പ്രവാസികള്‍ക്ക് താമസിക്കാന്‍ ഏറ്റവും അനുയോജ്യമായ 31 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് 2026-ലെ ഇന്റര്‍നേഷന്‍സ് 'എക്‌സ്പാറ്റ് ഇന്‍സൈഡര്‍' സര്‍വേ. ജീവിതനിലവാരം, തൊഴിലവസരങ്ങള്‍, സാമ്പത്തിക ഭദ്രത, വീട്, ഡിജിറ്റല്‍ സേവനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത്. സൗഹൃദപരമായ അന്തരീക്ഷവും കുറഞ്ഞ ജീവിതച്ചെലവുമാണ് ഈ വര്‍ഷത്തെ രാജ്യങ്ങളുടെ തിരഞ്ഞെടുപ്പില്‍ പ്രധാന പങ്കുവഹിച്ചത്. ആദ്യ 10 സ്ഥാനങ്ങളില്‍ എത്തിയ ഏഴ് രാജ്യങ്ങളും സൗഹൃദപരമായ അന്തരീക്ഷമുള്ളവയും അഞ്ച് രാജ്യങ്ങള്‍ സാമ്പത്തിക കാര്യങ്ങളില്‍ ലോകത്ത് മുന്നില്‍ നില്‍ക്കുന്നവയുമാണ്.
തൊഴിലവസരങ്ങളിലും സാമ്പത്തിക ഭദ്രതയിലും മുന്നിലെത്തിയ പനാമ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചപ്പോള്‍, മികച്ച സൗഹൃദ അന്തരീക്ഷമുള്ള മെക്‌സിക്കോ രണ്ടാം സ്ഥാനത്തും ഏറ്റവും സന്തോഷവാന്മാരായ പ്രവാസികളുള്ളതും ജീവിതച്ചെലവ് കുറഞ്ഞതുമായ തായ്ലാന്‍ഡ് മൂന്നാം സ്ഥാനത്തും എത്തി. കരിയര്‍ വളര്‍ച്ചയ്ക്കും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ക്കും പേരുകേട്ട യു.എ.ഇ നാലാമതായും ജനങ്ങളുടെ ഊഷ്മളമായ സ്വീകരണവും സംസ്‌കാരവും കൊണ്ട് ശ്രദ്ധേയമായ ബ്രസീല്‍ അഞ്ചാമതായും ഇടംപിടിച്ചു. മികച്ച ജീവിതനിലവാരം വാഗ്ദാനം ചെയ്യുന്ന സ്‌പെയിന്‍ ആറാം സ്ഥാനത്തും പ്രമുഖ സാമ്പത്തിക കേന്ദ്രമായ സിംഗപ്പൂര്‍ ഏഴാം സ്ഥാനത്തും എത്തിയപ്പോള്‍, യൂറോപ്പിലെ ജനപ്രിയ ഇടമായ പോര്‍ച്ചുഗല്‍ എട്ടാം സ്ഥാനം നേടി. താങ്ങാനാവുന്ന ജീവിതച്ചെലവും മികച്ച ഡിജിറ്റല്‍ സൗകര്യങ്ങളുമുള്ള മലേഷ്യ ഒന്‍പതാം സ്ഥാനത്തും ഉയര്‍ന്ന വരുമാനവും സാമ്പത്തിക സ്ഥിരതയും നല്‍കുന്ന ലക്‌സംബര്‍ഗ് പത്താം സ്ഥാനത്തുമാണ് ഉള്ളത്.
പനാമ
തുടര്‍ച്ചയായി മൂന്നാം വര്‍ഷവും പനാമ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആഗോളതലത്തില്‍ പ്രവാസികളുടെ സന്തോഷ നിരക്ക് 70% ആയിരിക്കുമ്പോള്‍ പനാമയിലിത് 87% ആണ്. കൂടാതെ ഇവിടെ വീടുകള്‍ കണ്ടെത്താന്‍ എളുപ്പമാണെന്ന് 90% ആളുകളും അഭിപ്രായപ്പെടുന്നു. സ്ഥിരതയുള്ള സമ്പദ്‌വ്യവസ്ഥയും കുറഞ്ഞ ജീവിതച്ചെലവും ബിസിനസ് ആസൂത്രണം കൂടുതല്‍ എളുപ്പമാക്കുന്നുവെന്ന് അര്‍ജന്റീനയില്‍ നിന്ന് പനാമയിലെ കരീബിയന്‍ തീരത്തേക്ക് മാറിയ ഏരിയല്‍ ബാരിയോന്യൂവോ പറഞ്ഞു. ഡോളര്‍ അധിഷ്ഠിത സാമ്പത്തിക വ്യവസ്ഥയായതിനാല്‍ കുറഞ്ഞ സേവന നിരക്കുകളും വസ്തു നികുതിയുമാണ് ഇവിടെയുള്ളത്.
മെക്‌സിക്കോ
പ്രവാസി സൗഹൃദമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതുള്ള മെക്‌സിക്കോ, പൊതു റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ്. 73% പ്രവാസികളും പ്രാദേശികമായി സൗഹൃദങ്ങള്‍ സ്ഥാപിക്കുന്നത് എളുപ്പമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. അമേരിക്കയിലെ ഷിക്കാഗോയില്‍ നിന്ന് പോര്‍ട്ടോ വല്ലാര്‍ട്ടയിലേക്ക് മാറിയ കേര്‍സ്റ്റന്‍ രക്കുയിയയുടെ അഭിപ്രായത്തില്‍, ശക്തമായ സാമൂഹിക ബന്ധങ്ങളും കുറഞ്ഞ ജീവിതച്ചെലവുമാണ് മെക്‌സിക്കോയുടെ പ്രധാന ആകര്‍ഷണം. വളരെ കുറഞ്ഞ ചെലവില്‍ തെരുവ് ഭക്ഷണങ്ങളും മികച്ച ആരോഗ്യസേവനങ്ങളും ഇവിടെ ലഭ്യമാണ്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ മെക്‌സിക്കോ 25-ാം സ്ഥാനത്താണ്. 68% ആളുകള്‍ മാത്രമാണ് ഇവിടുത്തെ സുരക്ഷാ സംവിധാനത്തില്‍ തൃപ്തര്‍.
