മനുഷ്യ ബന്ധങ്ങളെല്ലാം തന്നെ 'ചക്ക' പോലെ കുഴഞ്ഞു മറിഞ്ഞതെന്ന് ആരോ പറഞ്ഞിട്ടുണ്ട്. ഒന്ന് ചിരിച്ചാലോ മനസ് തുറന്നൊന്ന് സംസാരിച്ചാലോ അവസാനിപ്പിക്കാൻ സാധിക്കുന്ന പല പടലപ്പിണക്കങ്ങളും നമുക്ക് നിത്യജീവിതത്തിൽ കാണാൻ സാധിക്കും. അത്തരത്തിൽ സ്നേഹ ബന്ധങ്ങൾക്കിടയിൽ സംഭവിച്ച ഒരു പിണക്കത്തിന്റെയും അതിന്റെ നിഷ്കളങ്കമായ ഒത്തുതീർപ്പിന്റെയും കഥ പറഞ്ഞെത്തിയ ഹ്രസ്വചിത്രമാണ് 'മൊളഞ്ഞി'. അവതരണ ശൈലിയിലെ പ്രത്യേകതകൾ, കഥപറച്ചിലിലെ പുതുമ എന്നിവയിൽ പുലർത്തിയ വ്യത്യസ്തതയ്ക്ക് 2024 ക്യാൻ ഫിലിം ഫെസ്റ്റിവൽ നോമിനേഷൻ, അഹമ്മദാബാദ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2025, സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ 2025 , ക്യാൻ ഫിലിം ഫെസ്റ്റിവൽ 2024 എന്നിവിടങ്ങളിലെ ഒഫീഷ്യൽ സെലക്ഷൻ, മികച്ച ചിത്രം, തിരക്കഥ എന്നിവയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, കാലിക്കറ്റ് സർവകലാശാലയുടെ സിലബസിലേക്കുള്ള തിരഞ്ഞെടുപ്പ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയ നേടിയ 'മൊളഞ്ഞി'യുടെ സംവിധായകൻ മഹേഷ് എസ് മധു മാഡിസം ഡിജിറ്റലിനോട് സംസാരിക്കുന്നു..
? മൊളഞ്ഞി എന്ന പേര് നമ്മളിലൊരുതരം ഗൃഹാതുരത്വം ഉളവാക്കുന്ന പേരാണ്. നാല് സഹോദരിമാർ തമ്മിലുള്ള ഇണക്കത്തേയും പിണക്കത്തേയും ചക്കയുമായി കോർത്തിണക്കിയതിനു പിന്നിലെ ആശയമെന്താണ്? എന്തായിരുന്നു മൊളഞ്ഞിയിലേക്ക് എത്തിച്ച പ്രകിയ?
: വാസ്തവത്തിൽ ഒരു വേനക്കാലത്ത് നടന്നൊരു സംഭവമാണ് മൊളഞ്ഞിയുടെ തുടക്കം. അന്ന് അത് നടക്കുന്ന സമയത്ത് ആ കഥാപത്രങ്ങളെല്ലാം തന്നെ ചക്ക മുറിച്ച് തിന്നുന്ന ഓർമ എന്റെ മനസ്സിലുണ്ടായിരുന്നു. അങ്ങനെയാണ് ചക്ക അവിടെ കൊണ്ടുവന്നത്. 'ആന്റോൺ ചെക്കോവിന്‍റെ' ഗൺ തിയറി പ്രകാരം, ചിത്രത്തിൽ ഒരു തോക്കോ അല്ലെങ്കിൽ എന്ത് തന്നെയായാലും കാണിക്കുന്നുണ്ടെങ്കിൽ ക്ലൈമാക്സിൽ അത് പൊട്ടിയിരിക്കണമെന്നാണ് പറയുന്നത്. ആ തിയറി തന്നെയാണ് ഇവിടെയും കൊണ്ടുവന്നത്. മെറ്റഫർ പോലെ ചക്ക സിനിമയിൽ പ്രവർത്തികമാവുന്നുണ്ട്. പ്രശ്‌നങ്ങൾക്കെല്ലാം കാരണം ഒരു പ്ലാവ് ആണ്. പ്ലാവിന്‍റെ ഫലമായ ചക്കയിൽനിന്ന് സിനിമ തുടങ്ങുകയും ആ ചക്ക കഴിച്ച് പ്രശ്നം അവസാനിപ്പിക്കുകയും ചെയ്തത് അങ്ങനെയാണ്.
