ഗിരീഷ് എ. ഡി യുടെ ബെത്‌ലഹേം കുടുംബ യൂണിറ്റ് റൊമാന്റിക് കോമഡി എന്ന ജനുസ്സിനെ അതിന്റെ ലളിതവും ജനപ്രിയവുമായ രൂപത്തിൽ അവതരിപ്പിക്കുന്ന സിനിമയാണ്. വലിയ സംഘർഷങ്ങളോ സങ്കീർണ്ണമായ കഥാഗതിയോ സാമൂഹികപ്രശ്നങ്ങളുടെ ഗൗരവമേറിയ ആവിഷ്കാരമോ ഒന്നും സിനിമയുടെ ലക്ഷ്യമല്ല. പകരം, കഥാപാത്രങ്ങൾക്കിടയിൽ രൂപപ്പെടുന്ന ബന്ധങ്ങളും ദൈനംദിന ജീവിതത്തിലെ ചെറിയ സംഭവങ്ങളും അവയിൽനിന്ന് രൂപപ്പെടുന്ന ഹാസ്യവും പ്രണയവുമാണ് ആഖ്യാനത്തിന്റെ അടിത്തറ. ലളിതമായൊരു കഥയെ ആസ്വാദ്യകരമായ ആഖ്യാനാനുഭവമാക്കി മാറ്റുന്നു എന്നതാണ് സിനിമയുടെ തന്ത്രം..
ഗിരീഷ് എ. ഡിയുടെ മുൻ സിനിമകളിൽ കാണുന്ന ആഖ്യാനസ്വഭാവങ്ങൾ ബെത്‌ലഹേം കുടുംബ യൂണിറ്റിലും തുടരുന്നുണ്ട്. ‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ തുടങ്ങിയ സിനിമകളിലൂടെ പരിചിതമായ ആഖ്യാനരീതികൾ ബെത്‌ലഹേം കുടുംബ യൂണിറ്റിലും തുടരുന്നുണ്ട് . വലിയ ട്വിസ്റ്റുകളോ അതിശയിപ്പിക്കുന്ന പുതുമകളോ തേടേണ്ടതില്ല. കോളജ് തല്ല്, കൂട്ടുകാരുടെ ഇടപെടലുകൾ, പ്രണയത്തിന്റെ കുഴപ്പങ്ങൾ, സുഹൃത്തുക്കളുടെ ഇഴയടുപ്പം തുടങ്ങി മലയാളി പ്രേക്ഷകന് പരിചിതമായ പല ചേരുവകളും സിനിമയിലുണ്ട്. എന്നാൽ അതിനെ വെറും ആവർത്തനമെന്ന് പറഞ്ഞ് തള്ളിക്കളയാതിരിക്കാൻ പരിചിതമായ ചേരുവകൾക്ക് വീണ്ടും ഒരു പുതിയ ജീവിതം നൽകുകയാണ് ഗിരീഷ്. കഥയെ അതിവേഗം മുന്നോട്ടുനയിക്കുന്നതിനേക്കാൾ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും അവരുടെ സ്വഭാവസവിശേഷതകളിൽനിന്ന് സിറ്റുവേഷനുകൾ രൂപപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് പ്രധാനം.
മധ്യകേരളത്തിലെ കുടുംബ-സാമൂഹിക ഇടം സിനിമയുടെ പ്രധാന പശ്ചാത്തലമാകുമ്പോൾ, ആ ഇടത്തിലേക്ക് കടന്നുവരുന്ന പുതിയ കഥാപാത്രവും അവരുമായി രൂപപ്പെടുന്ന ബന്ധങ്ങളുമാണ് ആഖ്യാനത്തെ വികസിപ്പിക്കുന്നത്. ഓരോ കഥാപാത്രവും പരിചയപ്പെടുന്നതിനനുസരിച്ച് ആ ലോകം കൂടുതൽ രസകരമാകുന്നു.
