Movie Reviews

പ്രഥമ ദൃഷ്ട്യാ കുറ്റമല്ലത്; ഒന്നുകൂടെ നോക്കിയാലോ?

മലയാള സിനിമ നിർത്താതെ അബദ്ധങ്ങൾ കാണിച്ചുകൂട്ടുന്ന രംഗങ്ങൾ; സിനിമയിലെ നിസ്കാരവും റുകൂഉം സുജൂദും ഇരിപ്പും ദുആയുമെല്ലാം ചിരിക്കാനുള്ള വകകളാണ്

റഫീഖ് തിരുവള്ളൂര്

മലയാള സിനിമയിലെ മുസ്ലിം ആരാധനകളുടെയും അനുഷ്ഠാനങ്ങളുടെയും ചിത്രീകരണം എപ്പോഴും ശ്രദ്ധിക്കുന്നു, തെറ്റുകൂടാതെ ദുആയോ നിസ്കാരമോ ഒക്കെ എന്നാണൊന്ന് കാണാനാവുക എന്ന വിചാരം എന്നേയുണ്ട്. ഒരു സമുദായത്തെ സിനിമ എങ്ങനെ കാണുന്നു/ കാണിക്കുന്നു എന്നത് അവരെ പ്രതിയുള്ള പൊതു ധാരണയെ(collective consciousness) ഏതായാലും സ്വാധീനിക്കുന്നു. സാമുദായികമായ തന്മ ഏറ്റവും തെളിയുന്നത് അവരവരുടെ ആരാധനകളിലും അനുഷ്ഠാനങ്ങളിലും ചടങ്ങുകളിലുമാണ്; ഭാഷയും വേഷവും ഭക്ഷണവും സംഗീതവും പോലെ മേൽ ജീവിത വേദികളും സാംസ്കാരിക‌ സ്വത്വ പ്രകാശനം നിറവേറുന്നു.

മലയാള സിനിമാ നിർമ്മാണത്തിലും സംവിധാനത്തിലുമെല്ലാം തുടക്കം മുതലേ മുസ്ലിംകളും സജീവമായിരുന്നു. ആദ്യകാല സിനിമകളിലെ കുടുംബ ജീവിത കഥകൾക്ക് മിക്കപ്പോഴും പശ്ചാത്തലം മുസ്ലിം പരിസരവുമായിരുന്നു. അതിന്റെ സാമൂഹിക കാരണങ്ങൾ അടക്കം സൂക്ഷ്മമായി പഠിക്കപ്പെടുന്ന പ്രബന്ധങ്ങളും കൃതികളും വായിച്ചിട്ടുമുണ്ട്. എന്നാൽ പ്രസ്തുത പങ്കാളിത്തം സിനിമ സാധ്യമാക്കുന്ന പ്രതിനിധാന ഘടനയിൽ (structures of representation) എത്രത്തോളം പ്രതിഫലിച്ചു എന്നത് വേറെ കാര്യമാണ്. സന്നിഹിതമാണെന്നതും, ആ സാന്നിധ്യം എങ്ങനെ ആവിഷ്കൃതമായി എന്നതും തമ്മിൽ ഏതു കാര്യത്തിലും അന്തരമുണ്ട്.

സിനിമയിൽ മുസ്ലിംകൾ അപമാനവീകരണത്തിനു (stereotyping and othering) ഇരയായെന്നത് കാലങ്ങളായി ഉന്നയിക്കപ്പെട്ട സാംസ്കാരിക വിമർശമാണ്. മാപ്പിളയെ അപരനായി, പ്രതിയോഗിയായി, വിചിത്ര ജീവിയായി അടയാളപ്പെടുത്തുന്ന പ്രവണതയിൽ പക്ഷേ ഇക്കാലത്ത് പ്രകടമായ മാറ്റമുണ്ടായി. ചലച്ചിത്രങ്ങളിൽ മുസ്ലിം ജീവിത ധന്യതകൾക്ക് കൂടുതൽ ദൃശ്യത കൈവരിക മാത്രമല്ല സിനിമാമേഖലയിൽ "മുസ്ലിം മാഫിയകൾ" എന്ന ആക്ഷേപത്തോളമെത്തുകയും ചെയ്തൂ മേല്പറഞ്ഞ മാറ്റം.

