Entertainment News

'ധുരന്ധർ 2'വിൽ 50 ഓളം കട്ടുകൾ; ടിവി പ്രീമിയറിൽ 10 മിനിറ്റ് ദൈർഖ്യം കുറയും

തീയേറ്ററുകളിലും ഒടിടിയിലും റെക്കോർഡ് നേട്ടങ്ങൾ സ്വന്തമാക്കിയ രൺവീർ സിങ് ചിത്രം ‘ധുരന്ധർ: ദി റിവഞ്ച്’ ഒക്ടോബർ 18ന് സ്റ്റാർ ഗോൾഡിലൂടെ ടെലിവിഷൻ പ്രീമിയറിനെത്തുന്നു.

Entertainment Desk

ആദിത്യ ധർ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം ‘ധുരന്ധർ: ദി റിവഞ്ച്’ ടെലിവിഷൻ പ്രീമിയറിനൊരുങ്ങുന്നു. ഒക്ടോബർ 18 ഞായറാഴ്ച വൈകുന്നേരം 7ന് സ്റ്റാർ ഗോൾഡിലൂടെയാണ് ചിത്രം ആദ്യമായി ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്നത്. എന്നാൽ ടിവി പ്രേക്ഷകർക്ക് മുന്നിലെത്തുമ്പോൾ ചിത്രത്തിൽ വലിയ രീതിയിലുള്ള കട്ടുകളാണ് വരുത്തിയിരിക്കുന്നത്. CBFCയുടെ നിർദേശപ്രകാരം 45–50 കട്ടുകളോടെയാകും ചിത്രത്തിന്റെ ടെലിവിഷൻ പതിപ്പ് സംപ്രേഷണം ചെയ്യുകയെന്നാണ് റിപ്പോർട്ട്.

തിയേറ്റർ റിലീസ് സമയത്ത് ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രമായതിനാൽ, ടെലിവിഷൻ സംപ്രേഷണത്തിനായി നിർമാതാക്കൾ സിനിമ വീണ്ടും സെൻസർ ബോർഡിന് മുന്നിൽ സമർപ്പിക്കുകയായിരുന്നു. കുടുംബപ്രേക്ഷകർക്കും കുട്ടികൾക്കും അനുയോജ്യമാകുന്ന തരത്തിൽ ചിത്രത്തിൽ മാറ്റങ്ങൾ വരുത്താൻ CBFC നിർദേശിച്ചിരുന്നു. തുടർന്ന് സെപ്റ്റംബർ 24നാണ് ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ലഭിച്ചത്.

ടെലിവിഷൻ പതിപ്പിൽ 45 മുതൽ 50 വരെ കട്ടുകൾ സെൻസർ ബോർഡ് നിർദേശിച്ചതായി ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തു. പ്രധാനമായും അമിതമായ അക്രമവും ചോരച്ചൊരിച്ചിലും ഉൾപ്പെടുന്ന രംഗങ്ങളിലാണ് വെട്ടിച്ചുരുക്കലുകൾ. എന്നാൽ ചിത്രത്തിന്റെ പ്രധാന ആസ്വാദനത്തെ ബാധിക്കാത്ത തരത്തിലാണ് രംഗങ്ങൾ നീക്കം ചെയ്തതെന്നാണ് സിനിമാ വൃത്തങ്ങൾ പറയുന്നത്. മാറ്റങ്ങൾക്ക് ശേഷം CBFC അംഗീകരിച്ച ടെലിവിഷൻ പതിപ്പിന് 3 മണിക്കൂർ 39 മിനിറ്റ് ദൈർഘ്യമുണ്ട്. തിയേറ്റർ പതിപ്പിന് 3 മണിക്കൂർ 49 മിനിറ്റായിരുന്നു ദൈർഘ്യം. ഇതോടെ ടിവി പതിപ്പിൽ ഏകദേശം 10 മിനിറ്റ് ദൈർഘ്യം കുറഞ്ഞു.

രൺവീർ സിങ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, സാറാ അർജുൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. കറാച്ചിയിലെ അധോലോക സംഘത്തിലേക്ക് നുഴഞ്ഞുകയറുന്ന ഇന്ത്യൻ ഏജന്റിന്റെ കഥ പറയുന്ന ചിത്രം B62 സ്റ്റുഡിയോസിന്റെയും ജിയോ സ്റ്റുഡിയോസിന്റെയും ബാനറിൽ ആദിത്യ ധർ, ലോകേഷ് ധർ, ജ്യോതി ദേശ്പാണ്ഡെ എന്നിവർ ചേർന്നാണ് നിർമിച്ചത്. 2025 ഡിസംബറിൽ പുറത്തിറങ്ങിയ ആദ്യഭാഗത്തിന്റെ തുടർച്ചയായ ‘ധുരന്ധർ: ദി റിവഞ്ച്’ ഈ വർഷം മാർച്ച് 19നാണ് തിയേറ്ററുകളിലെത്തിയത്.

Ranveer Singh’s Dhurandhar: The Revenge is set for its television premiere on October 18, but the TV version has been shortened by around 10 minutes. The film reportedly received 45–50 cuts, mainly to violent and graphic scenes, before getting a U/A 16+ certificate for television.