

കരൺ ജോഹർ അവതാരകനായെത്തുന്ന 'കോഫി വിത്ത് കരൺ' സീസൺ ഒൻപതിൽ അതിഥിയായെത്തിയ നടൻ അക്ഷയ് കുമാർ തന്റെ എട്ടു മണിക്കൂർ ജോലി സമയത്തെക്കുറിച്ചും ഇതിന്റെ പേരിൽ സിനിമാ മേഖലയിൽനിന്ന് നേരിടുന്ന വിമർശനങ്ങളെക്കുറിച്ചും സംസാരിച്ചു. കൃത്യമായ ജോലി സമയക്രമം പാലിക്കുന്നതുകൊണ്ട് ചില പ്രമുഖ നിർമാതാക്കൾ സിനിമകളിലേക്ക് തന്നെ പരിഗണിക്കാൻ മടിക്കുന്നുണ്ടെന്നും താരം പറഞ്ഞു. ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളന്റെയും നടൻ ടോം ക്രൂസിന്റെയും പ്രവർത്തനശൈലിയുമായും തന്റെ രീതിയെ അക്ഷയ് കുമാർ താരതമ്യം ചെയ്തു.
പരിപാടിക്കിടെ പുതുമുഖ സംവിധായകർക്ക് അവസരം നൽകുന്നതിലും നിർമാതാക്കളോടും സംവിധായകരോടും പരിഗണനയോടെ പെരുമാറുന്നതിലും അക്ഷയ് കുമാറിനെ കരൺ ജോഹർ അഭിനന്ദിച്ചു. ഇതിന് മറുപടിയായി പല പ്രമുഖരും തന്നെ സിനിമകളിലേക്ക് പരിഗണിക്കാൻ താത്പര്യം കാണിക്കുന്നില്ലെന്ന് അക്ഷയ് പറഞ്ഞു. എട്ടു മണിക്കൂർ മാത്രമാണ് ജോലി ചെയ്യുന്നതെന്ന തരത്തിൽ തനിക്കെതിരെ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ എട്ടു മണിക്കൂറും വാനിറ്റി വാനിൽ വിശ്രമിക്കാതെ ക്യാമറയ്ക്ക് മുന്നിൽ തന്നെയാണ് താൻ ചെലവഴിക്കുന്നതെന്ന് താരം വ്യക്തമാക്കി.
ക്ഷീണിതനായി കാണപ്പെടാതെ ക്യാമറയ്ക്ക് മുന്നിൽ മികച്ച രീതിയിൽ പ്രത്യക്ഷപ്പെടേണ്ടത് ജോലിയുടെ ഭാഗമാണ്. അതുകൊണ്ടാണ് എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ ഉറക്കം, ശരീരസൗന്ദര്യം നിലനിർത്താൻ രണ്ടുമണിക്കൂർ, കുടുംബത്തിനായി ഏതാനും മണിക്കൂറുകൾ എന്നിങ്ങനെ സമയം ക്രമീകരിച്ചതെന്നും അക്ഷയ് കുമാർ പറഞ്ഞു.
സിനിമാ സെറ്റിലെ അക്ഷയ് കുമാറിന്റെ വേഗത്തെയും ഊർജസ്വലതയെയും നടൻ രവി കിഷനും ഷോയിൽ അഭിനന്ദിച്ചു. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ചിത്രീകരണം പൂർത്തിയാക്കുന്നതിലൂടെ നിർമാതാക്കൾക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കാൻ താരത്തിന് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാധാരണയായി 55 ദിവസത്തിനുള്ളിൽ അക്ഷയ് കുമാർ ഒരു സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാറുണ്ട്. ഇതിലൂടെ നിർമാതാക്കൾക്ക് മാത്രമല്ല, സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുന്ന 300 മുതൽ 400 വരെ ആളുകൾക്കും തൊഴിൽ ലഭിക്കുന്നുണ്ടെന്നും രവി കിഷൻ ചൂണ്ടിക്കാട്ടി.
ഒരു സിനിമ 65 ദിവസം കൊണ്ട് എങ്ങനെ പൂർത്തിയാക്കുന്നുവെന്ന് പലരും തന്നോട് ചോദിക്കാറുണ്ടെന്ന് അക്ഷയ് കുമാർ പറഞ്ഞു. അടുത്തിടെ സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ ഒരു അഭിമുഖം വായിച്ചെന്നും അദ്ദേഹം ഒരു സിനിമയുടെ ചിത്രീകരണം 90 ദിവസത്തിൽ കൂടുതൽ നീട്ടാറില്ലെന്നാണ് അതിൽ പറയുന്നതെന്നും അക്ഷയ് കൂട്ടിച്ചേർത്തു.
2025ൽ സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന 'സ്പിരിറ്റ്' സിനിമയിൽനിന്ന് ദീപിക പദുക്കോൺ പിന്മാറിയത് എട്ടു മണിക്കൂർ ജോലി സമയമെന്ന ആവശ്യം മുന്നോട്ടുവെച്ചതിനെത്തുടർന്നാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു. തുടർന്ന് 'കൽക്കി 2898 എഡി'യുടെ രണ്ടാം ഭാഗത്തിൽ ദീപിക ഉണ്ടാകില്ലെന്ന് നിർമാതാക്കൾ അറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെ എട്ടു മണിക്കൂർ ഷിഫ്റ്റിനൊപ്പം സിനിമയുടെ ലാഭവിഹിതവും താരം ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.
2025 ഒക്ടോബറിൽ സിഎൻബിസി-ടിവി18ന് നൽകിയ അഭിമുഖത്തിൽ ദീപിക ഈ വിവാദത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. നിരവധി പുരുഷ സൂപ്പർതാരങ്ങൾ വർഷങ്ങളായി എട്ടു മണിക്കൂർ ജോലി സമയക്രമം പിന്തുടരുന്നുണ്ടെന്നും അന്ന് അവർക്കെതിരെ സമാനമായ വിമർശനങ്ങൾ ഉയർന്നിരുന്നില്ലെന്നും താരം ചൂണ്ടിക്കാട്ടി. ഒരു സ്ത്രീ ഇത്തരമൊരു ആവശ്യം ഉന്നയിക്കുമ്പോൾ അത് പിടിവാശിയായി കാണേണ്ടതില്ലെന്നും ദീപിക വ്യക്തമാക്കി. ആലിയ ഭട്ട്, കരൺ ജോഹർ, നേഹ ധൂപിയ തുടങ്ങിയവരും ദീപികയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ 'ഗോൽമാൽ 5'ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന കോമഡി ഫ്രാഞ്ചൈസിയിലെ അഞ്ചാം ഭാഗത്തിൽ അജയ് ദേവ്ഗൺ, അർഷദ് വാർസി, കുനാൽ ഖേമു, ശർമൻ ജോഷി, ശ്രേയസ് തൽപഡെ, തുഷാർ കപൂർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2027 ജനുവരി എട്ടിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
Akshay Kumar has opened up about his strict eight-hour work schedule and the criticism surrounding it on Koffee With Karan Season 9. Comparing his work ethic with Christopher Nolan and Tom Cruise, he explained how disciplined schedules benefit filmmaking. He also addressed industry perceptions and Deepika Padukone's work-hour debate.