താൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ‘സൂപ്പർ ശരണ്യ’ കാണുമ്പോഴാണ് ഏറ്റവും വലിയ നിരാശ തോന്നാറുള്ളതെന്ന് വെളിപ്പെടുത്തി സംവിധായകൻ ഗിരീഷ് എ ഡി. ഓരോ തവണയുംതാൻ സംവിധാനം ചെയ്ത ചിത്രങ്ങൾ കാണുമ്പോഴും, ഇതിലും മികച്ച രീതിയിൽ എഴുതാമായിരുന്നുവെന്നോ മറ്റൊരു രീതിയിൽ ചെയ്യാമായിരുന്നുവെന്നോ തോന്നാറുണ്ട്. അതുകകൊണ്ടുതന്നെ താൻ സംവിധാനം ചെയ്ത സിനിമകൾ വീണ്ടും കാണാൻ പലപ്പോഴും സാധിക്കാറില്ലെന്നും തന്റെ സിനിമകളിൽ ‘സൂപ്പർ ശരണ്യ’ കാണുന്നതാണ് ഏറ്റവും ബുദ്ധിമുട്ടെന്നും ഗിരീഷ് വ്യക്തമാക്കി. ‘ദ ഹോളിവുഡ് റിപ്പോർട്ടർ’ക്ക് നൽകിയ അഭിമുഖത്തിലാണ് സ്വന്തം സിനിമകളെക്കുറിച്ചുള്ള വിലയിരുത്തൽ ഗിരീഷ് എ ഡി പങ്കുവെച്ചത്.
"സൂപ്പർ ശരണ്യ എനിക്ക് കണ്ടിരിക്കാൻ പറ്റില്ല. ബാക്കി എല്ലാ പടങ്ങളും കണ്ടിരിക്കാം, പക്ഷേ ഇതുമാത്രം പറ്റില്ല. ആ സിനിമയുടെ റൈറ്റിങ്ങിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സ്ക്രിപ്റ്റ് റിവ്യൂ ചെയ്തിരുന്നില്ല. കോവിഡ് കാലത്തെ ബുദ്ധിമുട്ടുകൾക്കിടയിൽ എടിപിടിയായി ഷൂട്ട് ചെയ്ത പടമാണ് അത്. അതിന്റേതായ എല്ലാ പ്രശ്നങ്ങളും ആ സിനിമയ്ക്കുണ്ട്," ഗിരീഷ് എ ഡി പറഞ്ഞു.
ചിത്രത്തിൽ കോമഡി സീനുകൾ ധാരാളമുണ്ടെങ്കിലും ഒരു സംവിധായകനെന്ന നിലയിൽ അത് തനിക്ക് സംതൃപ്തി നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നല്ല പൊട്ടൻഷ്യൽ ഉള്ള കഥയായിരുന്നിട്ടും, അത് വിചാരിച്ച രീതിയിൽ ചെയ്യാൻ സാധിച്ചില്ലെന്ന തിരിച്ചറിവ്, വലിയൊരു നിരാശയായി ഇപ്പോഴും കൂടെയുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ തുറന്നുപറഞ്ഞു.
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം 2022ല്‍ ഗിരീഷ് എ ഡി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു 'സൂപ്പർ ശരണ്യ'. അനശ്വര രാജൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ അർജുൻ അശോകൻ, മമിത ബൈജു, നസ്ലിൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. തിയേറ്ററുകളിൽ വലിയ സാമ്പത്തിക വിജയം നേടുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത ചിത്രമായിരുന്നു ഇത്. എങ്കിലും നിർമാണ സമയത്തെ പ്രതിസന്ധികളും സ്ക്രിപ്റ്റിലെ പോരായ്മകളുമാണ് ചിത്രത്തോടുള്ള ഈ നിരാശയ്ക്ക് പിന്നിലെ പ്രധാന കാരണമായി സംവിധായകൻ ചൂണ്ടിക്കാണിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്ന കാലത്താണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയതെന്ന് ഗിരീഷ് എ ഡി പറഞ്ഞു. തിയേറ്ററുകളിൽ ചിരി പടർത്തിയെങ്കിലും, തിരക്കഥയിലും മേക്കിങ്ങിലും കൂടുതൽ ശ്രദ്ധ ചെലുത്താമായിരുന്നുവെന്ന തോന്നൽ ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തനിക്ക് ഏറ്റവും സന്തോഷം നൽകുന്ന രംഗം ‘പ്രേമലു’വിലേതാണെന്നും ഗിരീഷ് പറഞ്ഞു. കാർ ചേസിനിടെ നായിക പ്രണയം തുറന്നുപറയുന്ന രംഗമാണ് തന്റെ ഏറ്റവും പ്രിയപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Director Girish A.D. says ‘Super Sharanya’ is the one film from his career that he finds difficult to watch, despite its success in theatres. He believes the script had several shortcomings due to the rushed production during the COVID period and feels the film did not reach its full potential.