? 'റിങ്ങോ റിങ്ങാ റോസസ്' എന്ന കളിപ്പാട്ടിന് പിന്നിൽ വലിയൊരു ചരിത്രമുണ്ടെന്നാണ് മനസിലാക്കുന്നത്, ചിത്രത്തിന്റെ തുടക്കത്തിൽ കാണിക്കുന്ന കുട്ടികൾ കളിക്കുന്ന രംഗങ്ങളിൽനിന്നും, പിന്നീട് എഴുതി കാണിക്കുന്നതിൽനിന്നുമാണ്. ഇങ്ങനെയൊരു ഒളിഞ്ഞുകിടക്കുന്ന ചരിത്രമാണോ സിനിമയിലേക്ക് കൊണ്ടുവരാൻ സ്വാധീനിച്ചത്?
: എനിക്കവിടെ കുട്ടികള്‍ കളിക്കുന്നത് കൊണ്ടുവരണം എന്നുണ്ടായിരുന്നു. അതിന് വേണ്ടി അമ്മയെ തന്നെ വിളിച്ചന്വേഷിച്ചപ്പോൾ കിട്ടിയതൊന്നിലും എനിക്കൊരു രസം അനുഭവപ്പെട്ടില്ലായിരുന്നു. അങ്ങനെ അഭിനയിക്കുന്ന കുട്ടികളോട് തന്നെ ചോദിച്ചപ്പോഴാണ് ഈ പാട്ട് പാടുന്നത്. പിന്നീടൊരിക്കൽ ഒരു ഫെസ്റ്റിവലിൽ സിനിമ പ്രദർശിപ്പിച്ചപ്പോൾ അവിടെ ഉണ്ടായിരുന്നവരിൽ ഒരാൾ പറഞ്ഞാണ് പാട്ടിനു പിന്നിലെ 'കോളറ ചരിത്രം' അറിയുന്നത്. പിന്നീട് യൂട്യൂബിൽ റിലീസ് ചെയ്തപ്പോൾ പാട്ടിന് പിന്നിലെ ചരിത്രം കൂടി ചേർക്കുകയായിരുന്നു.
? ചിത്രത്തിലെ കുട്ടികളുടെയും പ്രധാന കഥാപാത്രങ്ങളുടെയും വസ്ത്രധാരണ രീതിയിൽ അങ്ങേയറ്റം കേരളത്തിന്റെ ഒരു സാംസ്കാരിക അടിത്തട്ടുമായുള്ള ലയനം നമുക്ക് കാണാൻ സാധിക്കുന്നുണ്ടായിരുന്നു. ഇത്തരം വിഷയങ്ങളിലൊക്കെ എത്രത്തോളം റിസേർച്ച് നടത്തിയിട്ടുണ്ട്?
: അതെല്ലാം എങ്ങനെയോ സംഭവിച്ചു പോവുകയായിരുന്നു. കുട്ടിക്കാലത്ത് കുറച്ചധികം ചേച്ചിമാരുടെ കൂടെ വളർന്നതുകൊണ്ടായിരുന്നു എനിക്കതെല്ലാം എളുപ്പമായത്.
? ഉള്ളിലൊരു കഥപറച്ചിലുകാരനുണ്ടായത് എങ്ങനെയാണ്?
