വിജയ് ചിത്രം ‘ജന നായകന്റെ' അനധികൃത ഓൺലൈൻ ചോർച്ചയുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സൈബർ ക്രൈം വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് അറസ്റ്റ്.ചിത്രത്തിന്റെ ഹൈ ഡെഫിനിഷൻ (HD) പ്രിന്റ് അനുമതിയില്ലാതെ വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിച്ചതിനെ തുടർന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ കൂടുതല്‍ പേർ ഉടന്‍ അറസ്റ്റിലാകുമെന്നും സൂചനയുണ്ട്.
ഏപ്രിൽ 9ന് സമൂഹ മാധ്യമങ്ങളിൽ ചിത്രത്തിലെ ദൃശ്യങ്ങളും ചിലയിടങ്ങളിൽ മുഴുവൻ ചിത്രവും പ്രത്യക്ഷപ്പെട്ടതോടെയാണ് അടിയന്തര നടപടിയിലേക്ക് പൊലീസ് കടന്നത്. തുടർന്ന് സംസ്ഥാന സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ സെന്റർ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിത, ഐ.ടി ആക്ട്, കോപ്പിറൈറ്റ് നിയമം, സിനിമാറ്റോഗ്രാഫ് ആക്ട് എന്നിവയുടെ കീഴിലാണ് കേസ് എടുത്തിരിക്കുന്നത്.
നടപടികളുടെ ഭാഗമായി ചിത്രത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെട്ട 300-ൽ അധികം ലിങ്കുകളാണ് ഇതുവരെ ബ്ലോക്ക് ചെയ്തത്. സിനിമയുടെ പൈറേറ്റഡ് പതിപ്പുകൾ ഹോസ്റ്റ് ചെയ്തിരുന്ന ലിങ്കുകളാണ് ഇതുവരെ ബ്ലോക്ക് ചെയ്തതത്. ചോർച്ചയുടെ ഉറവിടം കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘങ്ങൾക്കാണ് ചുമതലയുള്ളത്. ആദ്യഘട്ട അന്വേഷണത്തിൽ ക്ലൗഡ് സ്റ്റോറേജും ഷെയർഡ് ഡ്രൈവ് ലിങ്കുകളും ഉപയോഗിച്ചാണ് പ്രതികൾ പൈറേറ്റഡ് ഉള്ളടക്കം വ്യാപകമായി പ്രചരിപ്പിച്ചതെന്ന് കണ്ടെത്തി. അറസ്റ്റിലായവരിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും കൂടുതൽ ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
സോഷ്യൽ മീഡിയ, വെബ്‌സൈറ്റുകൾ, ഫയൽ ഷെയറിംഗ് പ്ലാറ്റ് ഫോമുകൾ എന്നിവയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പൈറേറ്റഡ് ഉള്ളടക്കം ഡൗൺലോഡ് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യുന്നവർക്ക് കർശന നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇതിനിടെ, അനധികൃത കോപ്പികൾ ഉടൻ നീക്കം ചെയ്യണമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു. ചിത്രത്തിലെ നായകനും ടിവികെ നേതാവുമായ വിജയ് ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
അതേസമയം ജനനായകന്‍റെ ചോർച്ചയെ പ്രോത്സാഹിപ്പിക്കില്ലെന്ന് തമിഴ് റോക്കേഴ്സ് പോലുള്ള ടോറൻ്റ് വെബ്‌സൈറ്റുകള്‍ പ്രതികരിച്ചിട്ടുണ്ട്. തമിഴ് സിനിമാ ലോകം വിഷയത്തില്‍ ശക്തമായ പ്രതികരണങ്ങളാണ് നടത്തിയിരിക്കുന്നത്. രജനികാന്ത്, കമല്‍ ഹാസ്സന്‍, സൂര്യ തുടങ്ങിയ സൂപ്പർതാരങ്ങളെല്ലാം സംഭവത്തെ അപലപിച്ച് രംഗത്തുവന്നിട്ടുണ്ട്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജന നായകൻ’ വാണിജ്യ-രാഷ്ട്രീയ ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്. ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ജന നായകൻ' രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായുള്ള വിജയ്‌യുടെ വിരമിക്കൽ ചിത്രം കൂടിയാണ്. പൊങ്കൽ റിലീസായി എത്താനിരുന്ന ചിത്രം, സെൻസർ ബോർഡിന്റെ ഇടപെടലുകളെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു. നിലവിൽ റിവൈസിംഗ് കമ്മിറ്റിയുടെ സർട്ടിഫിക്കേഷൻ കാത്തിരിക്കുകയാണ് ചിത്രം.
English Summary: Vijay’s film Jana Nayagan faced a piracy leak, leading to the arrest of six people and blocking of over 300 illegal links, with investigation still ongoing.