Entertainment News

മലയാള സിനിമ മാറിത്തുടങ്ങി, സ്ത്രീ മുന്നേറ്റങ്ങള്‍ക്ക് വലിയ പങ്ക്‌: നടി ദിവ്യ പ്രഭ

നമ്മുടെ നാട്ടിൽ പലരും സിനിമയുടെ യഥാർത്ഥ ഉള്ളടക്കം മനസ്സിലാക്കാൻ ശ്രമിക്കാറില്ല. പലർക്കും സിനിമ വെറുമൊരു വിനോദ ഉപാധി മാത്രമാണ്.

Entertainment Desk

മലയാള സിനിമയിലെ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചെന്നും, സിനിമ മേഖലയിലുണ്ടായ സ്ത്രീ മുന്നേറ്റങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇവിടുത്തെ പ്രവർത്തനരീതിയെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്നും നടി ദിവ്യ പ്രഭ. സിനിമയെ വെറും വിനോദ ഉപാധിയായി മാത്രം കാണാതെ, അതിന്റെ ഉള്ളടക്കത്തെയും രാഷ്ട്രീയത്തെയും ഉൾക്കൊള്ളുന്ന പ്രേക്ഷകർ വർധിച്ചുവരുന്നത് നല്ല കാര്യമാണെന്നും ദിവ്യ പ്രഭ പറഞ്ഞു. വനിത ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് സിനിമ മേഖലയിലുണ്ടായ ഈ മാറ്റങ്ങളെക്കുറിച്ച് ദിവ്യ പ്രഭ മനസ്സുതുറന്നത്.

ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ സംവിധായകന്റെ ഉദ്ദേശ്യശുദ്ധിക്കും പ്രൊഫഷണലിസത്തിനുമാണ് താൻ മുൻഗണന നൽകുന്നതെന്ന് അവർ വ്യക്തമാക്കി. മലയാള സിനിമയിലുണ്ടായ സ്ത്രീ മുന്നേറ്റങ്ങളും തൊഴിലിടങ്ങളിലെ സമീപനങ്ങളിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന പല അസ്വസ്ഥതകളും ഇപ്പോൾ ഇൻഡസ്ട്രിയിലില്ലെന്നും, കാര്യങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും ദിവ്യ പ്രഭ ചൂണ്ടിക്കാട്ടി.

ഓൾ വി ഇമേജിൻ ഏസ് ലൈറ്റ് എന്ന സിനിമയിലെ ഇന്റിമസി രം​ഗങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് ദിവ്യ പ്രഭ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മറ്റൊരു സംവിധായകനോ കഥയോ ആയിരുന്നെങ്കിൽ ഇത്തരമൊരു വേഷം ചെയ്യാനുള്ള ധൈര്യം തനിക്ക് ലഭിക്കുമായിരുന്നില്ലെന്നും അവർ പറഞ്ഞു.

"നമ്മുടെ നാട്ടിൽ സിനിമകളിൽ ഇന്റിമസി രം​ഗങ്ങൾ ചെയ്യുമ്പോൾ ഇന്റിമസി കോർഡിനേറ്റർമാർ ഉണ്ടാകാറില്ല. എന്നാൽ ഈ ചിത്രത്തിൽ വ്യക്തമായ ഒരു എഗ്രിമെന്റ് തയ്യാറാക്കുകയും ഇന്റിമസി കോർഡിനേറ്ററുടെ സേവനം ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരമൊരു കഥാപാത്രത്തെ എത്രത്തോളം സൂക്ഷ്മതയോടെയാകും അവർ കൈകാര്യം ചെയ്യുക എന്നതിലുള്ള ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. അത്രയ്ക്കും പ്രൊഫഷണലായിട്ടാണ് ആ സിനിമ പൂർത്തിയാക്കിയത്," ദിവ്യ പ്രഭ പറഞ്ഞു.

ചിത്രം റിലീസാകുമ്പോൾ പലർക്കും അത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാകുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും നടി ചൂണ്ടിക്കാട്ടി. നമ്മുടെ നാട്ടിൽ പലരും സിനിമയുടെ യഥാർത്ഥ ഉള്ളടക്കം മനസ്സിലാക്കാൻ ശ്രമിക്കാറില്ലെന്നും പലർക്കും സിനിമ വെറുമൊരു വിനോദ ഉപാധി മാത്രമാണെന്നും അവർ പറഞ്ഞു. എങ്കിലും ചിത്രത്തെ അതിന്റെ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കിയവർ അതിനെ ഉൾക്കൊള്ളാൻ ശ്രമിച്ചിട്ടുണ്ട്. പണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഇതിലും മോശമായ പ്രതികരണങ്ങൾ നേരിടേണ്ടി വന്നേനെയെന്നും, എന്നാൽ ഇന്ന് ഭൂരിഭാഗം പേരും കലയെ കലയായി തന്നെ കാണുന്നവരാണെന്നും താരം കൂട്ടിച്ചേർത്തു.

English Summary: Divya Prabha on the Evolving Landscape of Malayalam Cinema. In a recent interview with Vanitha Online, actress Divya Prabha highlighted the significant transformations occurring within the Malayalam film industry. She emphasized that the industry's operational dynamics have been profoundly influenced by progressive movements.

Divya Prabha expressed optimism regarding the changing profile of the audience, noting that viewers today are increasingly looking beyond cinema as a mere medium of entertainment. Instead, there is a growing and positive trend of audiences actively engaging with and valuing the underlying content and political resonance of the films they watch.