തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ ദളപതി വിജയ് നായകനായ 'ജനനായകൻ' തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ, ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനത്തെക്കുറിച്ചുള്ള ചർച്ചകളിൽ പ്രതികരിച്ച് സംവിധായകൻ എച്ച് വിനോദ്. തിയേറ്ററുകളിലെ കളക്ഷൻ കണക്കുകൾ മാത്രം അടിസ്ഥാനമാക്കി ഒരു സിനിമയുടെ യഥാർഥ മൂല്യമോ വിജയമോ വിലയിരുത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് എച്ച് വിനോദ് ഇക്കാര്യം വ്യക്തമാക്കിയത്.
"സിനിമയുടെ ചരിത്രം പരിശോധിച്ചാൽ എല്ലാ കാലത്തും ഏകദേശം 10 മുതൽ 20 ശതമാനം ചിത്രങ്ങൾക്കാണ് വമ്പൻ ബോക്സ് ഓഫീസ് വിജയം നേടാൻ കഴിഞ്ഞിട്ടുള്ളത്. വലിയ താരങ്ങളും പ്രമുഖ സംവിധായകരും ഒന്നിക്കുന്ന ചിത്രങ്ങൾ പോലും ചിലപ്പോൾ തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാറില്ല. അതുകൊണ്ട് മാത്രം ഒരു കലാകാരന്റെയോ സംവിധായകന്റെയോ കഴിവ് കുറഞ്ഞുവെന്ന് വിലയിരുത്താനാകില്ല," എന്നാണ് എച്ച്. വിനോദ് പറഞ്ഞത്.
ഏതൊരു സിനിമാപ്രവർത്തകനും ഒരു നല്ല ചിത്രം നിർമിക്കുക എന്ന ശുദ്ധമായ ലക്ഷ്യത്തോടെയാണ് രംഗത്തിറങ്ങുന്നത്. ചിലപ്പോൾ അത് ജനങ്ങൾക്കിടയിൽ വൻ വിജയമാകും. ചിലപ്പോൾ പരാജയപ്പെടും. സിനിമയിൽ ഇതൊരു സ്വാഭാവിക പ്രക്രിയ മാത്രമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
സംവിധായകൻ മണിരത്നത്തിന്റെ ചിത്രങ്ങളെയാണ് തന്റെ വാദത്തിന് ഉദാഹരണമായി എച്ച്. വിനോദ് ചൂണ്ടിക്കാട്ടിയത്. നായകൻ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ പല സിനിമകളും റിലീസ് സമയത്ത് ബോക്സ് ഓഫീസ് വിജയം നേടിയിരുന്നില്ല. എന്നാൽ വർഷങ്ങൾക്കുശേഷം റീ റിലീസുകളായി എത്തിയപ്പോൾ അതേ ചിത്രങ്ങൾ പ്രേക്ഷകർ വലിയ ആഘോഷത്തോടെയാണ് ഏറ്റെടുത്തത്. അതുകൊണ്ട് ഒരു സിനിമയുടെ ഗുണനിലവാരമോ ദീർഘകാല സ്വാധീനമോ ബോക്സ് ഓഫീസ് കളക്ഷൻ മാത്രം നോക്കി വിലയിരുത്താനാകില്ലെന്നും വിനോദ് പറഞ്ഞു.
രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുൻപുള്ള വിജയ്‌യുടെ അവസാന ചിത്രമായ 'ജനനായകൻ', തമിഴ്‌നാട്ടിൽ ആദ്യ അഞ്ച് ദിവസങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന അഞ്ചാമത്തെ തമിഴ് ചിത്രമെന്ന നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. എങ്കിലും, വിജയ്‌യുടെ മുൻ ചിത്രങ്ങളായ 'ഗോട്ട്', 'ലീയോ' എന്നിവയുടെ അഞ്ച് ദിവസത്തെ കളക്ഷൻ റെക്കോർഡുകൾ മറികടക്കാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല. ഈ ബോക്സ് ഓഫീസ് ചർച്ചകൾക്കിടയിലും പ്രോജക്ടിനൊപ്പം ഉറച്ചുനിന്നതിന് നടൻ വിജയിയോടും ചിത്രത്തിന്റെ നിർമ്മാതാക്കളോടും എച്ച്. വിനോദ് നന്ദി അറിയിക്കുകയും ചെയ്തു.
പൊങ്കല്‍ റിലീസ് ആയി എത്തേണ്ടിയിരുന്ന ചിത്രം സെന്‍സര്‍ പ്രതിസന്ധികളില്‍ കുടുങ്ങി ആറ് മാസങ്ങള്‍ക്കിപ്പുറമാണ് ഇന്നലെ തിയറ്ററുകളില്‍ എത്തിയത്. ഈ കാലയളവില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് കാര്യമായി പ്രചരിച്ചതും ബോക്‌സ് ഓഫീസ് സാധ്യതകളെ കാര്യമായി പിന്നോട്ടടിച്ചേക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് ഭയമുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച വീഴ്ച ചിത്രത്തിന് ആദ്യ ദിനം ബോക്‌സ് ഓഫീസില്‍ സംഭവിച്ചില്ല.
എച്ച്. വിനോദ് സംവിധാനം ചെയ്ത 'ജനനായകനില്‍' വെട്രി കൊണ്ടാന്‍ എന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് വിജയ് എത്തുന്നത്. തന്റെ വളര്‍ത്തുമകളായ വിജിയെ (മമിത ബൈജു) ഒരു സൈനികയാക്കി മാറ്റുമെന്ന വാക്ക് പാലിക്കാന്‍ അദ്ദേഹം നടത്തുന്ന പോരാട്ടമാണ് കഥാതന്തു. എന്നാല്‍ അവളുടെ പഴയകാല ജീവിതാനുഭവങ്ങള്‍ ഇതിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. ഇന്ത്യയില്‍ നാശം വിതയ്ക്കാന്‍ പദ്ധതിയിടുന്ന ജോണ്‍ ഹിംലര്‍ എന്ന ക്രൂരനായ വില്ലനായി ബോബി ഡിയോളും ചിത്രത്തില്‍ എത്തുന്നു. തുടര്‍ന്ന് വിജയിയുടെ കഥാപാത്രവും വില്ലനും തമ്മിലുള്ള ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
Director H. Vinoth has said that box office collections alone should not determine a film's legacy while responding to discussions around Jananayagan. He argued that many acclaimed classics gained recognition years after release and that a film's true value extends beyond its theatrical earnings.