ഒക്ടോബർ 30ന് ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ദിൽജിത് ദോസാഞ്ജിന്റെ സംഗീതനിശയ്ക്ക് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ. രണ്ടായിരത്തോളം സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നാണ് വിവരം. തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയോഗിക്കാനും അധിക പാർക്കിങ് സൗകര്യങ്ങൾ ഒരുക്കാനും കാബ് അഗ്രഗേറ്റർമാരുമായി ഏകോപനം നടത്താനും സംഘാടകർക്ക് നിർദേശം നൽകിയിട്ടുണ്ട്.
സുരക്ഷാ ആശങ്കകളും, ക്രമസമാധാന ചുമതലകളും ചൂണ്ടിക്കാട്ടി ദിൽജിത് ദോസാഞ്ജിന്റെ സംഗീതനിശയ്ക്ക് അനുമതി നൽകുന്നത് ഡൽഹി പൊലീസ് ആദ്യം തടഞ്ഞിരുന്നു. എന്നാൽ പൊലീസും സംഘാടകരും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിൽ പരിപാടിക്ക് അനുമതി ലഭിക്കുകയായിരുന്നു. ഇതോടെയാണ് ദിൽജിത്തിന്റെ ‘ഓറ ഇന്ത്യ ടൂർ’ ആരംഭിച്ചിരിക്കുന്നത്.
ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട് പ്രകാരം, ദിൽജിത് ദോസാഞ്ജിന്റെ ഡൽഹി സംഗീതനിശയ്ക്ക് ആദ്യം നിശ്ചയിച്ചതിനേക്കാൾ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. 400 സ്വകാര്യ സുരക്ഷാ ജീവനക്കാരെ നിയോഗിക്കാനാണ് സംഘാടകർ പദ്ധതിയിട്ടിരുന്നത്. എന്നാൽ 1,500 മുതൽ 2,000 വരെ പേരെ നിയോഗിക്കാനാണ് ഡൽഹി പൊലീസിന്റെ നിർദേശം. ഏകദേശം 55,000 പേർക്ക് പ്രവേശിക്കാവുന്ന ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പ്രതീക്ഷിക്കുന്ന വൻ ജനത്തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് അധിക സുരക്ഷാ ക്രമീകരണങ്ങൾ.
ക്യൂ നിയന്ത്രിക്കുക, ആരാധകരെ ശരിയായ പ്രവേശന കവാടങ്ങളിലേക്ക് നയിക്കുക, ഹെൽപ് കിയോസ്കുകളിൽ സഹായം നൽകുക, വേദിക്ക് പരിസരത്തെ കാൽനടയാത്ര ക്രമീകരിക്കുക തുടങ്ങിയ ചുമതലകൾ സുരക്ഷാ ജീവനക്കാർ നിർവഹിക്കും. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വാഹനങ്ങളുടെ പിക്കപ്പ്, ഡ്രോപ്പ് സൗകര്യങ്ങൾ സുഗമമാക്കുന്നതിനുമായി സമീപപ്രദേശങ്ങളിൽ കൂടുതൽ പാർക്കിങ് സൗകര്യങ്ങൾ ഒരുക്കാനും സംഘാടകർക്ക് നിർദേശം നൽകിയിട്ടുണ്ട്.
സ്റ്റേഡിയത്തിന് പരിസരത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വേദിയുടെ 500 മുതൽ 700 മീറ്റർ വരെ ചുറ്റളവിൽ വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്താനാണ് പൊലീസിന്റെ നീക്കം. അതേസമയം, ആരാധകരോട് കൂടുതൽ അടുത്തെത്താനും അവരുമായി സംവദിക്കാനും കഴിയുന്ന വിധത്തിൽ ദിൽജിത്തിന്റെ പ്രകടനത്തിനുള്ള റാംപ് നീട്ടുന്നതും സംഘാടകർ പരിഗണിക്കുന്നുണ്ട്. എന്നാൽ, നിർദേശത്തിന് അന്തിമ സുരക്ഷാ അനുമതി ലഭിച്ചിട്ടില്ല.
ഒക്ടോബർ 30-ന് നടക്കാനിരുന്ന സംഗീത പരിപാടിക്ക് അനുമതി നൽകാനാവില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് ദിൽജിത്ത് ദൊസാഞ്ജിന്റെ സംഗീത പരിപാടി അനിശ്ചിതത്വത്തിലായത്. വിവിധ സുരക്ഷാ, ക്രമസമാധാന ചുമതലകൾക്കൊപ്പം പ്രത്യേക ഭീഷണി സംബന്ധിച്ച വിവരങ്ങളും കണക്കിലെടുത്താണ് തീരുമാനമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് സംഘാടകർ ഡൽഹി പൊലീസുമായി കൂടിക്കാഴ്ച നടത്തി, പൊലീസ് ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുന്നതിനായി പുതുക്കിയ സുരക്ഷാ പദ്ധതിയും സംഘാടകർ സമർപ്പിച്ചു.
Diljit Dosanjh’s October 30 concert at Delhi’s Jawaharlal Nehru Stadium will have enhanced security, with 1,500 to 2,000 private guards expected. Police have advised traffic restrictions within 500–700 metres of the venue, additional parking and coordination with cab services. The concert received clearance after organisers submitted a revised security plan.