Entertainment News

'നാല് ക്ലാസ് കൂടി പഠിച്ചാൽ അഹങ്കാരിയായേനെ, അറിവുള്ള ആളുകളോട് അടുക്കാൻ പേടിയാണ്'; മനസ്സ് തുറന്ന് ഇന്ദ്രൻസ്

ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നാണ് ഇന്ദ്രൻസിന്റെ പക്ഷം

Entertainment Desk

കഥാവശേഷൻ എന്ന ചിത്രത്തിന് ശേഷമാണ് തന്നിലെ നടനെ ആളുകൾ വേറൊരു കണ്ണിലൂടെ കണ്ടുതുടങ്ങിയതെന്ന് നടൻ ഇന്ദ്രൻസ്. അത്തരം കഥാപാത്രങ്ങളാണ് കരിയറിൽ വലിയൊരു മാറ്റമുണ്ടാക്കിയതെന്നും അത് തനിക്കൊരു വലിയ ധൈര്യം തന്നുവെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ മനസ്സുതുറന്നത് ഇന്ദ്രൻസ്.

"മരണ വീട്ടിലായാലും ആളുകള്‍ എന്നെ കണ്ടാല്‍ ചിരിക്കും എന്ന പേടി മാറ്റിയ സിനിമയായിരുന്നു കഥാവശേഷന്‍. പിന്നെയുള്ള ഒരു മാറ്റം എന്ന് പറയുന്നത്, സ്വഭാവികമായും നമ്മൾ ചെന്ന് പെടുന്ന ഇടം തന്നെയാണ്. സംവിധായകരാണ് എങ്ങനെയൊക്കെയോ നമുക്കാ ഷിഫ്റ്റ് ഒക്കെ ഉണ്ടാക്കി തരുന്നത്. അല്ലാതെ ബോധപൂർവം ഒന്നും ചെയ്യുന്നില്ല. മനസ് കൊടുക്കുക എന്നത് മാത്രമേ ചെയ്യാനുള്ളൂ," ഇന്ദ്രൻസ് വ്യക്തമാക്കി.

സിനിമയിലെ തുടക്കകാലത്തെ അനുഭവങ്ങളും താമസസൗകര്യങ്ങളിലെ മാറ്റങ്ങളും തന്നിലുണ്ടാക്കിയ പേടിയെക്കുറിച്ചും താരം ഓർത്തെടുത്തു. ആദ്യകാലത്ത് താമസിച്ചിരുന്ന കുഞ്ഞു തയ്യൽ മുറിയിൽ നിന്നും പിന്നീട് ലഭിച്ച വലിയ ഹോട്ടൽ മുറികളിലേക്ക് മാറിയപ്പോൾ അത് ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു. ആ മുറിയുടെ സൗകര്യങ്ങൾക്കൊത്ത് ഉയരാൻ തനിക്ക് കഴിയില്ലെന്ന പേടിയായിരുന്നു ഉള്ളിൽ. ഷൂട്ടിങിനായി യാത്ര ചെയ്യുമ്പോൾ നിർമാതാക്കൾ എസി ടിക്കറ്റുകൾ എടുത്തുനൽകാറുണ്ടെങ്കിലും, ടിക്കറ്റ് താൻ തന്നെ എടുത്തോളാമെന്ന് പറഞ്ഞ് ജനറൽ കോച്ചിൽ കയറി യാത്ര ചെയ്യുന്ന ശീലത്തെക്കുറിച്ചും താരം പറഞ്ഞു. ജനറൽ ടിക്കറ്റെടുക്കുമ്പോൾ കിട്ടുന്ന പണത്തിന്റെ ലാഭത്തേക്കാൾ, ആഢംബര സൗകര്യങ്ങൾ ആവശ്യപ്പെടാത്തത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വലിയ അറിവുള്ള വ്യക്തികളോട് അടുക്കാനുള്ള ബുദ്ധിമുട്ടും ഇന്ദ്രൻസ് അഭിമുഖത്തിൽ പങ്കുവെച്ചു. വലിയ മഹത്തായ വ്യക്തികളെന്ന് കരുതുന്ന പലരുമായി അടുക്കുമ്പോൾ മനസിൽ വിചാരിച്ച ആളുകളായിരിക്കില്ല അവർ എന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അത്തരം ആളുകളെ അകലെ നിന്ന് കാണാനാണ് താൻ ആഗ്രഹിക്കുന്നത്

തനിക്ക് ഇപ്പോൾ ലഭിക്കുന്ന സൗകര്യങ്ങൾ തന്നെ ആവശ്യത്തിലധികമാണ്. ഒരു നാല് ക്ലാസ് കൂടി പഠിച്ചിരുന്നെങ്കിൽ അറിയാതെ രണ്ട് ഇംഗ്ലീഷ് ഒക്കെ സംസാരിച്ച്, ആര് വന്നാലും മാറിനിൽക്കാതെ ചോദ്യങ്ങൾ ചോദിച്ചും മറുപടി പറഞ്ഞും താനൊരു അഹങ്കാരിയായി മാറിയേനെ എന്ന് തോന്നാറുണ്ടെന്നും താരം പറഞ്ഞു. തമിഴ് സിനിമകളിൽ അഭിനയിക്കാൻ പോകാത്തതും ഈ കാരണം കൊണ്ടാണ്. മലയാളം വാരികകൾ വായിച്ചുതീർക്കാൻ തന്നെ സമയം വേണമെന്നിരിക്കെ, ഇവിടെ തന്നെ ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നാണ് ഇന്ദ്രൻസിന്റെ പക്ഷം.

Malayalam actor Indrans has opened up about his career transformation, simple lifestyle and hesitation to approach highly knowledgeable people. In a recent YouTube interview, he reflected on how Kathavasheshan gave him the confidence to explore serious roles and shared why he prefers to stay grounded despite the comforts his career offers.