മലയാള സിനിമതാരങ്ങളുടെ സംഘടനയിലെ അതൃപ്തി എല്ലാ പരിധികളും ലംഘിച്ച് പുറത്തുവന്നിരിക്കുകയാണ്. സംഘടനയിലെ അംഗങ്ങള്‍, പരസ്പരം ചെളിവാരി എറിയുന്ന നിലയിലേക്ക് ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയതോടെ മുന്‍പില്ലാത്ത നിലയിലുള്ള ഭിന്നതയാണ് സംഘടനയുടെ ഭരണ സമിതിയില്‍ ഉള്‍പ്പെടെ എന്നാണ് വ്യക്താക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചാര്‍ത്തിക്കൊടുത്ത കളങ്കം മാറ്റാന്‍, സ്ത്രീകളെ അണി നിരത്തി നടത്തിയ പ്രതിശ്ചായ നിര്‍മാണം വെറും പൊള്ളയായിരുന്നു എന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്. ഒരു കൂട്ടം പ്രബലര്‍ നിയന്ത്രിക്കുന്ന പാവകള്‍ മാത്രമാണ് ഇപ്പോഴത്തെ ഭരണ സമിതിയും എന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനങ്ങള്‍.
അംഗങ്ങള്‍ക്ക് എതിരെ ഉയരുന്ന പരാതികള്‍ മൂടിവയ്ക്കാന്‍ നടത്തുന്ന ഇടപെടലുകള്‍ മാത്രമാണ് സംഘടനയുടെ പ്രവര്‍ത്തനം എന്ന നിലയിലാണ് ആരോപണങ്ങളുടെ ഉള്ളടക്കങ്ങള്‍ നല്‍കുന്ന സൂചന. താര സംഘടനയുടെ ട്രഷറര്‍ ഉണ്ണി ശിവപാലിനെതിരെ ഓഫീസിലെ ജീവനക്കാരി ഉയര്‍ത്തിയ പരാതി മുതല്‍ ഭാരവാഹിയായ അന്‍സിബ ഹസന്‍, നീന കുറുപ്പ് എന്നിവര്‍ ടിനി ടോമിമെനെതിരെ നടത്തിയ വെളിപ്പെടുത്തല്‍ എന്നിവയും ഇതിന് ഉദാഹരണമാണ്.
'അന്‍സിബ ഹസ്സനെതിരെ വ്യാജ കേസ് തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ കൊടുത്തത് ഞാന്‍ ആണ്. ഡിസംബര്‍ 10ന് രാത്രി അന്‍സിബ ഹസ്സന്‍ എന്റെ ഫോണിലേക്ക് ഒരു മെസേജ് അയച്ചു. ആ മെസേജിന്റെ വിശദീകരണം ചോദിച്ച് ഞാന്‍ വിളിച്ചപ്പോള്‍ ജോലിത്തിരക്കിലാണ്, പിന്നെ വിളിക്കാം എന്ന് അന്‍സിബ പറഞ്ഞു. ഈ മെസേജ് അയക്കാനുള്ള കാരണം പറയണമെന്ന് അന്‍സിബയോട് പലതവണ ആവശ്യപ്പെട്ടു. ഇതിനിടെ എന്റെ ഭര്‍ത്താവ് ഈ മെസേജ് വായിച്ചു. അദ്ദേഹം വലിയ സമ്മര്‍ദത്തിലായി. പിന്നീട് ആ കുട്ടി എന്റെ മെസേജുകള്‍ വായിക്കുകയോ കോളുകള്‍ എടുക്കുകയോ ചെയ്തില്ല. എന്റെ കുടുംബജീവിതം മോശമാകുന്ന ഘട്ടത്തില്‍, യാതൊരു നിവര്‍ത്തിയുമില്ലാതെ വന്നതോടെയാണ് ഞാന്‍ ഹില്‍പാലസ് വനിതാ സെല്ലില്‍ പരാതി നല്‍കിയത്. അന്‍സിബയാണ് ഇതിന് മത തീവ്രവാദം ആരോപിച്ചുകൊണ്ടും അന്‍സിബയെ ജിഹാദി എന്ന് ആരോ പരാമര്‍ശിച്ചു, അതിനൊക്കെ വേണ്ടിയിട്ടാണ് ഈ കേസ് ഞാന്‍ കൊടുത്തിരിക്കുന്നത് എന്നുംപറഞ്ഞുകൊണ്ട് ഞങ്ങളുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഗ്രൂപ്പിലേക്ക് വലിയൊരു മെസേജ് ഇടുന്നത്. ജനുവരി 24ന് ആണിത്. മത തീവ്രവാദം എന്ന പരാമര്‍ശമോ ജിഹാദ് എന്നോ ക്ഷേത്രത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നത് സംബന്ധിച്ച് പ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ല"ലക്ഷ്മി പ്രിയ
ട്രഷറര്‍ ഉണ്ണി ശിവപാലില്‍ നിന്ന് കടുത്ത മാനസിക പീഡനവും തൊഴില്‍ പീഡനവും നേരിട്ടെന്നായിരുന്നു ഫ്രണ്ട് ഓഫീസ് ജീവനക്കാരിയുടെ പരാതി. പരാതി പറഞ്ഞതിന് പിന്നാലെ ജോലിയില്‍ നിന്നും നീക്കിയെന്നും ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ പരാതിക്കാരിയെ പിരിച്ചുവിട്ട നടപടി റദ്ദാക്കിയും ഉണ്ണിയെ നിര്‍ബന്ധിത അവധിക്ക് പറഞ്ഞുവിട്ടും തല്‍ക്കാലം അമ്മ തടിയൂരുകയായിരുന്നു.
