മലയാളികളുടെ പ്രിയനടി പത്മപ്രിയ അമ്മയായ വിവരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും പ്രധാന ചർച്ചാവിഷയം. കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ കുഞ്ഞിക്കൈകളുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ഈ സന്തോഷ വാർത്ത ലോകത്തെ അറിയിച്ചത്. കുഞ്ഞിന്റെ മനോഹരമായ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് താരം പങ്കുവെച്ചത്. അമ്മയുടെ വസ്ത്രത്തിൽ കുഞ്ഞിക്കൈകൾ മുറുകെപ്പിടിച്ചിരിക്കുന്നതും, അച്ഛന്റെയും അമ്മയുടെയും കൈകൾക്കിടയിലായി കുഞ്ഞിന്റെ ആ കുഞ്ഞിക്കൈകൾ ചേർത്തുപിടിച്ചിരിക്കുന്നതുമാണ് ഫോട്ടോയിലുള്ളത്.
കഴിഞ്ഞ ഒരു വർഷക്കാലമായി ഗർഭിണിയായ വിവരമോ കുഞ്ഞ് പിറന്ന കാര്യങ്ങളോ താരം എവിടെയും വെളിപ്പെടുത്താതെ പൂർണ്ണമായും രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായി ഫോട്ടോഷൂട്ടുകളും മോഡലിങ്ങും ചെയ്തിരുന്ന തരാം ഗർഭിണിയായ വിവരം എവിടെയും വെളുപ്പെടുത്തിയിരുന്നില്ല.
'ജീവിതത്തിന്റെ 365 ദിവസങ്ങൾ' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രത്തിൽ കുഞ്ഞിന്റെ മുഖം വ്യക്തമാക്കിയിട്ടില്ല. പോസ്റ്റിന് താഴെ നടി അഭിരാമി നൽകിയ കമന്റും അതിന് പത്മപ്രിയ നൽകിയ മറുപടിയും ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. മുൻപ് ദത്തെടുക്കലിലൂടെ അമ്മയായ അഭിരാമിയുടെ വഴിയേ സഞ്ചരിച്ച് പത്മപ്രിയയും കുഞ്ഞിനെ ദത്തെടുത്തതാണോ എന്ന തരത്തിലുള്ള ചർച്ചകളും ആരാധകർക്കിടയിൽ സജീവമാണ്. വിവാഹം കഴിഞ്ഞു വർഷങ്ങൾക്ക് ശേഷം കൽക്കി എന്ന പെൺകുട്ടിയെ ദത്തെടുത്താണ് അഭിരാമി അമ്മയായത്.
ഞാൻ നിങ്ങളുടെ കുഞ്ഞിനേയും നിങ്ങളെയും സ്നേഹിക്കുന്നുവെന്ന് നിങ്ങൾക്കറിയാമല്ലോ എന്നാണ് അഭിരാമിയുടെ കമന്റ്. ഞങ്ങൾക്കിത് ലഭിക്കാൻ കാരണം നിങ്ങളാണെന്ന് പത്മപ്രിയ മറുപടിയും നൽകുന്നുണ്ട്. നിരവധിപേർ കമന്റ് ചെയ്ത പോസ്റ്റിൽ അഭിരാമിയുടെ കമന്റാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. പത്മപ്രിയ ഗർഭിണിയായ സ്ത്രീയായി അഭിനയിച്ച 'വണ്ടർ വുമൺ' എന്ന സിനിമയുടെ സംവിധായിക അഞ്ജലി മേനോൻ “കുഞ്ഞ് ഇപ്പോൾ തന്നെ വലിയ ആളായി, മമ്മിക്കും ഡാഡിക്കും ആശംസകൾ” എന്ന് കമന്റ് ചെയ്തു. റിമ കല്ലിങ്കൽ, സംവൃത സുനിൽ, പാർവതി തിരുവോത്ത് തുടങ്ങി നിരവധി പ്രമുഖരും പോസ്റ്റിന് താഴെ സ്നേഹം അറിയിച്ചിട്ടുണ്ട്.
2014-ലായിരുന്നു ഗുജറാത്ത് സ്വദേശിയായ ജാസ്മിൻ ഷായുമായുള്ള പത്മപ്രിയയുടെ വിവാഹം. കലാഭവൻ മണി നായകനായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലൂടെയാണ് പത്മപ്രിയ അഭിനയരംഗത്തെത്തുന്നത്. ബ്ലെസിയുടെ കാഴ്ചയിലൂടെ മലയാളത്തിലെത്തിയ താരം പിന്നീട് ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ബിജു മേനോൻ പ്രധാന വേഷത്തിലെത്തിയ 'ഒരു തെക്കൻ തല്ലു കേസ്' ആണ് പത്മപ്രിയ ഒടുവിൽ അഭിനയിച്ച മലയാള ചിത്രം.
Actress Padmapriya announced on Instagram that she welcomed a child a year ago, keeping her pregnancy and the child's identity private while sharing a heartfelt photo to mark the first birthday. The announcement has generated significant interest and speculation among fans and the film industry regarding her journey to motherhood.