Entertainment News

ധൈര്യമായി വിളിച്ചോളൂ, 'മോഹന്‍ലാല്‍വുഡ്'; 58 മണിക്കൂറില്‍, ദൃശ്യം 100 കോടി

റിലീസിനു ശേഷമുള്ള ആദ്യ അവധി ദിനമായ ഇന്നലെ (ശനി) 13.70 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍

Entertainment Desk

ബോക്സ്ഓഫീസില്‍ 'ദൃശ്യം 3' കൊടുങ്കാറ്റാകുന്നു. കുടുംബപ്രേക്ഷകരുടെ പിന്തുണയാണ് ചിത്രത്തെ വലിയ വിജയമാക്കിയത്. 58 മണിക്കൂര്‍ കൊണ്ട് ചിത്രം 100 കോടി ക്ലബില്‍ ഇടംപിടിച്ചു. വ്യാഴാഴ്ചയാണ് ചിത്രം വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത് മൂന്നാം ദിനം മോഹന്‍ലാല്‍ 100 കോടി കളക്ഷന്‍ സ്വന്തമാക്കിയെന്ന് പ്രേക്ഷകരെ അറിയിച്ചു.

റിലീസിനു ശേഷമുള്ള ആദ്യ അവധി ദിനമായ ഇന്നലെ (ശനി) 13.70 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. വെള്ളിയാഴ്ച പ്രവൃത്തിദിനം ആയിട്ടുകൂടി ഇന്ത്യ നെറ്റ് കളക്ഷന്‍ 11.05 കോടിയായി. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 110 കോടിയിലേക്ക് എത്തിയെന്നാണ് സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരള ബോക്സ്ഓഫീസില്‍ നിന്ന് മാത്രമായി 40 കോടിയോളം കളക്ട് ചെയ്തിട്ടുണ്ട്.

100 കോടി നേട്ടം കൈവരിക്കുന്ന മോഹന്‍ലാലിന്റെ അഞ്ചാമത്തെ സിനിമയാണിത്. പുലിമുരുഗന്‍, ലൂസിഫര്‍, എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങളാണ് നേരത്തെ ഈ നേട്ടം കൈവരിച്ചത്. ഏറ്റവും കൂടുതല്‍ 100 കോടി ചിത്രങ്ങളുള്ള താരവും മോഹന്‍ലാല്‍ തന്നെ.

ദൃശ്യം 3 യുടെ ആദ്യദിന വേള്‍ഡ് വൈഡ് കളക്ഷന്‍ 43.27 കോടിയാണ്. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ 35 കോടിയാണ് ദൃശ്യം 3 നേടിയത്. ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രമായി 5,506 ഷോകളില്‍ നിന്ന് 15.85 കോടി സ്വന്തമാക്കി. മലയാളം പതിപ്പ് 3,503 ഷോകളില്‍ നിന്ന് 13.70 കോടി കരസ്ഥമാക്കി. തെലുങ്ക് പതിപ്പ് 1.50 കോടി നേടിയപ്പോള്‍ തമിഴില്‍ 45 ലക്ഷവും കന്നഡ 20 ലക്ഷവുമാണ് സ്വന്തമാക്കിയത്.

അതേസമയം ദൃശ്യത്തിനു നാലാം ഭാഗമുണ്ടാകുമെന്ന സൂചന പ്രേക്ഷകരെ വലിയ ആകാംക്ഷയില്‍ എത്തിച്ചിരിക്കുകയാണ്. മൂന്നാം ഭാഗത്തോടെ ദൃശ്യം ഫ്രാഞ്ചൈസിനു അവസാനമായേക്കുമെന്നാണ് പ്രേക്ഷകര്‍ കരുതിയിരുന്നത്. എന്നാല്‍ നാലാം ഭാഗത്തിനുള്ള സൂചന നല്‍കിയാണ് ദൃശ്യം 3 അവസാനിക്കുന്നത്.

English Summary: The blockbuster wave of Drishyam 3 continues at the box office, driven strongly by overwhelming family audience support. The film has now entered the prestigious ₹100 crore club within just 58 hours of release.

Released worldwide on Thursday, the movie achieved the massive milestone by its third day in theatres. Mohanlal himself shared the success update with audiences, confirming that the film had crossed ₹100 crore in global collections.