

പാകിസ്ഥാനിലെ ആദ്യ നെറ്റ്ഫ്ലിക്സ് ഒറിജിനൽ സീരീസായ 'ജോ ബച്ചേ ഹേൻ സാം സംഭാൽ ലോ'യ്ക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷൻ (എഐസിഡബ്ല്യുഎ). പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്കും സംഘടന ഇതുസംബന്ധിച്ച് കത്തയച്ചു.
ഫവദ് ഖാൻ, മഹിറ ഖാൻ, സനം സയീദ്, ഹാനിയ ആമിർ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന സീരീസിന്റെ ആദ്യ ട്രെയിലർ അടുത്തിടെയാണ് പുറത്തുവിട്ടത്. 2023 മുതൽ അണിയറയിൽ ഒരുങ്ങുന്ന സീരീസ് ഡിസംബർ നാലിന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യാനിരിക്കെയാണ് വിലക്കാവശ്യം ഉയർന്നിരിക്കുന്നത്.
സീരീസിന്റെ ഫസ്റ്റ് ലുക്കും പ്രൊമോയും പുറത്തുവന്നതിന് പിന്നാലെയാണ് എഐസിഡബ്ല്യുഎ എക്സിലൂടെ നിലപാട് വ്യക്തമാക്കിയത്. 'ഭീകരതയ്ക്ക് കൈയടി വേണ്ട, രാജ്യമാണ് പ്രധാനം' എന്ന തലക്കെട്ടോടെയാണ് സംഘടനയുടെ പ്രതികരണം. 2026 ഡിസംബർ നാലിന് നെറ്റ്ഫ്ലിക്സിലൂടെ ഇന്ത്യയിൽ സീരീസ് റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായി സംഘടന അറിയിച്ചു.
പാകിസ്ഥാൻ ഒരു ഭീകരരാഷ്ട്രമാണെന്നും അവിടെ നിന്നുള്ള സീരീസുകൾ, സിനിമകൾ, ഗാനങ്ങൾ, പോഡ്കാസ്റ്റുകൾ തുടങ്ങി ഒരു തരത്തിലുള്ള ഉള്ളടക്കവും ഇന്ത്യൻ സ്ക്രീനുകളിൽ പ്രദർശിപ്പിക്കരുതെന്നുമാണ് സംഘടനയുടെ ആവശ്യം. ഇതിന് കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന ശക്തമായ സ്ഥിരം നിയമം കൊണ്ടുവരണമെന്നും എഐസിഡബ്ല്യുഎ ആവശ്യപ്പെട്ടു. ഇന്ത്യയിലെ നെറ്റ്ഫ്ലിക്സ് ഉൾപ്പെടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകൾ പാക് ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുതെന്നും സംഘടന അഭ്യർഥിച്ചു.
കൂടാതെ, സീരീസിൽ അഭിനയിക്കുന്ന താരങ്ങൾ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷം നിലനിന്നിരുന്ന സമയങ്ങളിൽ ഇന്ത്യക്കെതിരെ സംസാരിച്ചിട്ടുണ്ടെന്നും എഐസിഡബ്ല്യുഎ ആരോപിച്ചു. 'ഇവർ ഭീകരരാഷ്ട്രത്തിൽ നിന്നുള്ളവരാണ്. ഇന്ത്യയുടെ നന്മ ഒരിക്കലും ആഗ്രഹിക്കാത്തവരാണ്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സിനിമാ മേഖലയിൽ പാക് കലാകാരന്മാർക്ക് പ്രവർത്തനവിലക്ക് ഏർപ്പെടുത്തിയിരുന്നു. പഹൽഗാം ആക്രമണത്തിന് ശേഷം പാക് കലാകാരന്മാർക്കും ഉള്ളടക്കങ്ങൾക്കും ഇന്ത്യൻ സർക്കാരും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി,' സംഘടനയുടെ കത്തിൽ പറഞ്ഞു.
2025 മേയിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ നിർദേശവും എഐസിഡബ്ല്യുഎ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ പാകിസ്ഥാനിൽ നിന്നുള്ള ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യാൻ അനുവദിക്കരുതെന്നായിരുന്നു നിർദേശം. 'പാകിസ്ഥാൻ ഒരു ഭീകരരാഷ്ട്രമാണ്. ഈ രാജ്യത്തിന്റെ മക്കളെയാണ് പാകിസ്ഥാൻ കവർന്നെടുത്തത്. അത് സ്വയം അവസാനിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. നിരവധി ഭാര്യമാർക്ക് ഭർത്താക്കന്മാരെയും കുട്ടികൾക്ക് പിതാക്കന്മാരെയും മാതാപിതാക്കൾക്ക് മക്കളെയും നഷ്ടപ്പെട്ടു. ഇന്നും ആയിരക്കണക്കിന് കുടുംബങ്ങൾ ആ വേദനയിൽ കഴിയുകയാണ്. തങ്ങളോട് ഈ ക്രൂരത ചെയ്ത രാജ്യത്തിന്റെ വിനോദപരിപാടികൾ കാണാൻ അവരോട് എങ്ങനെ ആവശ്യപ്പെടും?' സംഘടന ചോദിച്ചു.
2025 ഏപ്രിലിൽ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് കലാകാരന്മാർ അഭിനയിച്ച സിനിമകൾക്കും സീരീസുകൾക്കും ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയിരുന്നു. ഈ സമയത്താണ് ഹാനിയ ആമിറും ദിൽജിത് ദോസാഞ്ജും പ്രധാന വേഷങ്ങളിലെത്തിയ 'സർദാർ ജി 3' റിലീസിനൊരുങ്ങിയത്. ഇന്ത്യൻ സിനിമയായിരുന്നിട്ടും പാക് താരം അഭിനയിച്ചതിനാൽ ചിത്രത്തിന് ഇന്ത്യയിൽ റിലീസ് ചെയ്യാനായില്ല. ഫവദ് ഖാനും വാണി കപൂറും ഒന്നിച്ചെത്തിയ 'ആബീർ ഗുലാൽ' എന്ന ചിത്രത്തിനും ഇന്ത്യയിൽ റിലീസ് വിലക്കേർപ്പെടുത്തിയിരുന്നു.
പാകിസ്ഥാനിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന 'ജോ ബച്ചേ ഹേൻ സാം സംഭാൽ ലോ' സംവിധാനം ചെയ്ത് നിർമിച്ചിരിക്കുന്നത് മൊമിന ദുറൈദാണ്. ഫർഹത് ഇഷ്തിയാഖിന്റെ ബെസ്റ്റ് സെല്ലർ നോവലിനെ ആസ്പദമാക്കിയാണ് വെബ് സീരീസ് ഒരുക്കിയിരിക്കുന്നത്. പ്രണയം, ബന്ധങ്ങൾ, അതിജീവനം എന്നിവയുടെ സങ്കീർണതകളാണ് പ്രമേയം. മൂന്ന് തലമുറകളിലായി നീളുന്ന ആറ് പരസ്പരം ബന്ധിതമായ പ്രണയകഥകളാണ് സീരീസിലുള്ളതെന്നാണ് റിപ്പോർട്ടുകൾ.
The All India Cine Workers Association (AICWA) has urged Prime Minister Narendra Modi and Netflix India to ban Pakistani series Jo Bachay Hain Sang Samait Lo, starring Fawad Khan, in India. Ahead of its December 4 release, the organisation cited national security concerns and called for a permanent ban on Pakistani content.