Entertainment News

ലോകകപ്പ് ഫൈനൽ വേദിയിൽ ചരിത്രം കുറിച്ച് സ്പീഡ്; ഡിജിറ്റൽ ലോകത്ത് നിന്ന് ഗ്ലോബൽ സ്റ്റേജിലേക്ക് ഒരു 21-കാരന്റെ അൺസ്റ്റോപ്പബിൾ യാത്ര

ഫിഫ വേൾഡ് കപ്പ് ഫൈനൽ വേദിയിൽ പെർഫോം ചെയ്യുന്ന ആദ്യത്തെ ഓൺലൈൻ സ്ട്രീമറായി ചരിത്രം സൃഷ്ടിച്ച് ഡാരൻ വാട്കിൻസ് ജൂനിയർ

Entertainment Desk

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫുട്ബോൾ ആരാധകർ ഉറ്റുനോക്കിയ ഫിഫ വേൾഡ് കപ്പ് 2026 ഫൈനൽ പോരാട്ടത്തിന് തൊട്ടുമുമ്പ് ന്യൂജേഴ്‌സിയിലെ സ്റ്റേഡിയത്തിൽ നടന്നത് കേവലം ഒരു ക്ലോസിങ് സെറിമണി മാത്രമായിരുന്നില്ല. ജസ്റ്റിൻ ബീബർ, ബിടിഎസ്, മഡോണ, ഷക്കീറ തുടങ്ങിയ ലോകോത്തര സംഗീത പ്രതിഭകൾക്കൊപ്പം, വെറും 21 വയസ്സുകാരനായ ഒരു കോണ്ടന്റ് ക്രിയേറ്റർ 82,000-ത്തിലധികം വരുന്ന കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച കാഴ്ചയാണ് ലോകം കണ്ടത്. ഇന്റർനെറ്റ് ലോകത്ത് ഐ ഷോ സ്പീഡ് എന്നറിയപ്പെടുന്ന ഡാരൻ വാട്കിൻസ് ജൂനിയർ ആണ് ഫിഫ വേൾഡ് കപ്പ് ഫൈനൽ വേദിയിൽ പെർഫോം ചെയ്യുന്ന ആദ്യത്തെ ഡിജിറ്റൽ ക്രിയേറ്റർ എന്ന വേൾഡ് റെക്കോർഡ് സ്വന്തമാക്കിയത്

ഒരു വലിയ മ്യൂസിക് ലേബലിന്റെയോ കോടികളുടെയോ പിൻബലമില്ലാതെ, സ്വന്തമായി ഒരു ചെറിയ മുറിയിലിരുന്ന് ലൈവ് സ്ട്രീമിങ് നടത്തി തുടങ്ങിയ ഒരു ജെൻ സീ പയ്യന്റെ പാട്ട് ഇന്ന് വേൾഡ് കപ്പ് ഫൈനലിന്റെ ഔദ്യോഗിക വേദി വരെ എത്തിയിരിക്കുന്നത്. സ്പീഡ് സ്വന്തമായി പുറത്തിറക്കിയ 'ചാമ്പ്യൻസ്' എന്ന ഗാനം ജൂൺ ഒന്നാനിണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ഒരു മാസത്തിനകം തന്നെ 90 മില്യണിലധികം വ്യൂസ് നേടി ഈ പാട്ട് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ പ്രിയപ്പെട്ട ആന്തമായി മാറി. പാട്ടിന്റെ വൻ പ്രചാരം കണ്ട ഫിഫ, ടൂർണമെന്റിൽ ഈ ഗാനം ഉപയോഗിക്കാനുള്ള റൈറ്റ്‌സ് സ്പീഡിൽ നിന്ന് ഔദ്യോഗികമായി സ്വന്തമാക്കുകയായിരുന്നു.

കടുത്ത ക്രിസ്റ്റ്യാനോ റൊണാൾഡോ ഫാനായ സ്പീഡ്, പോർച്ചുഗൽ ഫൈനലിൽ എത്താതെ പുറത്തായപ്പോൾ സോഷ്യൽ മീഡിയയിൽ ഒരുപാട് കളിയാക്കലുകൾ നേരിട്ടിരുന്നു. എന്നാൽ ആ വിമർശനങ്ങൾക്കൊക്കെയും ഫൈനൽ വേദിയിലെ തകർപ്പന്‍ പെർഫോമൻസിലൂടെയാണ് സ്പീഡ് മറുപടി നൽകിയത്. ബാക്ക് സ്റ്റേജിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട കെ-പോപ്പ് ബാൻഡായ ബിടിഎസ് അംഗങ്ങളെ കണ്ടപ്പോൾ ആവേശം അടക്കാനാവാതെ ബാക്ക് ഫ്ലിപ്പ് ചെയ്താണ് സ്പീഡ് സന്തോഷം പ്രകടിപ്പിച്ചത്. യൂട്യൂബിൽ 50 മില്യണിലധികം സബ്‌സ്‌ക്രൈബർമാരുള്ള സ്പീഡ്, ബാലൺ ഡി ഓർ, ചാമ്പ്യൻസ് ലീഗ് ഫൈനൽ തുടങ്ങിയ വൻകിട കായിക മാമാങ്കങ്ങളിലെല്ലാം ഇതിനോടകം തന്നെ സ്വന്തം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഫിഫ വേൾഡ് കപ്പ് ഫൈനൽ പോലെ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിൽ ഒരു കോണ്ടന്റ് ക്രിയേറ്റർ സ്വന്തം മുദ്ര പതിപ്പിച്ചത് ഡിജിറ്റൽ ലോകത്തിന് തന്നെ വലിയൊരു പ്രചോദനമാണ്.

IShowSpeed (Darren Watkins Jr.) made history by becoming the first online streamer to perform at a FIFA World Cup Final ceremony. Sharing the global stage with artists like Justin Bieber and BTS, the 21-year-old content creator marked a milestone for the digital creator community.