ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതീക്ഷ തരുന്നതാണ്. പശ്ചിമേഷ്യൻ സംഘർഷങ്ങൾ ക്രൂഡ് ഓയിൽ വിപണിയിൽ പെട്ടെന്നുള്ള ചലനങ്ങളും വിലക്കയറ്റവും സൃഷ്ടിക്കുന്ന നിർണ്ണായക ഘടകമാണ്. വിതരണം തടസ്സപ്പെടുമെന്ന ഭീതിയും അനിശ്ചിതത്വവും എണ്ണവില കുത്തനെ ഉയരാൻ ഇടയാക്കിയിരുന്നു. എന്നാൽ പശ്ചിമേഷ്യയിൽ സമാധാന സൂചനകൾ തെളിഞ്ഞതോടെ വിപണിയിൽ 15 ശതമാനത്തോളം വിലയിടിവുണ്ടായി.
പശ്ചിമേഷ്യൻ സംഘർഷങ്ങൾ അവസാനിക്കുന്നതോടെ സ്വർണവിലയിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ ഈ സാഹചര്യം സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായി കാണുന്നവർക്ക് മാത്രമാകും ഗുണകരമാവുക. ഇന്ന് മാത്രം പവന് 2920 രൂപയുടെ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയത്. ഊർജ്ജ പ്രതിസന്ധിക്ക് ശമനമുണ്ടാകുമെന്ന സൂചനകൾക്കിടയിലും, ആഗോളതലത്തിലെ അനിശ്ചിതത്വം നിലനിൽക്കുന്നത് സ്വർണവിലയെ വീണ്ടും ഉയർത്തുകയാണ്. പണപ്പെരുപ്പത്തിൽ കുറവുണ്ടാകുമെന്ന വിലയിരുത്തലുകൾക്കിടയിലും നിക്ഷേപകർ സുരക്ഷിത താവളമെന്ന നിലയിൽ സ്വർണത്തിലേക്ക് ചുവടുമാറ്റുന്നത് വിപണിയിൽ വലിയ ചലനമുണ്ടാക്കുന്നു.
കേരളത്തിൽ പവന് 2920 രൂപയുടെ വർധനവോടെ ഒരു പവൻ സ്വർണത്തിന് 112800 രൂപയായത്. ആഭ്യന്തര വിപണിയിലെ ആവശ്യകതയുടെ പ്രതിഫലനമാണിത്. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് 2.3 ശതമാനം ഉയർന്ന് ഔൺസിന് 4812.49 ഡോളറിലെത്തി. വെള്ളി, പ്ലാറ്റിനം, പലാഡിയം തുടങ്ങിയ മറ്റു വിലയേറിയ ലോഹങ്ങളും സമാനമായി ഉയർന്നിട്ടുണ്ട്.
സംഘർഷം ശമിക്കുന്നതിന്റെ സൂചനകൾ വിപണിയിൽ ശക്തമായ തിരിച്ചുവരവിന് വഴിതുറന്നിട്ടുണ്ടെങ്കിലും, ഇതൊരു സുസ്ഥിരമായ മാറ്റമാണെന്ന് ഉറപ്പിച്ചു പറയാനാകില്ല. പശ്ചിമേഷ്യൻ പ്രതിസന്ധികളിൽ പൂർണ്ണമായ വ്യക്തത വരികയും സമാധാന കരാറുകൾ പ്രായോഗികമാവുകയും ചെയ്താൽ മാത്രമേ ആഗോള വിപണിക്ക് യഥാർത്ഥ സാമ്പത്തിക സ്ഥിരതയിലേക്ക് മടങ്ങാൻ കഴിയൂ.
English Summary: Middle East conflict ceasefire impact global markets surge oil price drop gold rise inflation outlook and stock market rally explained