: എന്നിലൊരു കഥ പറയുന്ന കഴിവുണ്ടാക്കി തന്നത് യഥാർത്ഥത്തിൽ അമ്മയാണ്. നാട്ടിലെ ഓരോ കാര്യങ്ങളും അമ്മ എന്നോട് പങ്കുവെക്കാറുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അതിലെല്ലാം വെള്ളം ചേർത്തുംപറയും. അത്തരത്തിൽ കള്ളങ്ങൾ ചേർത്ത് കഥ പറയാൻ അവർക്ക് ഇഷ്ടവുമാണ്. എനിക്കതെല്ലാം കേൾക്കാനും ഇഷ്ടമായിരുന്നു. അതൊക്കെയാണ് എന്നെ സ്വാധീനിച്ചിട്ടുള്ളത്.
? സാധാരണ കുടുംബങ്ങളിലെ പല മനുഷ്യർക്കും ബന്ധിപ്പിക്കാൻ പറ്റുന്ന പല വാക്കുകളും നിങ്ങൾ മൊളഞ്ഞിയിൽ കൊണ്ട് വന്നിട്ടുണ്ട്. സ്ലിം ബ്യൂട്ടി, സ്ലിപ്പാവണ്ട, ആൺകുട്ടികളുടെ മുടി മുറിക്കുന്നതിനെ കുറിച്ചുള്ള പരാതി എന്നിങ്ങനെ പലതും. ഇതൊക്കെ ബോധപൂർവ്വം സംഭവിച്ചതാണോ?
: ഞാനും സുഹൃത്തും കൂടിയായിരുന്നു സംഭാഷണങ്ങൾ എഴുതിയത്. ശേഷം മൊളഞ്ഞിയിൽ അഭിനയിച്ചിരിക്കുന്ന ടീച്ചർമാരുടെ ആക്ടിങ് വർക്ക് ഷോപ്പില്‍ കടന്നുവന്ന പലതും എഴുത്തുവെക്കുകയും അതെല്ലാം പിന്നീട് ഉപയോഗിക്കുകയുമായിരുന്നു. കൂടാതെ അമ്മ വളരെ സർക്കാസ്റ്റിക്കായൊരു സ്ത്രീയാണ്. അവർ ഉപയോഗിക്കുന്ന പല വാക്കുകളും അതേപടി കടമെടുത്തിട്ടുണ്ട്.
? മൊളഞ്ഞിയിൽ എടുത്തു പറയേണ്ടുന്ന ഒരു കാര്യമാണ് മനോഹരമായ ദൃശ്യാനുഭവം. മുറ്റം, വീട്, പരിസരം എന്നിങ്ങനെ മനോഹരമായിട്ടാണ് ഫ്രെയിംസ് കൊണ്ടുവന്നത്. എന്തെല്ലാമായിരുന്നു അതിനു പിന്നില്ലേ തയ്യാറെടുപ്പുകൾ?
: മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്ത 'തടവ്'-ന്റെ ഛായാഗ്രാഹകനായ മൃദുലാണ് മൊളഞ്ഞിയുടെ ക്യാമറ കൈകാര്യം ചെയ്തത്. മൃദുലിന്റെ ഫ്രെയിമുകളെല്ലാം രസമുള്ളവയാണ്. സിനിമ ചിത്രീകരിച്ചിരിക്കുന്ന വീട്ടിൽ ഞങ്ങൾ പ്രത്യേകം ആർട്ട് വർക്കുകൾ ഒന്നും ചെയ്തിട്ടില്ല. പാലക്കാട്-ഷൊർണുർ ഭാഗത്ത് അത്തരത്തിൽ നിരവധി വീടുകളുണ്ട്. അവയുടെ ഭംഗി അതുപോലെ തന്നെ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു.
? കാലിക്കറ്റ് സർവ്വകലാശായിലെ ഒരു പഠന വിഷയമായി മൊളഞ്ഞി മാറിയിരിക്കുകയാണ്. എന്ത് തോന്നുന്നു?