നിവിൻ പോളിയെ സ്ക്രീനിൽ കാണുമ്പോൾ മലയാളിക്ക് ഒരു പ്രത്യേക അടുപ്പം തോന്നാറുണ്ട്. അയാൾ വലിയൊരു താരമായി അകലെ നിൽക്കുന്നില്ല. നമ്മുടെ നാട്ടിലെ പരിചയമുള്ള ഒരാളെന്ന തോന്നലുണ്ട്. അതുകൊണ്ടുതന്നെ നിവിന്റെ റൊമാന്റിക്-കോമഡി കഥാപാത്രങ്ങൾക്ക് മലയാളി പ്രേക്ഷകരുമായി ഒരു പ്രത്യേക ബന്ധമുണ്ട്. ജസ്റ്റിനിൽ ആ നിവിൻ വീണ്ടും വരുന്നു. കൗണ്ടർ പറയുന്ന ടൈമിങ്ങ്, കൗതുകകരമായ മുഖഭാവങ്ങൾ, പ്രണയത്തിൽപ്പെടുമ്പോഴുള്ള കുഴപ്പം, കാമുകനാകുമ്പോഴുള്ള നാണം, കൂട്ടുകാരുടെ മുന്നിലെ ആറ്റിറ്റ്യൂഡ്.. നിവിന്റെ മുൻകാല കഥാപാത്രങ്ങളെ ഓർമിപ്പിക്കുന്ന പലതുമുണ്ട്. മലയാളി നിവിനിൽ ഇഷ്ടപ്പെട്ടിരുന്ന സ്ക്രീൻ പെർസോണ വീണ്ടും സജീവമാകുന്നു. ജസ്റ്റിൻ ഒരു വലിയ ഹീറോയല്ല. അയാൾക്ക് സ്വന്തം കുഴപ്പങ്ങളുണ്ട്, കോംപ്ലക്സുകളുണ്ട്. ആ പരിമിതികളോടെയും ജസ്റ്റിനെ കറുകുറ്റിയിലെ താരമായി ഏറ്റെടുക്കാൻ പാകത്തിനാണ് കഥാപാത്രസൃഷ്ടി. കൂട്ടുകാരുടെയും നാട്ടുകാരുടെയും പ്രധാന ആളാകുന്നു.. കാറ്ററിങ്ങ് നടത്തുന്നു. ഗാഡ്ജറ്റുകൾ നന്നാക്കുന്ന കേമനാകുന്നു.. ഇംഗ്ലിഷ് പാട്ടുകൾ അറിയാം. 'അമ്മാവൻ തലമുറക്കും ജെൻസിക്കും ' പ്രിയം തോന്നുന്ന കഥാപാത്രമാണ് ജസ്റ്റിൻ.. ഒരു കാരക്ടറുള്ള കൊണ്ടാണ് എന്നെ ഇഷ്ടപ്പെട്ടത് എന്ന് പിന്നീട് വരുന്ന സംഭാഷണം തന്നെയുണ്ട്!