പിന്നാലെ, കഴിഞ്ഞ ആഴ്ചയില്‍ അമ്മയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നടി അന്‍സിബ ഹസ്സന്‍ രാജിവച്ചു. തുടർന്ന് അമ്മയുടെ നിലവിലെ ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തി നടന്‍മാരായ ടിനിടോം ബാബുരാജ് ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി. ആരോപണങ്ങള്‍ കടുത്തതോടെ അന്‍സിബയുടെ രാജി വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടെന്ന് നേതൃത്വത്തിന്ര്‍റെ ന്യായീകരണം.
ഒരു വര്‍ഷം മുന്‍പ് വലിയ പ്രതീക്ഷയോടെ ചുമതലയേറ്റ ഭരണസമിതിക്കെതിരെ വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോള്‍ തുടര്‍ച്ചയായി ഉയരുന്നത്. സംഘടനയിലെ അംഗങ്ങള്‍ക്കെല്ലാം തലതാഴ്ത്തി നില്‍ക്കേണ്ട ഗതികെട്ട അവസ്ഥയും. ഭരണസമിതി പൂര്‍ണ്ണമായും പിരിഞ്ഞുപോകണമെന്നും സ്വയം രാജിവച്ച് ഒഴിയണം. ഭാരവാഹികളില്‍ ചിലര്‍ രാജിവച്ചെന്ന വിവരങ്ങള്‍ പോലും സംഘടനയിലെ മറ്റ് അംഗങ്ങള്‍ അറിയുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയാണ്. ഔദ്യോഗികമായി യാതൊരു ആശയവിനിമയവും ഭരണസമിതിയുടെ ഭാഗത്തുനിന്ന് നടക്കുന്നില്ല.മാല പാര്‍വതി
എന്നാല്‍ രാജിക്കുള്ള കാരണം പറഞ്ഞ് അന്‍സിബ രംഗത്തെത്തിയതോടെ കഥയില്‍ വന്‍ ട്വിസ്റ്റ്. യഥാര്‍ഥ വില്ലന്‍ ടിനി ടോം ആണെന്ന ഗുരുതരമായ ആരോപണം നടത്തി അന്‍സിബ. താന്‍ ആരോട് സംസാരിച്ചാലും ടിനി ടോം അവിഹിതക്കഥകള്‍ ഉണ്ടാക്കുമെന്നും ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചു എന്നുമടക്കമുള്ള അതിഗുരുതരമായ ആരോപണങ്ങള്‍ ആയിരുന്നു തുറന്നു പറഞ്ഞത്.
'അമ്മ'യുടെ കുടുംബസംഗമത്തിനിടെ ടിനി ടോം തങ്ങളെ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.നീന കുറുപ്പ്
പിന്നാലെ ടിനി ടോമിനൊപ്പവും ടിനിക്കെതിരെയും എന്ന തരത്തില്‍ ആരോപണപ്രത്യാരോപണങ്ങളുമായി പ്രിയങ്ക, ലക്ഷ്മിപ്രിയ, നീനാകുറുപ്പ് മാലാ പാര്‍വതി എന്നിവരും രംഗത്തെത്തി. പരാതിയുണ്ടെങ്കില്‍ സംഘടനയില്‍ പറയണമെന്നും സംഘടനയെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് അന്‍സിബയുടേതെന്നുമൊക്കെ ലക്ഷ്മിപ്രിയയും പ്രിയങ്കയും പതിവ് സ്ത്രീവിരുദ്ധത തുപ്പിയപ്പോള്‍ അന്‍സിബയ്‌ക്കൊപ്പം നിലപാടെടുക്കുയായിരുന്നു നീന. ടിനി ടോമില്‍ നിന്ന് മോശം അനുഭവം താനും നേരിട്ടിട്ടുണ്ടെന്നും ടിനിക്കെതിരെ പരാതി പറയുന്നവരെ ടാര്‍ഗറ്റ് ചെയ്യുകയാണെന്നുമായിരുന്നു നീന കുറുപ്പ് തുറന്നടിച്ചത്.
"താര സംഘടനയുടെ ചുമതലയില്‍ ഇപ്പോഴുള്ളവര്‍ തുടര്‍ന്നാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകും. ഒന്നിച്ചു നില്‍ക്കേണ്ടവരാണ് ഇങ്ങനെ കലഹിക്കുന്നത്. പ്രസിഡന്റിനും സെക്രട്ടറിക്കും ഈഗോ പ്രശ്‌നമാണ്. സ്ത്രീകള്‍ നേതൃനിരയില്‍ വന്നപ്പോള്‍ സ്ത്രീകള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു".പൊന്നമ്മ ബാബു
വാര്‍ത്താ സമ്മേളനം വിളിച്ചും, സോഷ്യല്‍ മീഡിയയിലും ആരോപണങ്ങള്‍ ഉയര്‍ത്തിയും താരങ്ങള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുമ്പോള്‍ ഇത്രകാലം ഇവര്‍ പറഞ്ഞ പരിഷ്‌കാരങ്ങളെല്ലാം വെറും മുഖം മിനുക്കല്‍ മാത്രമായിരുന്നു എന്നാണ് പൊതു സമൂഹം വിലയിരുത്തുന്നത്. പുറമെ കാണുന്നത് പോലെ സുന്ദരമല്ല മലയാള സിനിമ... ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആമുഖ വാചകം ശരിയെന്ന് വീണ്ടും വീണ്ടും തെളിക്കുകയാണ് പുതിയ സംഭവങ്ങള്‍.
English Summary: The discontent within the association of Malayalam film artists has now spilled into the open, crossing all limits. With members publicly trading allegations and counter-allegations and engaging in mudslinging against one another, it has become evident that the organisation is facing an unprecedented level of division, including within its governing committee.