Entertainment News

സൂപ്പർഹീറോ കാലം കഴിഞ്ഞു, ഇനി 'ഫാന്റസിയുടെ' നാളുകൾ; ഹോളിവുഡിനെ പിടിച്ചുലയ്ക്കുന്ന പുതിയ പ്രതിസന്ധി

സിനിമാലോകത്ത് പുതിയൊരു പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ് 'ഫാന്റസി തളർച്ച'

Madism Desk

സിനിമയിൽ ഒരു ഡ്രാഗൺ പ്രത്യക്ഷപ്പെടുന്നത് ശ്വാസമടക്കിപ്പിടിച്ച് കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്നത് വെറുമൊരു കലണ്ടർ ഓർമ്മപ്പെടുത്തൽ പോലെ പതിവായി മാറിയിരിക്കുന്നു. പുതിയൊരു രാജ്യം, പുതിയൊരു പ്രവചനം, ലോകത്തെ രക്ഷിക്കാൻ ജനിച്ച ഒരു നായകൻ , ഇതിനൊപ്പം കഥാപാത്രങ്ങളുടെ സങ്കീർണ്ണമായ കുടുംബബന്ധങ്ങൾ മനസ്സിലാക്കാൻ ഗൂഗിളിൽ തിരയേണ്ട അവസ്ഥയിലാണ് ഇന്ന് പ്രേക്ഷകർ. കഴിഞ്ഞ പത്തതിലധികം വർഷങ്ങളായി ഹോളിവുഡ് നിർമ്മാതാക്കൾ സൂപ്പർഹീറോ, ഫാന്റസി കഥകളെ ഒരു അൺലിമിറ്റഡ് ബുഫെ പോലെയാണ് പ്രേക്ഷകർക്ക് മുന്നിൽ വിളമ്പിയത്. ഒരിക്കൽ ഇഷ്ടപ്പെട്ടത് എന്നും ഇഷ്ടപ്പെടുമെന്ന അവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് സിനിമാലോകത്ത് പുതിയൊരു പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ് 'ഫാന്റസി തളർച്ച' അഥവാ ഫാന്റസി ഫറ്റീഗ്.

ഒരു കാലത്ത് മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് തരംഗമായത് അതിലെ അമാനുഷിക ശക്തികൾ കൊണ്ടല്ല, മറിച്ച് കഥാപാത്രങ്ങളുടെ വൈകാരിക പശ്ചാത്തലം കൊണ്ടായിരുന്നു. ഇരുമ്പ് കവചത്തിനുള്ളിലും ഉത്കണ്ഠ നിറഞ്ഞ മനസ്സുള്ള ടോണി സ്റ്റാർക്കും, എല്ലാം നഷ്ടപ്പെട്ട തോറുമെല്ലാം പ്രേക്ഷകരുമായി പെട്ടെന്ന് അടുത്തു. എന്നാൽ 'അവഞ്ചേഴ്സ്; എൻഡ്ഗെയിം' എന്ന വമ്പൻ വിജയത്തിന് ശേഷം മാർവലിന്റെ കഥ മാറി.

ഓരോ സിനിമയും സീരീസും അടുത്ത ചിത്രത്തിലേക്കുള്ള വെറുമൊരു പരസ്യം മാത്രമായി ചുരുങ്ങി. സ്പൈഡർമാൻ ചിത്രങ്ങൾ മാത്രമാണ് ഇതിനൊരു അപവാദമായി നിന്നത്. കഥ പറയുന്നതിനേക്കാൾ വലിയൊരു സാമ്രാജ്യം നിലനിർത്താനാണ് സ്റ്റുഡിയോകൾ ശ്രമിക്കുന്നത് .

മാർവൽ അമിതമായി സിനിമകൾ നിർമ്മിച്ച് പരാജയപ്പെട്ടപ്പോൾ, കൃത്യമായൊരു ലക്ഷ്യമില്ലാതെയാണ് ഡിസി യൂണിവേഴ്‌സ് മുന്നോട്ട് പോയത്. ഒരു ചിത്രം കടുത്ത ഗൗരവമുള്ളതാണെങ്കിൽ അടുത്തത് വെറുമൊരു കോമഡിയായി മാറി. ഈ സൂപ്പർഹീറോ തരംഗം കുറഞ്ഞപ്പോഴാണ് ഹോളിവുഡ് 'ഗെയിം ഓഫ് ത്രോൺസ്' സൃഷ്ടിച്ച വഴിയിലൂടെ ഫാന്റസി ലോകത്തേക്ക് തിരിഞ്ഞത്. അങ്ങനെയാണ് വൻ ബഡ്ജറ്റിൽ 'ദി വിച്ചർ', 'ദി ലോർഡ് ഓഫ് ദി റിംഗ്സ്, ദി റിംഗ്സ് ഓഫ് പവർ', 'ദി വീൽ ഓഫ് ടൈം' തുടങ്ങിയ പരമ്പരകൾ ജനിക്കുന്നത്. ദൃശ്യഭംഗിയിൽ ഇവ മുന്നിട്ടുനിന്നെങ്കിലും, പ്രേക്ഷകരുമായി വൈകാരികമായൊരു ബന്ധം സ്ഥാപിക്കാൻ ഇവയ്ക്ക് കഴിഞ്ഞില്ല. വലിയ ഡ്രാഗണുകൾ ഉണ്ടായിട്ടും കഥയിൽ ആവേശം കുറഞ്ഞുപോയി

എങ്കിലും ഈ പ്രതിസന്ധിക്കിടയിലും പ്രതീക്ഷ നൽകുന്ന ചില ചിത്രങ്ങൾ വരാനുണ്ട്. മിലി ആൽ‌കോക്ക് കേന്ദ്രകഥാപാത്രമാകുന്ന പുതിയ 'സൂപ്പർഗേൾ' ചിത്രം വെറുമൊരു സിനിമാ സാമ്രാജ്യത്തിന്റെ ഭാഗമാകാതെ കഥയ്ക്ക് പ്രാധാന്യം നൽകുമെന്നാണ് സൂചന. ടോം ഹോളണ്ടിന്റെ അടുത്ത 'സ്പൈഡർമാൻ' ചിത്രവും ഡെനിസ് വില്ലെന്യൂവിന്റെ 'ഡ്യൂൺ 3' ഒക്കെ പ്രേക്ഷകർക്ക് സിനിമാറ്റിക് വിരുന്ന് സമ്മാനിക്കുമെന്ന് കരുതപ്പെടുന്നു.

Hollywood is facing a growing phenomenon known as "fantasy fatigue," as audiences show signs of exhaustion with endless superhero franchises and large-scale fantasy universes. While studios continue investing in interconnected worlds, viewers are increasingly demanding stronger storytelling and emotional depth over spectacle alone