മമിത ബൈജു അവതരിപ്പിക്കുന്ന ആഷ്‌ലിയാണ് സിനിമയിലെ പ്രധാന സ്ത്രീകഥാപാത്രം. സാധാരണ റൊമാന്റിക് കോമഡികളിൽ നായിക പലപ്പോഴും നായകന്റെ കഥയെ മുന്നോട്ടുനയിക്കുന്ന കഥാപാത്രമായി ചുരുങ്ങിപ്പോകാറുണ്ട്. ഇവിടെ ആഷ്‌ലി അതിനേക്കാൾ സജീവമായ സാന്നിധ്യമാണ്. അവളുടെ പെരുമാറ്റവും തീരുമാനങ്ങളും പ്രണയബന്ധത്തിലെ പ്രതികരണങ്ങളും കഥാപാത്രത്തെ ഒരു ‘റൊമാന്റിക് ഒബ്ജക്റ്റ്’ എന്ന നിലയിൽ മാത്രം കാണുന്നതിൽനിന്ന് സിനിമയെ മാറ്റിനിർത്തുന്നു. നിവിൻ പോളി - മമിത ബൈജു കോമ്പിനേഷൻ തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം. പ്രായവ്യത്യാസമുള്ള നായികാ-നായക ബന്ധം മലയാള സിനിമയിൽ അപരിചിതമായ ഒന്നല്ലെങ്കിലും, കഥാപാത്രങ്ങളുടെ വ്യക്തിത്വം, പരസ്പര ആകർഷണം, സംഭാഷണങ്ങൾ, തമാശ, മാനസിക അടുപ്പം എന്നിവയുടെ അവതരണത്തിൽ നിവിൻ - മമത ജോഡി അവരുടെ മികവ് തെളിയിച്ചു. പരസ്പരം ഇഷ്ടപ്പെട്ടവരുടെ ബന്ധം സാമൂഹികമായി എന്തെല്ലാം ചോദ്യങ്ങൾ ഉയർത്തുന്നു എന്നതിനെക്കാൾ, അത് ഒരു റൊമാന്റിക് സിറ്റുവേഷനായി സാധാരണവൽക്കരിക്കുകയാണ് സിനിമ ചെയ്യുന്നത്. സ്ഥിരം നായികാ-നായക സങ്കൽപ്പങ്ങളിൽനിന്നുള്ള ചെറിയൊരു വ്യതിയാനം അവരുടെ കോമ്പോയിൽ കാണാം. വെറും ക്രഷല്ല പ്രേമം എന്ന് തെളിയിക്കാൻ നിരവധി സന്ദർഭങ്ങൾ സിനിമയിലുണ്ട്. റൂം 17 vs MP3 king പരസ്പരം ഇഷ്ടങ്ങളെ പരിഗണിക്കുന്നതിൻ്റെ സാക്ഷ്യപത്രമാണ്..
ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ ഏറ്റവും ശക്തമായ ഘടകം അതിൻ്റെ ഹാസ്യം കൈകാര്യം ചെയ്യുന്ന വിധമാണ്. ഡയലോഗ് അധിഷ്ഠിതമായ തമാശകളിൽ മാത്രം ആശ്രയിക്കാതെ സിറ്റുവേഷണൽ കോമഡി, കഥാപാത്രങ്ങളുടെ സ്വഭാവത്തിൽനിന്ന് രൂപപ്പെടുന്ന തമാശകൾ,, ടൈമിങ്ങ്, കൗണ്ടറുകൾ, കഥാപാത്ര ശരീരഭാഷ എന്നിവയാണ് സിനിമയുടെ ചിരിയുടെ പ്രധാന ഉപാധികൾ. കഥാപരമായ വലിയ സംഭവങ്ങൾക്കു പകരം കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങളിലും ദൈനംദിന സാഹചര്യങ്ങളിലുമാണ് ഹാസ്യത്തിന്റെ ഉറവിടം കണ്ടെത്തുന്നത്. ഒരു തമാശയിൽ ചിരിക്കുമ്പോഴേക്കും അടുത്തത് എത്തുന്നു. എന്നാൽ ചിരിപ്പിക്കാനുള്ള കൃത്രിമ ശ്രമം പലപ്പോഴും അനുഭവപ്പെടുന്നില്ല. കാരണം തമാശ കഥാപാത്രങ്ങളുടെ സ്വഭാവത്തിൽനിന്നും സാഹചര്യങ്ങളിൽനിന്നുമാണ് സ്വാഭാവികമായി ഉണ്ടാകുന്നത്
സംഗീത് പ്രതാപ്, ശ്യാം മോഹൻ, സുരേഷ് കൃഷ്ണ, റോഷൻ തുടങ്ങിയ അഭിനേതാക്കൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ ഈ ഹാസ്യഘടനയ്ക്ക് വ്യത്യസ്തമായ തലങ്ങൾ നൽകുന്നു. ഓരോ കഥാപാത്രവും തന്റേതായ ഹാസ്യസ്വഭാവം കൊണ്ടുവരുന്നതിനാൽ കോമഡി ഒരു നടന്റെ പ്രകടനത്തിൽ മാത്രം കേന്ദ്രീകരിക്കുന്നില്ല. ഒരു കൂട്ടായ കഥാപാത്രസംവിധാനമാണ് സിനിമയുടെ ഹാസ്യലോകത്തെ നിർമ്മിക്കുന്നത്. ഗിരീഷ് എ. ഡിയുടെ സിനിമകളിൽ ആവർത്തിച്ചു കാണുന്ന ഈ കൂട്ടായ കഥാപാത്രസംവിധാനം തന്നെയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിലും ആഖ്യാനത്തിന്റെ ഊർജമായി മാറുന്നത്. സിനിമയുടെ ആസ്വാദ്യതയുടെ വലിയൊരു ഭാഗം തന്നെ അഭിനേതാക്കളുടെ പ്രകടനത്തിലാണ്.
