Entertainment News

വിനീത് ശ്രീനിവാസൻ നായകനാകുന്ന അഷ്‌റഫ് ഹംസ ചിത്രം; ചെമ്പൻ വിനോദും പത്മപ്രിയയും പ്രധാന വേഷങ്ങളിൽ

'തമാശ'യിലൂടെ സിനിമാലോകത്ത് ശ്രദ്ധേയമായ തുടക്കം കുറിച്ച അഷ്‌റഫ് ഹംസ, 'ഭീമന്റെ വഴി', 'സുലൈഖ മൻസിൽ' എന്നീ ചിത്രങ്ങളിലൂടെ തന്റേതായ ആഖ്യാനശൈലി രൂപപ്പെടുത്തിയ സംവിധായകനാണ്

Entertainment Desk

അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ നായകനാകുന്നു. ചെമ്പൻ വിനോദ് ജോസും പത്മപ്രിയയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ സിജു വിൽസൺ, ദീപക് പറമ്പോൾ എന്നിവരും അണിനിരക്കുന്നുണ്ട്. 'തമാശ', 'ഭീമന്റെ വഴി', 'സുലൈഖ മൻസിൽ' തുടങ്ങിയ വ്യത്യസ്ത സ്വഭാവത്തിലുള്ള സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്റെ പുതിയ പ്രോജക്ട് എന്ന നിലയിൽ ചിത്രത്തിന് പ്രഖ്യാപനഘട്ടത്തിൽ തന്നെ സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധ നേടാനാകുന്നുണ്ട്.

മലയാള സിനിമയിൽ നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ഒരുപോലെ സാന്നിധ്യമറിയിച്ചിട്ടുള്ള വിനീത് ശ്രീനിവാസൻ വീണ്ടും ഒരു അഷ്‌റഫ് ഹംസ ചിത്രത്തിന്റെ ഭാഗമാകുന്നു എന്നതും ശ്രദ്ധേയമാണ്. കുടുംബപശ്ചാത്തലത്തിലുള്ള സിനിമകൾ മുതൽ വ്യത്യസ്തമായ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾ വരെ വിനീതിന്റെ അഭിനയജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. അതേസമയം, അഷ്‌റഫ് ഹംസയുടെ മുൻ ചിത്രങ്ങളിലെ അവതരണരീതിയിൽ നിന്ന് പുതിയ സിനിമ എത്രത്തോളം വ്യത്യസ്തമായിരിക്കുമെന്ന ആകാംക്ഷയും പ്രേക്ഷകർക്കിടയിലുണ്ട്.

ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഷ്‌റഫ് ഹംസ തന്നെയാണ്. മിഥുൻ ദിവാകരനുമായി ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. റീലിസ്റ്റിക് സ്റ്റുഡിയോസിന്റെ ബാനറിൽ സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി, ജോബിൻ ജോർജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'സുലൈഖ മൻസിൽ' എന്ന ചിത്രത്തിലൂടെയാണ് റീലിസ്റ്റിക് സ്റ്റുഡിയോസ് മലയാള സിനിമാ നിർമ്മാണരംഗത്തേക്ക് കടന്നുവന്നത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത 'ആലപ്പുഴ ജിംഖാന'യ്ക്ക് ശേഷമുള്ള ഇവരുടെ പുതിയ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം

ടെക്നിക്കൽ വിഭാഗത്തിലും ശ്രേധേയരായ അണിയറപ്രവർത്തകരാണ് ചിത്രത്തിനായി ഒന്നിക്കുന്നത്. വിഷ്ണു തണ്ടാശ്ശേരിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ശ്രദ്ധേയ റാപ്പറും സംഗീതജ്ഞനുമായ ഡാബ്സിയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഷഫീഖ് മുഹമ്മദാണ് എഡിറ്റിങ് നിർവഹിക്കുന്നത്. കൃപേഷ് എ.എ പ്രൊഡക്ഷൻ ഡിസൈനറായും മഷർ ഹംസ വസ്ത്രാലങ്കാര വിഭാഗത്തിലും പ്രവർത്തിക്കുന്നു. ഫസൽ ബക്കറാണ് സൗണ്ട് ഡിസൈനർ. കാർത്തികേയനാണ് ആക്ഷൻ കൊറിയോഗ്രഫി കൈകാര്യം ചെയ്യുന്നത്.

'തമാശ'യിലൂടെ സിനിമാലോകത്ത് ശ്രദ്ധേയമായ തുടക്കം കുറിച്ച അഷ്‌റഫ് ഹംസ, 'ഭീമന്റെ വഴി', 'സുലൈഖ മൻസിൽ' എന്നീ ചിത്രങ്ങളിലൂടെ തന്റേതായ ആഖ്യാനശൈലി രൂപപ്പെടുത്തിയ സംവിധായകനാണ്. ഓരോ ചിത്രത്തിലും വ്യത്യസ്തമായ പ്രമേയങ്ങളും കഥാപാത്രങ്ങളും അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പുതിയ സിനിമയിലും പ്രേക്ഷകർ പ്രതീക്ഷ പുലർത്തുന്നുണ്ട്.

വിനീത് ശ്രീനിവാസൻ, ചെമ്പൻ വിനോദ് ജോസ്, പത്മപ്രിയ എന്നിവരുടെ സാന്നിധ്യത്തിനൊപ്പം ഡാബ്സിയുടെ സംഗീതവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. താരനിരയും അണിയറപ്രവർത്തകരും പുറത്തുവന്നതോടെ സിനിമയുടെ പ്രമേയം എന്തായിരിക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ചിത്രത്തിന്റെ പേരും റിലീസ് വിവരങ്ങളും ഉൾപ്പെടെയുള്ള കൂടുതൽ പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാലോകം.

Vineeth Sreenivasan will play the lead role in Ashraf Hamza's upcoming Malayalam film, which also features Chemban Vinod Jose, Padmapriya, Siju Wilson and Deepak Parambol. Produced by Realistic Studios, the film has a story by Ashraf Hamza, screenplay by Ashraf Hamza and Mithun Divakaran, and music by Dabzee.