തായ്‌ലാന്‍ഡ്
ലോകത്തില്‍ ഏറ്റവും സന്തോഷവാന്മാരായ പ്രവാസികള്‍ ജീവിക്കുന്നത് മൂന്നാം സ്ഥാനത്തുള്ള തായ്ലാന്‍ഡിലാണ്. ഇവിടെ ജീവിക്കുന്ന പ്രവാസികളില്‍ 86% പേരും സന്തോഷവാന്മാര്‍ ആണെന്ന് സര്‍വേ പറയുന്നു. ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള രാജ്യവും ഇതാണ്. 85% ആളുകളും ഇവിടുത്തെ സാമ്പത്തിക അന്തരീക്ഷം ഇഷ്ടപ്പെടുന്നവരാണ്. തായ് സംസ്‌കാരത്തിന്റെ ഭാഗമായുള്ള പരസ്പര ബഹുമാനവും മികച്ച വിദ്യാഭ്യാസ രീതികളുമാണ് പ്രവാസികളെ ആകര്‍ഷിക്കുന്ന ഒരു ഘടകം. പ്രകൃതിരമണീയമായ അന്തരീക്ഷത്തിനൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള ഭക്ഷണശാലകളും ആധുനിക സൗകര്യങ്ങളും സംസ്‌കാരം നിലനിര്‍ത്തിയുള്ള ബാങ്കോക്കിന്റെ ആധുനികവല്‍ക്കരണവും പ്രവാസികളെ തായ്‌ലാന്‍ഡിലേയ്ക്ക് ആകര്‍ഷിക്കുന്നു.
യു.എ.ഇ
മികച്ച കരിയര്‍ സാധ്യതകള്‍, എളുപ്പത്തിലുള്ള വിസ നടപടികള്‍, ഭാഷാപരമായ സൗകര്യങ്ങള്‍ എന്നിവയാണ് യു.എ.ഇയെ നാലാം സ്ഥാനത്ത് എത്തിച്ചത്. സമീപകാലത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇവിടുത്തെ സാധാരണ ജീവിതം സുരക്ഷിതവും സുഗമവുമായി മുന്നോട്ട് പോകുന്നു. മറ്റ് രാജ്യങ്ങള്‍ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുമ്പോള്‍, പ്രവാസികളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന നിലപാടാണ് യു.എ.ഇയുടേതെന്ന് ലണ്ടനില്‍ നിന്നും ദുബൈയിലേക്ക് മാറിയ നികിത അഭിപ്രായപ്പെട്ടു. ദുബൈയിലെ ആധുനിക ജീവിതത്തിന് പുറമെ ദെയ്‌റ, ബര്‍ ദുബൈ തുടങ്ങിയ പരമ്പരാഗത മേഖലകളും പ്രകൃതിഭംഗി നിറഞ്ഞ റാസല്‍ഖൈമ പോലുള്ള എമിറേറ്റുകളും പ്രവാസികള്‍ക്ക് മികച്ച ജീവിതാന്തരീക്ഷവും സുരക്ഷിതത്വവും ഉറപ്പുനല്‍കുന്നു.
ബ്രസീല്‍
ആദ്യമായാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ബ്രസീല്‍ ഇടംപിടിക്കുന്നത്. സന്തോഷം, താമസ സൗകര്യം, പ്രാദേശിക സൗഹൃദം, സംസ്‌കാരം എന്നിവയില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയാണ് ബ്രസീല്‍ അഞ്ചാമതെത്തിയത്. ജനങ്ങളുടെ ഊഷ്മളമായ പെരുമാറ്റം കൊണ്ടും പ്രാദേശിക സംസ്‌കാരം കൊണ്ടും പ്രവാസികള്‍ ഇവിടെയ്ക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നു എന്നാണ് സര്‍വേ പറയുന്നത്. സാവോ പോളോയിലേക്ക് കുടിയേറിയ ക്ലിന്റ് മാനിംഗിന്റെ അഭിപ്രായത്തില്‍, ബ്രസീലിയന്‍ ജനതയുടെ സൗഹൃദമനോഭാവം ഏത് അപരിചിതനെയും പെട്ടെന്ന് ആ രാജ്യത്തേയ്ക്ക് അടുപ്പിക്കുന്നതാണ്. പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഇവിടുത്തെ രീതി പ്രവാസികള്‍ക്ക് പുതിയൊരു ഭാഷ വേഗത്തില്‍ പഠിച്ചെടുക്കാന്‍ അവസരമൊരുക്കുന്നു.
The 2026 InterNations Expat Insider survey has ranked the 31 best countries for expatriates, assessing factors such as quality of life, career opportunities, financial security, housing, digital services, friendliness and cost of living. Panama retained the top spot for the third consecutive year, followed by Mexico and Thailand. The UAE ranked fourth, while Brazil entered the top five for the first time. Spain, Singapore, Portugal, Malaysia and Luxembourg completed the top 10. The survey highlights friendly communities, affordable living costs, financial stability and career opportunities as key factors influencing expatriates’ satisfaction.