നിവിൻ അദ്ദേഹത്തിന്റെ മുൻകാല റൊമാന്റിക്-കോമഡി ഇമേജിന്റെ പുനരാവിഷ്കരണം ഭംഗിയാക്കുന്നു.. കോമഡി ടൈമിംഗും ശരീരഭാഷയും സംഭാഷണത്തിലെ സ്വാഭാവികതയും കഥാപാത്രത്തെ കൂടുതൽ ആകർഷകമാക്കുന്നു. മമിതയും റൊമാൻസ്, കോമഡി, വൈകാരികത എന്നിവയെ സ്വാഭാവികമായി കൈകാര്യം ചെയ്യുന്നുണ്ട്. ഇരുവരുടെയും സ്ക്രീൻ കെമിസ്ട്രി സിനിമയുടെ റൊമാന്റിക് ഘടകത്തിന് വിശ്വാസ്യത നൽകുന്നു.
സിനിമയിൽ സഹകഥാപാത്രങ്ങൾക്ക് അതേ പ്രകടനാവകാശമുണ്ട്. സംഗീത് പ്രതാപ്, ശ്യാം മോഹൻ, സുരേഷ് കൃഷ്ണ, റോഷൻ, വെട്ടുക്കിളി പ്രകാശ്, വിനയ് ഫോർട്ട്, സ്രിന്ദ, മീനാക്ഷി, ബിന്ദു പണിക്കർ തുടങ്ങി സിനിമയിലെ വിവിധ കഥാപാത്രങ്ങൾ കഥയുടെ അലങ്കാരങ്ങളായി മാത്രം നിലനിൽക്കുന്നില്ല. നമ്മളുടേതെന്ന് തോന്നിപ്പിക്കുന്ന കുറേ മനുഷ്യരുടെ കൂട്ടം. ഓരോരുത്തർക്കും ഓർമ്മയിൽ നിൽക്കുന്ന രംഗങ്ങളോ സംഭാഷണങ്ങളോ നൽകുന്നുണ്ട്. മമിതയുടെ അനിയൻ കഥാപാത്രമായ അലനു പോലും ഓർമിക്കാവുന്ന രസകരമായ നിമിഷങ്ങൾ നല്കി. ഇതിലൂടെ സിനിമയുടെ ലോകം നായകനും നായികയും മാത്രം ഉൾപ്പെടുന്ന ഒന്നല്ലാതായി മാറുന്നു.
സാങ്കേതികതയുടെ കാര്യത്തിലും സിനിമ അതിന്റെ ജനുസ്സിനോട് ചേർന്നുനിൽക്കുന്നു. ഛായാഗ്രഹണം, സംഗീതം, പശ്ചാത്തലസംഗീതം, എഡിറ്റിങ് എന്നിവ കഥയുടെ സങ്കീർണ്ണത വർധിപ്പിക്കുന്നതിനേക്കാൾ ഒരു സുഖകരമായ മൂഡ് സൃഷ്ടിക്കുന്നതിനാണ് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ദൃശ്യങ്ങളും സംഗീതവും കഥാപാത്രങ്ങളുടെ ജീവിതലോകത്തെ കൂടുതൽ ആകർഷകമാക്കുന്നു. സാങ്കേതിക ഘടകങ്ങൾ കഥയെ മറികടന്ന് സ്വതന്ത്രമായ പ്രദർശനമായി മാറാതെ കഥയുടെ അനുഭവത്തെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്.
