Entertainment News

'ഒരേയൊരു രാജാവ്'; 'ദൃശ്യ'വിസ്മയത്തിനു പ്രേക്ഷകരുടെ '200 കോടി' സ്‌നേഹം

റിലീസ് ചെയ്ത് ഏഴ് ദിവസം കൊണ്ടാണ് 'ദൃശ്യം 3' 200 കോടി ക്ലബിൽ ഇടംപിടിച്ചത്

Entertainment Desk

ബോക്‌സ്ഓഫീസിൽ തനിക്കു വട്ടംവയ്ക്കാൻ ആരുമില്ലെന്ന് ഒരിക്കൽ കൂടി ഉറപ്പിച്ച് മോഹൻലാൽ. ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ദൃശ്യം 3' ആഗോള ബോക്‌സ്ഓഫീസ് കളക്ഷനിൽ 200 കോടി പിന്നിട്ടു. മോഹൻലാൽ തന്നെയാണ് ഈ സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.

റിലീസ് ചെയ്ത് ഏഴ് ദിവസം കൊണ്ടാണ് 'ദൃശ്യം 3' 200 കോടി ക്ലബിൽ ഇടംപിടിച്ചത്. റിലീസിനു ശേഷമുള്ള ആദ്യ ബുധനാഴ്ചയായ ഇന്നലെ 6.65 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷൻ. തൊട്ടുമുൻപത്തെ ദിവസത്തേക്കാൾ 2.23 ശതമാനം കളക്ഷൻ വർധിച്ചു. പ്രവൃത്തിദിനങ്ങളിലും ചിത്രത്തിനു കുടുംബപ്രേക്ഷകരിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

റിലീസ് ചെയ്ത് ഏഴാം ദിനം 4,721 ഷോകളാണ് ഇന്ത്യയിൽ മാത്രം നടന്നത്. ആകെ ഇന്ത്യ നെറ്റ് കളക്ഷൻ 75.30 കോടിയായി. ബുധനാഴ്ച മാത്രം ഓവർസീസ് കളക്ഷൻ അഞ്ച് കോടിക്കു മുകളിലാണ്. ആകെ ഓവർസീസ് കളക്ഷൻ 95.70 കോടിയായി. ഏഴാം ദിവസം തെലുങ്ക് പതിപ്പിനു 50 ലക്ഷവും തമിഴ് പതിപ്പിനു 20 ലക്ഷവും കളക്ട് ചെയ്യാൻ സാധിച്ചു.

''മൂന്ന് സിനിമകൾ, മൂന്ന് അധ്യായങ്ങൾ. തകർക്കാനാവാത്ത ബന്ധം. ജോർജ്ജുകുട്ടിക്കും കുടുംബത്തിനുമൊപ്പം നടക്കുന്നതിനു നന്ദി,'' 200 കോടി നേട്ടം പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചു.

അതേസമയം, നാലാം ഭാഗമുണ്ടാകുമെന്ന സൂചന നൽകിയാണ് ദൃശ്യം 3 അവസാനിക്കുന്നത്. മൂന്നാം ഭാഗത്തോടെ ദൃശ്യം ഫ്രാഞ്ചൈസിനു അവസാനമാകുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ. എന്നാൽ മൂന്നാം ഭാഗത്തിന്റെ അവസാനം നാലാം ഭാഗത്തിലേക്കുള്ള സാധ്യതയും അണിയറപ്രവർത്തകർ നൽകുന്നുണ്ട്.

ദൃശ്യം ആദ്യഭാഗം ബോക്‌സ്ഓഫീസിൽ 60 കോടി കളക്ട് ചെയ്തിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടാം ഭാഗം ഒടിടി പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്തത്.

English Summary: Mohanlal once again proved that he remains unmatched at the box office. Directed by Jeethu Joseph, Drishyam 3 has crossed the ₹200 crore mark in global box office collections. Mohanlal himself shared the happy news with fans through social media. The film entered the ₹200 crore club within just seven days of its release. On its first Wednesday after release, the movie recorded an India net collection of ₹6.65 crore.