: വാസ്തവത്തിൽ ഞാനും അത് വളരെ വൈകിയാണ് അറിഞ്ഞത്. യൂട്യൂബ് വീഡിയോക്ക് താഴെ വന്ന ഒരു കമെന്റിലൂടെയാണ് സിലബസിൽ ഉൾപ്പെടുത്തിയത് അറിയുന്നത്. സന്തോഷം തോന്നി.
? തന്റെ സിനിമകളിൽ കൊണ്ട് വരുന്ന ആശയങ്ങളിൽ വ്യത്യസ്ത പുലർത്തുന്ന ഒരു ഫിലിം മേക്കർ ആണ് ലിജോ ജോസ് പെല്ലിശ്ശേരി. ലിജോ എങ്ങനെയായിരുന്നു മൊളഞ്ഞിയുടെ ഭാഗമായത്?
: എന്റെ ഒരു സുഹൃത്തിന് മൊളഞ്ഞി വളരെ ഇഷ്ടപ്പെടുകയും അദ്ദേഹത്തിന് അറിയാവുന്ന പല സംവിധായകർക്കും അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. അങ്ങനെ കണ്ടതിന്റെ ഭാഗമായി ലിജോയെ കാണുകയും എന്നോട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
? കഥാപാത്രങ്ങള്‍ക്കു ജീവൻ നൽകിയ നാലുപേരെയും പൂര്‍ണ മനസോടെയാണ് ആസ്വാദകര്‍ ഏറ്റെടുത്തെന്നാണ് കമൻറുകൾ കാണിക്കുന്നത്. ഇവരിലേക്ക് എങ്ങനെയെത്തി?
: അവരില്‍ മൂന്നുപേരും അധ്യാപകരാണ്. ശ്രീജ ഗവണ്മെന്റ് ഉദ്യോഗസ്ഥയായിരുന്നു. ഒരു നാടക പ്രവർത്തക കൂടിയായ ചേച്ചി വഴിയാണ് പൂച്ചി എന്ന കഥാപാത്രം ചെയ്ത പത്മജ ടീച്ചർ എത്തുന്നത്. ചക്ക എന്ന കഥാപാത്രം ചെയ്ത ഗീത ടീച്ചർ 'തടവ്' എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. അങ്ങനെ പരസ്പരം ബന്ധപ്പെട്ടാണ് അവരോരുത്തരും സിനിമയുടെ ഭാഗമായത്.
? മൊളഞ്ഞിപോലെ ഒട്ടിപ്പിടിച്ചു കിടക്കുന്ന രക്തബന്ധങ്ങൾ എന്നത് പറഞ്ഞു ഫലിപ്പിക്കാൻ എളുപ്പമല്ലാത്തൊരു കാര്യമാണ്. ഇത്തരത്തിലൊരു സ്വീകാര്യത പ്രതീക്ഷിച്ചിരുന്നോ?
: ആശങ്കയുണ്ടായിരുന്നു. കാരണം അധികം ആരും ഉപയോഗിച്ചിട്ടില്ലാത്തൊരു ഴോണറാണ് മൊളഞ്ഞിയുടേത്. പിന്നെ പശ്ചാത്തല സംഗീതം അധികം ഉപയോഗിച്ചിട്ടില്ല. ഇതിനെല്ലാത്തിനും പുറമെ ഒരുതരം സ്വത്വ പ്രതിസന്ധി ഞാൻ അനുഭവിച്ചിരുന്നു. അതുകൊണ്ട് തന്നെ എത്രത്തോളം ആളുകളിലേക്ക് എത്തും, എത്രത്തോളം സ്വീകരിക്കപ്പെടും എന്നെല്ലാം ആശങ്കയുണ്ടായിരുന്നു.
English Summary: Director Mahesh S Madhu discusses his award-winning short film Molanjy, explaining how it explores human relationships through a simple yet symbolic narrative. The film, inspired by real-life moments, has gained international recognition and multiple awards for its storytelling and visual treatment.