ബെത്‌ലഹേം കുടുംബ യൂണിറ്റിനെ സമകാലിക മലയാള സിനിമയിലെ ഫീൽ-ഗുഡ് സിനിമകളുടെ പ്രവണതയുടെ ഭാഗമായി വായിക്കാം. സമീപകാലത്ത് സാമൂഹിക യാഥാർഥ്യങ്ങളും അക്രമവും ട്രോമയും രാഷ്ട്രീയ സംഘർഷങ്ങളും പ്രമേയമാക്കിയ സിനിമകൾക്കിടയിൽ, പ്രേക്ഷകന് ആശ്വാസവും സന്തോഷവും നൽകുന്ന വിനോദസിനിമയുടെ ഇടമാണ് 'ഭാവന സ്റ്റുഡിയോസ്' നോട്ടമിടുന്നത്.. ആ അർത്ഥത്തിൽ BKU പ്രേക്ഷകന്റെ റിലാക്സേഷൻ ആവശ്യത്തെ അഭിസംബോധന ചെയ്യുന്ന ജനപ്രിയ സിനിമയാണ്. ഓണക്കാലം കൂടിയാണല്ലോ.
എന്നാൽ ഈ ഫീൽ-ഗുഡ് സ്വഭാവം സിനിമയുടെ പരിമിതിയും കൂടിയാണ്. സാമൂഹിക യാഥാർഥ്യങ്ങളിലെ സങ്കീർണ്ണതകളെ ആഴത്തിൽ പരിശോധിക്കുന്നതിനുപകരം അവയെ പലപ്പോഴും പശ്ചാത്തലമാക്കുകയാണ് സിനിമ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇതിനെ വലിയ സാമൂഹിക പ്രസ്താവനയായി വായിക്കുന്നതിനേക്കാൾ ജനപ്രിയ വിനോദസിനിമയുടെ ആസ്വാദനശാസ്ത്രത്തിന്റെ ഭാഗമായി നിരീക്ഷിക്കുന്നതാണ് കൂടുതൽ ഉചിതം.
ആഷ്‌ലിക്ക് വ്യക്തിത്വവും സാന്നിധ്യവും നൽകുമ്പോഴും ആഖ്യാനാധികാരം പ്രധാനമായും പുരുഷകഥാപാത്രത്തിന്റെ ഭാഗത്താണ് നിലനിൽക്കുന്നത്.കോമഡിയുടെ ഭൂരിഭാഗവും പുരുഷ കഥാപാത്രങ്ങളുടെ ഇടപെടലുകളിലൂടെയാണ് വികസിക്കുന്നത്. അതിനാൽ സ്ത്രീകഥാപാത്രങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യവും വ്യക്തിത്വവും നൽകുന്ന സമീപനം കാണാമെങ്കിലും, ആഖ്യാനത്തിന്റെ കേന്ദ്രനിയന്ത്രണം ഇപ്പോഴും പുരുഷ കഥാപാത്രങ്ങളിലാണ്. സൃന്ദയ്ക്കും മീനാക്ഷിക്കും ലഭിച്ച രംഗങ്ങൾ സിനിമയുടെ ഹാസ്യപരിസരത്തെ കൂടുതൽ സജീവമാക്കുന്നുണ്ടെങ്കിലും, സ്ത്രീകഥാപാത്രങ്ങളുടെ ലോകത്തെ കൂടുതൽ ആഴത്തിൽ വികസിപ്പിക്കാനുള്ള സാധ്യത സിനിമ ഉപയോഗപ്പെടുത്തുന്നില്ല. നാട്ടിലെ ആദ്യത്തെ ഫെമിനിസ്റ്റ് ഇവൾ(സ്രിന്ദ) അതിനാൽ നാട്ടുകാർക്ക് കണ്ടു കൂടാ എന്ന് മോറേലി സിസ്റ്റഴ്സിൻ്റെ സംഭാഷണത്തിൽ ചേർക്കുന്നത് ഇവിടത്തെ സാമൂഹിക ബോധത്തെ കൂടി പരിഹസിക്കാനാവാം. സ്ത്രീയുടെ സ്വാതന്ത്ര്യത്തെയും സദാചാര നിയന്ത്രണങ്ങളെയും സമൂഹം എങ്ങനെ നോക്കിക്കാണുന്നു എന്നതിനെക്കുറിച്ചുള്ള സംവിധായകനോട്ടങ്ങൾ അവിടവിടെയുണ്ട്.സിനിമ അതിനെ രാഷ്ട്രീയ ചർച്ചയാക്കി വികസിപ്പിക്കുന്നില്ലെങ്കിലും, അത്തരമൊരു സാമൂഹിക വായനയ്ക്കുള്ള ചെറിയ ഇടം അവശേഷിപ്പിക്കുന്നത് തമാശകളിലൂടെയാണ്. ചിരിക്കാൻ വന്നവർക്കു ചിരിച്ചൊഴിവാക്കാം. അല്ലാത്തവർക്കു ചിന്തിക്കാം.