എന്നാലിന്നും ഒരു മാറ്റവും വരാത്തത് സിനിമയിൽ മുസ്ലിം ആരാധനകളും അനുഷ്ഠാനങ്ങളും ചിത്രീകരിക്കുമ്പോഴുള്ള അശ്രദ്ധയ്ക്കാണ്. മലയാള സിനിമ നിർത്താതെ അബദ്ധങ്ങൾ കാണിച്ചുകൂട്ടുന്ന രംഗങ്ങൾ; സിനിമയിലെ നിസ്കാരവും റുകൂഉം സുജൂദും ഇരിപ്പും ദുആയുമെല്ലാം ചിരിക്കാനുള്ള വകകളാണ്. മമ്മൂട്ടിക്കൊക്കെ ഇതൊക്കെ അറിയുന്നതല്ലേ, ഒന്നു പറഞ്ഞു കൊടുത്തുകൂടേ എന്നു തന്നെ തോന്നിയിട്ടുണ്ട്. ഇതൊന്നും അശ്രദ്ധയും അലസതയും മാത്രമല്ല, മുസ്ലിം സമുദായത്തിന്റെ ഏറ്റവും ആന്തരികവും വൈകാരികവുമായ അനുഭവമണ്ഡലത്തോട് (lived religious experience) തുടരുന്ന നിസ്സംഗത കൂടിയാണ്. അതേസമയം സഹോദര സമുദായങ്ങളുടെ ആചാരാനുഷ്ടാനങ്ങൾ മുറ തെറ്റാതെ ആവിഷ്കരിക്കാൻ സിനിമ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഏതേതു സമുദായത്തിന്റെ അനുഷ്ഠാനങ്ങൾ ആദരവോടെ കൈകാര്യം ചെയ്യപ്പെടണം എന്നത് നിശ്ചയിക്കുന്നതിൽ വരുന്ന ഏറ്റക്കുറച്ചിൽ സാംസ്കാരിക അധികാരവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അടുത്തിറങ്ങിയ ഒരു സിനിമയിൽ ഒരനുഷ്ടാനം മുറപ്രകാരം ചിത്രീകരിക്കാൻ അതിൽ വിശാരദനായ ഒരു കാർമ്മികനെ ഏർപ്പാടാക്കിയതായി സംവിധായകൻ പറഞ്ഞു കേട്ടപ്പോൾ മേല്പറഞ്ഞ കാര്യങ്ങൾ ഓർക്കുകയുണ്ടായി.

എന്നാൽ, ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ സിനിമയിൽ എടുത്തു പറയേണ്ട ഒരു കാര്യം കാണാനായി. അഞ്ചുനേരത്തെ വാങ്കുകളിൽ സുബഹിക്കു മാത്രമുള്ള പ്രത്യേകതയെ കുറ്റാന്വേഷണത്തിൽ തെളിവ് സ്ഥിരീകരിക്കാൻ ഉപയോഗിച്ച വിധമാണത്. മുസ്ലിം സമുദായത്തിന്റെ ആന്തരിക അറിവിനെ കഥയുടെ ജൈവഭാഗമാക്കി മാറ്റിയ ഒരു സാംസ്കാരിക വിനിമയ മാതൃകയാണത് (model of cultural exchange). ആ സീനിൽ മുസ്ലിം അനുഷ്ഠാന വിജ്ഞാനം കഥയുടെ യുക്തിക്കകത്ത് സ്വാഭാവികമായി പ്രവർത്തിക്കുന്ന ഒരു ഘടകമായി മാറുകയാണ് ചെയ്യുന്നത്, ഇതാണ് യഥാർത്ഥ സാമുദായിക ധാരണയുടെ ഔചിത്യമുള്ള കലാപ്രകാശനം. ഇതൊക്കെ ഇത്ര പ്രധാനപ്പെട്ട കാര്യമാണൊ എന്നു ചോദിച്ചാൽ, ഉണർവ്വു തന്നെ മയക്കത്തേക്കാൾ ഉത്തമം എന്നാണ് ഉത്തരം..

സിനിമയിൽ ആ സുബഹി വാങ്ക് നിർണായകമായതുപോലെ മലയാള സിനിമയുടെ മുസ്ലിം ആരാധനകളോടുള്ള പെരുമാറ്റത്തിലും ആ ആവിഷ്കാരം നിർണായകമായി എന്ന് അണിയറ പ്രവർത്തകരെ അഭിനന്ദിക്കാനാണ് ഇത്രയും എഴുതിയത്. മുസ്ലിംകളുടെ അനുഷ്ഠാനപരമായ ഒരു വിശേഷത്തെ വളരെ സൂക്ഷ്മമായി ഗ്രഹിക്കുകയും, സിനിമയുടെ ഒഴുക്കിനെ ബാധിക്കാത്ത വിധം കഥാഗതിയിലത് സ്ഥാനം പിടിക്കുകയും ചെയ്തിരിക്കുന്നു. ബഹുസ്വര സമൂഹങ്ങളിൽ സിനിമക്കും നിശ്ചയമായും ഉത്തരവാദിത്തങ്ങളുണ്ട്. കലയിൽ വൈവിധ്യങ്ങളെ ആദരവോടെ ആവിഷ്കരിക്കുന്നത് സാമൂഹ്യ യോജിപ്പിനും പരസ്പര ധാരണയ്ക്കും ഉതകുന്ന പ്രക്രിയയും പ്രതിക്രിയയുമാണ്. മുസ്ലിം ആരാധനകൾ ആവിഷ്കരിക്കുമ്പോൾ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും പുലർത്തുന്ന ഒരു കാലം വരുന്നു എന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ശേഷം വെള്ളിത്തിരയിൽ.

The portrayal of Muslim prayers, rituals and religious practices in Malayalam cinema often draws attention, particularly when filmmakers attempt to depict them authentically. Cinema’s representation of a community can influence collective perceptions, while religious practices, rituals, language, attire, food and music remain important expressions of cultural identity. Shahad’s Prathamadhrishtya Kuttakkar, starring Parvathy Thiruvothu and Vijayaraghavan, is a notable recent Malayalam investigative thriller. Beyond the investigation of a police case, the film explores the emotional pressures faced by police officers and the conflicts between their professional responsibilities and personal lives.