Entertainment News

കുറ്റബോധം ഒരു നരകമാണ്, ജോര്‍ജുകുട്ടി ഒരുപാട് മാറി: മോഹൻലാൽ

‘ദൃശ്യം 3’യിലെ ജോർജുകുട്ടിയുടെ മാറ്റങ്ങളെ കുറിച്ച് മോഹൻലാൽ

Entertainment Desk

'ദൃശ്യം 3' യിലെ ജോർജുകുട്ടിയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി മോഹൻലാൽ. പ്രായാധിക്യം അടക്കം ഒരുപാട് മാറ്റങ്ങളുമായാണ് ആ കഥാപത്രം എത്തുന്നത്. അദ്ദേഹത്തിൽ ഇന്നൊരു ഭയമുണ്ട് എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. സിനിമയുടെ പ്രചാരണാർഥം നടന്ന പരിപാടിക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മോഹൻലാലിന്റെ വാക്കുകൾ:

ജോർജുകുട്ടി കുറച്ചുകൂടെ മാറ്റം സംഭവിച്ച്, മറ്റൊരു വ്യക്തിയായി ആയി മാറിയിരിക്കുകയാണ്. അതായത്, ആ കഥാപാത്രം നിലവിൽ കുറച്ചധികം ഫിലോസഫിക്കലാണ്. ഞാൻ ഇപ്പോൾ പറഞ്ഞതിൽ അതിന്റെ അർഥമുണ്ട്. കഥാപാത്രത്തെ കുറിച്ച് അത്തരത്തിൽ ചിന്തിച്ചു മനസിലാക്കണം. ഒരു വ്യക്തിയെ സംബന്ധിച്ച് കുറ്റബോധം ഒരു നരകമാണ്. എന്നെങ്കിലും ഒരു ദിവസം പിടിക്കപ്പെടാമെന്ന ഭീതിയിൽ ജീവിക്കുന്നൊരാളാണ് ജോർജുകുട്ടി. അദ്ദേഹത്തിന് തീർച്ചയായും ഭയമുണ്ടാവും. കാരണം, അദ്ദേഹത്തിന്റെ പ്രായം മാറി, കുട്ടികൾ വളർന്നു, അവർക്കൊരു ജീവിതം ഉണ്ടാകണം, ഭാര്യയുണ്ട്. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ ജോർജുകുട്ടിക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് നമുക്ക് 21ന് കാണാം.

മെയ് 21ന് മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ആഗോളതലത്തിൽ റിലീസ് ആവുകയാണ് 'ദൃശ്യം 3'. ത്രില്ലർ ശൈലിയിൽ മലയാള സിനിമയിൽ ബെഞ്ച് മാർക്ക് സൃഷ്ടിച്ച ചിത്രമാണ് ദൃശ്യം ഫ്രാഞ്ചൈസി. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലേക്ക് ചിത്രം റീമേക്കായും എത്തിയ ചിത്രത്തിന് ആഗോളതലത്തിലും ആരാധകരുണ്ട്. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ, കലാഭവൻ ഷാജോൺ, മുരളി ഗോപി എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

English Summary: Actor Mohanlal opened up about the evolution of Georgekutty’s character in the upcoming film. He revealed that the character has become more philosophical, emotionally burdened, and fearful due to guilt, aging, and family responsibilities. The film is set for a worldwide release on May 21, coinciding with Mohanlal’s birthday.