ഗിരീഷ് - കിരൺ ജേസി യുടെ രചനാ കൗശലം സിനിമയുടെ സ്വാഭാവിക ഒഴുക്കിനെ പരിപോഷിപ്പിക്കുന്നുണ്ട്. ഓരോ കഥാപാത്രത്തിനും ചേർന്ന വിധം കൃത്രിമത്വമില്ലാതെ സംഭാഷണങ്ങൾ പുരോഗമിക്കുന്ന കൊണ്ടാണ് പാളിപ്പോകാൻ സാധ്യതയുള്ള പലയിടങ്ങളും കയ്യടികളായത്. ജോയലിന്റെ അയ്യപ്പാ വിളി, ഗ്ലിക്ക്‌സന്റെ പേരില്‍ നിന്നു തന്നെ ഉണ്ടാക്കിയ നര്‍മങ്ങള്‍, ഷോര്‍ട്ട് ഫിലിം നിര്‍മാണത്തിലെ സ്ഥിരം ക്ലിഷേകളെ ഹാസ്യവല്‍ക്കരിക്കല്‍, കുടുംബ യൂണിറ്റ് വാര്‍ഷിക പരിപാടികളിലെ രസങ്ങള്‍, ഒരിക്കല്‍ കണ്ട സിനിമകളുടെ ക്ലിക്കായ രംഗങ്ങളുടെ റഫറന്‍സുകള്‍ ഉദാഹരണങ്ങളാണ്. നമുക്കു പരിചിതമായ ചുറ്റുപാടുകളില്‍ നിന്ന് , നമ്മുടെ ജീവിതത്തില്‍ അല്ലെങ്കില്‍ നമുക്ക് പരിചയമുള്ള കൂട്ടത്തില്‍ ഒരിക്കല്‍ സംഭവിച്ചവയെന്ന് ഓര്‍മ്മിക്കുന്ന സന്ദര്‍ഭങ്ങളാണ് ഗിരീഷ് സിനിമയുടെ വിജയമന്ത്രമാക്കുന്നത്.
പരിചിതരായ മനുഷ്യരോടൊപ്പം കുറച്ചുസമയം ചെലവഴിപ്പിച്ച്, അവരുടെ പ്രണയത്തിലും സൗഹൃദത്തിലും തമാശകളിലും നമ്മളെ പങ്കാളികളാക്കുകയാണ് ചെയ്യുന്നത്. അതിന്റെ വിജയവും അവിടെത്തന്നെയാണ്.
Girish A.D.’s Nivin Pauly movie Bethlehem Family Unit presents romantic comedy in its simplest and most accessible form. The film does not aim for major conflicts, complicated plotlines or serious explorations of social issues. Instead, it builds its narrative around the relationships that develop between its characters, along with the humour and romance that emerge from everyday situations. Its strength lies in transforming a simple storyline into an enjoyable cinematic experience through relatable characters, light-hearted moments and an easygoing narrative style.